ആലപ്പുഴയിൽ ഞാന്‍ ജയിച്ചാല്‍ കരിമണല്‍ കര്‍ത്തയ്ക്കും കെ സിയ്ക്കും ആരിഫിനും അഴിയെണ്ണേണ്ടി വരുമെന്ന് ശോഭാ സുരേന്ദ്രന്‍

ആലപ്പുഴ പാര്‍ലമെന്റ് മണ്ഡലത്തില്‍ നിന്ന് താന്‍ ജയിച്ച് ഒരു വലിയ പദവിയിലേക്ക് താന്‍ എത്തിയാല്‍ കരിമണല്‍ കര്‍ത്തയ്ക്കും കെ സി വേണുഗോപാലിനും എ എം ആരിഫിനും സലാമിനും അഴിയെണ്ണേണ്ടി വരുമെന്ന് എന്‍ഡിഎ സ്ഥാനാര്‍ത്ഥി ശോഭാ സുരേന്ദ്രന്‍.

തന്നെ തകര്‍ക്കാന്‍ നടത്തുന്ന ശ്രമങ്ങള്‍ അതിജീവിച്ച് മുന്നോട്ടുപോകുമെന്ന് ശോഭാ സുരേന്ദ്രന്‍ പറഞ്ഞു. ഇതിലും വലിയ പൊന്നാപുരം കോട്ടകളെ പിളര്‍ത്തി സിപിഐഎമ്മിന്റേയും കോണ്‍ഗ്രസിന്റേയും പെട്ടിയിലെ വോട്ടുകള്‍ ബിജെപി നേടിയിട്ടുണ്ടെന്നും ശോഭ കൂട്ടിച്ചേര്‍ത്തു.

ബിജെപി നേതാക്കള്‍ക്കൊപ്പം പോളിംഗ് ബൂത്തിന് പുറത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ശോഭ സുരേന്ദ്രന്‍. സിപിഐഎം വിശകലന യോഗത്തില്‍ ആരിഫ് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടെന്ന് വിലയിരുത്തല്‍ വന്നപ്പോഴാണ് അവര്‍ ഒരാളെ ഇറക്കി തന്നെ ശ്രമിക്കുന്നതെന്ന് ശോഭാ സുരേന്ദ്രന്‍ പറഞ്ഞു. ആലപ്പുഴയുടെ ചരിത്രത്തിലാദ്യമായി 48,000 കോടി രൂപയുടെ വികസന പാക്കേജാണ് താന്‍ പ്രഖ്യാപിച്ചിരിക്കുന്നതെന്നും ശോഭ പറഞ്ഞു. ഈ വികസന പാക്കേജിനെ ആലപ്പുഴയിലെ ജനങ്ങള്‍ ഏറ്റെടുക്കുമെന്ന് പ്രതീക്ഷയുണ്ടെന്നും ശോഭ സുരേന്ദ്രന്‍ ആത്മവിശ്വാസം പ്രകടിപ്പിച്ചു.

ബിജെപിയില്‍ ചേരാന്‍ ഇ പി ജയരാജനുമായി ചര്‍ച്ച നടന്നെന്ന ആരോപണം ശോഭാ സുരേന്ദ്രന്‍ ഇന്നും ആവര്‍ത്തിച്ചു. അതേസമയം തനിക്കെതിരെ ആസൂത്രിത ഗൂഡാലോചന നടന്നുവെന്നും കെ സുധാകരനും ശോഭാസുരേന്ദ്രനും ചേര്‍ന്ന് ഗൂഢാലോചന നടത്തിയെന്നും ഇ പി ജയരാജനും ഇന്ന് ആരോപിച്ചു. ഇരുവര്‍ക്കുമെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ഇ പി ജയരാജന്‍ പറഞ്ഞു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *