കസ്തൂരിരംഗന്‍-ഗാഡ്ഗില്‍ റിപ്പോര്‍ട്ട്: മലയോര ജനതയുടെ ആശങ്കയകറ്റാന്‍ യു ഡി എഫിനായില്ല

കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് മലയോരമേഖലയില്‍ പുകയുന്ന ആശങ്ക മാറ്റാന്‍ കഴിയാത്ത യു ഡി എഫ് സര്‍ക്കാരിനെതിരെ തിരിഞ്ഞിരിക്കുകയാണ്. മലയോര മേഖലയുടെ ആശങ്കകള്‍ തുടച്ചു മാറ്റാന്‍ കഴിയാത്ത യു ഡി എഫിന് മലയോര മേഖലയില്‍ യു ഡി എഫിന് വന്‍ തിരിച്ചടിയ്ക്കാണ് സാധ്യത. യു ഡി എഫിനു വോട്ടു ചെയ്യാതെ പ്രതിഷേധ വോട്ടുകള്‍ ചെയ്യാനാണ് മലയോര മേഖലയുടെ തീരുമാനം. യു ഡി എഫിന്റെ മേഖലയായ കൂരാച്ചുണ്ടിലെ ഒരു വിഭാഗം ജനം വോട്ടു ബഹിഷ്‌കരിക്കാന്‍ തീരുമാനിച്ചിരിക്കയാണ്. സ്ഥലം എം പി മണ്ഡലത്തില്‍ വികസനപ്രവര്‍ത്തനങ്ങള്‍ നടത്തിയില്ലെന്നാണ് മലയോരവാസികളുടെ ആരോപണം. റോഡ് വികസനത്തെ ചൊല്ലിയുള്ള പ്രശ്‌നവും കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിനെ തുടര്‍ന്നുള്ള യു ഡി എഫ് സര്‍ക്കാരിന്റെ സമീപനവുമാണ് മലയോര മേഖലയിലെ ഒരു വിഭാഗം ജനങ്ങളെ ഇത്തരത്തിലുള്ള തീരുമാനമെടുക്കാന്‍ പ്രേരിപ്പിച്ചത്. വികസനപ്രവര്‍ത്തനങ്ങള്‍ നടത്താത്തതില്‍ പ്രതിഷേധിച്ച് കൂരാച്ചുണ്ടില്‍ എം പി യ്‌ക്കെതിരെ പോസ്റ്ററുകളും ഉയര്‍ന്നിരിക്കയാണ്.
വോട്ടു ചോദിച്ചെത്തുന്ന യു ഡി എഫ് നേതാക്കള്‍ക്ക് മുന്നില്‍ മലയോരജനത ഉയര്‍ത്തുന്നത് ഒരോയൊരു ചോദ്യം മാത്രം. സംസ്ഥാനത്തെ ജനവാസകേന്ദ്രങ്ങളായ 123 വില്ലേജുകളെ ഒഴിവാക്കിയും ആവാസ കേന്ദ്രങ്ങളില്‍ കൃഷിസ്ഥലങ്ങളും ടൗണ്‍ഷിപ്പുകളും ഉള്‍പ്പെടുത്തിയാല്‍ മാത്രമെ ഗാഡ്ഗില്‍-കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് സംസ്ഥാനത്ത് നടപ്പാക്കു എന്ന പ്രകടന പത്രികയില്‍ ഉറപ്പു നല്‍കണമെന്നാണ് ഇവര്‍ ഉന്നയിക്കുന്ന ആവശ്യങ്ങള്‍. മലയോര കര്‍ഷകരുടെ ആശങ്കകള്‍ക്ക് പരിഹാരം കണ്ടെത്താമെന്ന വാഗ്ദാനം നല്‍കിയ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി മുക്കത്ത് പ്രചരണത്തിന് ഇറങ്ങിയപ്പോള്‍ പറഞ്ഞത് മാറ്റമില്ലാത്ത വാഗ്ദാനങ്ങള്‍ തന്നെ. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി മലയോര ജനതയോടു പറയുന്നത് ശുദ്ധകളവാണെന്നും പ്രചാരണത്തിനിറങ്ങിയപ്പോഴും ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനാണ് ശ്രമിക്കുന്നതെന്നുമാണ് മലയോര ജനത പറയുന്നത്. കൂരാച്ചുണ്ട് യു ഡി എഫിന്റെ മേഖല നിശ്ചലമാണ്. മലയോര മേഖലയിലേക്ക് വോട്ടു ചോദിച്ചു വരാന്‍ യു ഡി എഫ് ഭയക്കുന്നു എന്നതിന്റെ തെളിവാണിത്. യു ഡി എഫിന്റെ പ്രചാരണത്തിന് വേണ്ടി വന്ന ഉമ്മന്‍ചാണ്ടിയും ഇന്ന് വരാനിരിക്കുന്ന കേന്ദ്ര പ്രതിരോധ മന്ത്രി ആന്റണിയും വീണ്ടും ലക്ഷ്യമിട്ടു നീങ്ങുന്നത് മലയോരജനതയ്ക്ക് നേരെയാണ്. എന്നാല്‍ നേതാക്കല്‍ എത്രമാത്രം പ്രചാരണം നടത്തിയാലും തങ്ങളുടെ സമീപനത്തില്‍ മാറ്റമില്ലെന്ന് മലയോരജനത.
വയനാട് ലോക്‌സഭ മണ്ഡലത്തിന്റെ ഭാഗമായ തിരുവമ്പാടി മേഖലയില്‍ എം ഐ ഷാനവാസ് എം പിയ്ക്ക് എതിരെ നീങ്ങിയിരിക്കുകയാണ് മലയോരവാസികള്‍. തിരുവമ്പാടിയടക്കമുള്ള മേഖലയില്‍ യാതൊരു വികസനപ്രവര്‍ത്തനങ്ങളും നടത്തിയിട്ടില്ലെന്നാണ് എം ഐ ഷാനവാസിനെതിരെ ജനങ്ങള്‍ ഉന്നയിക്കുന്ന ആരോപണം. യു ഡി എഫ് അനുകൂലമേഖലയായ തിരുവമ്പാടിയിലും കസ്തൂരിരംഗന്‍ -ഗാഡ്ഗില്‍ റിപ്പോര്‍ട്ടുകളുണ്ടാക്കിയ ചലനവും യു ഡി എഫിന് തിരിച്ചടിയാകും. മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളില്‍ എം ഐ ഷാനവാസ് എം പിയ്‌ക്കെതിരെ പോസ്റ്ററുകള്‍ ഉയര്‍ന്നിരിക്കയാണ്. കോടഞ്ചേരി മേഖലയില്‍ എം പി യുടെ ഫഌകസുകള്‍ കീറി നശിപ്പിക്കുകയും കരി ഓയില്‍ ഒഴിക്കുക തുടങ്ങി നിരവധി പ്രതിഷേധങ്ങള്‍ പ്രകടമായിട്ടുണ്ട്. ഒരു ഭാഗത്ത് വികസനപ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടില്ലെന്ന് ആരോപിക്കുമ്പോള്‍ മറുഭാഗത്ത് ഒരു എം പിയും നടത്താത്ത വികസനപ്രവര്‍ത്തനങ്ങളാണ് താന്‍ സ്വന്തം മണ്ഡലത്തില്‍ കൊണ്ടുവന്നു എന്നാണ് എം ഐ ഷാനവാസ് പറയുന്നത്. പോസ്റ്റര്‍ കീറിയതിനെതിരെ സി പി എം ആണെന്നാണ് ഷാനവാസ് ആരോപിക്കുന്നത്.
മലയോര കര്‍ഷകരുടെ ആശങ്കകള്‍ പരിഹരിക്കാമെന്ന് വാക്കു നല്‍കിയിട്ടും ചെറുവിരലനക്കാന്‍ സാധിക്കാത്ത യു ഡി എഫ് നേതൃത്വമാണ് ചോദ്യങ്ങള്‍ക്ക് മുന്നില്‍ മറുപടിയില്ലാതെ വിയര്‍ക്കുന്നത്. മലയോര കര്‍ഷകരുടെ ആശങ്കകള്‍ പരിഹരിക്കാത്ത പക്ഷം മലയോരജനത യു ഡി എഫിനു നേരെ തിരിയുമെന്നാണ് മലയോര കര്‍ഷക ആക്ഷന്‍ കമ്മിറ്റി അഭിപ്രായം. മലയോര മേഖലയിലെ 25 ശതമാനത്തോളം വരുന്ന വോട്ടുകള്‍ യു ഡി എഫിന് ലഭിക്കാന്‍ സാധ്യതയില്ല. ഗാഡ്ഗില്‍-കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടുകളെ തുടര്‍ന്നുണ്ടായ പ്രതിഷേധങ്ങളില്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ മുതലെടുപ്പ് മനസിലാക്കിയ മലയോരജനത വ്യക്തമായ കാഴ്ചപ്പാടോടെയാണ് തെരഞ്ഞെടുപ്പിനെ വീക്ഷിക്കുന്നത്. അധ്വാനശീലരും നിഷ്‌കളങ്കരുമായ മലയോര കര്‍ഷക ജനതയെ പ്രകൃതി ചൂഷകരും, രാജ്യദ്രാഹികളുമായി ചിത്രീകരിച്ച് പിറന്ന മണ്ണില്‍ നിന്ന് ആട്ടിയോടിക്കാന്‍ ഗൂഢാലോചന നടത്തുന്ന സര്‍ക്കാരും രാഷ്ട്രീയ നേതൃത്വങ്ങളും വോട്ടിനായി എന്തിന് വീടുതോറും വോട്ടിനായി കയറിയറങ്ങുന്നുവെന്നാണ് മലയോരജനതയുടെ ചോദ്യം.

Spread the love

Leave a Reply

Your email address will not be published. Required fields are marked *