‘പ്രകൃതിയോടെനിക്ക് പ്രണയമാണ്. .പ്രകൃതിയെ നോക്കിയിരിക്കുമ്പോള്‍ ഒരു ഉത്തമസുഹൃത്തിനോടു സംസാരിക്കുന്നതു പോലെ അനുഭവപ്പെടുന്നു. കുട്ടിക്കാലത്ത് എന്നെ സ്‌ക്കൂളിലേക്ക് കൊണ്ടു പോകുമ്പോള്‍ ഞാന്‍ കണ്ടിരുന്ന പ്രകൃതിയല്ല ഇന്നത്തേത്. കാഴ്ചകളെല്ലാം മാറിയിരിക്കുന്നു. മനുഷ്യരുടെ സ്വാര്‍ത്ഥത എല്ലാം മാറ്റിയിരിക്കുന്നു. ദുരമൂത്തവര്‍ പ്രകൃതിയോടു ചെയ്ത ക്രൂരത കാണുമ്പോള്‍ പ്രകൃതിക്ക് എന്നേക്കാള്‍ ശാരീരിക കുറവുകളുണ്ടെന്നു തോന്നിപോകുന്നു. എന്റെ ദുഃഖവും അതുതന്നെ”… മനുഷ്യരെയും പ്രകൃതിയെയും പ്രണയിക്കുന്ന ഷബ്‌നയുടെ വാക്കുകള്‍.
ഒന്നര വയസുള്ളപ്പോള്‍ ഷബ്‌ന പൊന്നാടിന് ബാധിച്ച പനി ജീവീതത്തെ തന്നെ മാറ്റി മറിച്ചു. ജീവിതം ഒരടഞ്ഞ മുറിയ്ക്കുള്ളില്‍ ഒതുങ്ങി. എന്നാല്‍ ഷബ്‌നയ്ക്കിപ്പോള്‍ പൊന്നിന്‍ മാറ്റാണ്.വിധിയില്‍ തളരാതെ ഷബ്‌നയുടെ മാതാപിതാക്കള്‍ സ്‌ക്കുള്‍ പഠനം പൂര്‍ത്തികരിച്ചു.ശരീരത്തിന്റെ തളര്‍ച്ച ഒരിക്കലും ഷബ്‌നയുടെ മനസ്സിനെ അലട്ടിയിരുന്നില്ല.മാതാപിതാക്കളുടെയും ബന്ധുക്കളുടെയും പ്രോല്‍സാഹനവും നാടിന്റെയും നാട്ടുകാരുടെയും പിന്തുണയും സാമൂഹിക സാംസ്‌കാരിക കലാരംഗങ്ങളില്‍ ചെറിയ തോതില്‍ സഹായങ്ങള്‍ നടത്താന്‍ ഷബ്‌നയെ സഹായിച്ചു.
കുഞ്ഞായിരിക്കുമ്പോള്‍ കണ്‍മുന്‍പില്‍ കണ്ട കാഴ്ച ജീവിതത്തില്‍ ചിലതൊക്കെ ചെയ്യണമെന്നു പ്രേരിപ്പിച്ചു. വീല്‍ചെയറില്‍ ഒതുങ്ങികൂടിയിരിക്കുമ്പോഴും തന്നെ പോലെ പ്രശ്‌നങ്ങള്‍ അനുഭവിക്കുന്നവര്‍ക്ക് തണലാകുകയാണ് ഷബ്‌ന പൊന്നാട് എന്ന നാട്ടുമ്പുറക്കാരി. സ്വന്തം പരിമിതികളെ മനോബലം കൊണ്ട് നേരിട്ട് അതിജീവനത്തിന്റെ ഉത്തമമാതൃകയാകുകയാണ് ഷബ്‌ന പൊന്നാട്.വീല്‍ചെയറില്‍ നീങ്ങീ ജീവിക്കുമ്പോഴും ഷബ്‌ന എത്രയോ ഉയരങ്ങളിലേക്കാണ് സഞ്ചരിക്കുന്നത്. എല്ലാവരും സ്വന്തം കാര്യങ്ങള്‍ മാത്രം ആലോചിച്ചു നടക്കുമ്പോള്‍ ഷബ്‌ന അശരണര്‍ക്കു തണലാകുകയാണ്. വലിയ വലിയ സ്വപ്‌നങ്ങള്‍ കാണുകയും അത് സഹജീവികള്‍ക്ക് കാണിച്ചുകൊടുക്കുന്ന സാമൂഹ്യപ്രവര്‍ത്തകയാണ് മലപ്പുറം കൊണ്ടോട്ടിയ്ക്കടുത്തെ ഓമന്നൂരിലെ ഷബ്‌ന എന്ന എഴുത്തുകാരി.
ഏകാന്തതയില്‍ നിന്നുള്ള മോചനത്തിനായിരുന്നു കവിത എഴുതി തുടങ്ങിയത്. ഒപ്പം കഥകളും എഴുതി തുടങ്ങിയിരുന്നു. എന്നാല്‍ പ്രസിദ്ധീകരിക്കാന്‍ ഏറെ മടിച്ചു. എന്നാല്‍ പത്താം ക്ലാസിനു ശേഷമാണ് കവിത കൂടൂതലായും എഴുതി തുടങ്ങിയത്. പലരുടെ പിന്തുണയാലും കവിതകള്‍ പ്രസിദ്ധീകരിച്ചു പുറത്തിറക്കി. എന്നെന്നേക്കുമുള്ള ഓര്‍മ്മ, ആ രാവ് പുലരാതിരുന്നുവെങ്കില്‍ എന്നീ കഥാസമാഹാരങ്ങളും കാലത്തിന്റെ കാലൊച്ച എന്ന കവിതാസമാഹാരവും പ്രസിദ്ധീകരിച്ചു. ലിപി, ഒലീവ് പബ്ലിക്കേഷന്‍സ് എന്നിവരാണ് ഷബ്‌നയുടെ രചനകള്‍ വായനക്കാരിലെത്തിച്ചത്. പ്രകൃതിയെ സ്‌നേഹിക്കുന്ന ഷബ്‌ന പൊന്നാടിന്റെ കവിതകളില്‍ പ്രകൃതി തന്നെയാണ് വിഷയം. വീല്‍ചെയറില്‍ ഇരുന്ന് ജാലകത്തിനുള്ളിലൂടെ കാണുന്ന പ്രകൃതിയ്ക്ക് ഏറെ മാറ്റങ്ങള്‍ വന്നിരിക്കുന്നു. താന്‍ കണ്ട പ്രകൃതിയ്ക്ക് ഇന്നേറെ മാറ്റങ്ങള്‍ സംഭവിച്ചിരിക്കുന്നു കുഞ്ഞായിരിക്കുമ്പോള്‍ ഷബ്‌ന കണ്ട പ്രകൃതിയ്ക്ക് വര്‍ണ്ണങ്ങളേറെയായിരുന്നു.പ്രകൃതിയെയും മണ്ണിനേയും ഒരു പോലെ സ്‌നേഹിക്കുന്ന ഷബ്‌ന ദുര മൂത്ത് പ്രകൃതിയെ ചൂഷണം ചെയ്യുന്നവര്‍ക്കെതിരെ ദ്വേഷം പ്രകടിപ്പിക്കുന്നു. ഷബ്‌നയ്ക്ക് കവിത ഒരു ആയുധമാണ്. പ്രകൃതിയെ നശിപ്പിക്കുന്നവര്‍ക്കെതിരെ പ്രതികരിക്കാനാണ് ഈ ആയുധം. ഇരുപത്തിയഞ്ചു കവിതകളുടെ സമാഹാരമായ കാലത്തിന്റെ കാലൊച്ചയിലും പ്രകൃതിയുടെ വേദനയും അകന്നു പോകുന്ന സ്‌നേഹബന്ധവുമാണ് പ്രമേയം.
കഥയിലും കവിതയിലും മാത്രമല്ല. തളിര്‍നാമ്പുകള്‍ എന്ന ഹ്രസ്വ ചിത്രത്തിലൂടെ തിരക്കഥ, സംവിധാനം എന്നി രംഗങ്ങളിലേക്കും ഷബ്‌ന പൊന്നാട് ചുവടുവെച്ചു. തനിക്ക് തിരക്കഥയുടെ ഒരു വരി പോലും എഴുതാന്‍ കഴിയില്ല എന്ന് ആലോചിച്ചിരിക്കുമ്പോഴും ഷബ്‌നയ്ക്ക് ആത്മവിശ്വാസവും പ്രചോദനവും നല്‍കിയത് പ്രമുഖ തിരക്കഥാകൃത്ത് ടി എ റസാഖ് ആയിരുന്നു. സംവിധാനത്തില്‍ സഹായിയായത് റസാഖിന്റെ സഹായി ഗിരീഷ് ആണ്. വൈകല്യങ്ങളെ അവഗണിച്ച് കഷ്ടപെടുന്നവരുടെ മനസറിയുന്നവളാണ് ഷബ്‌ന.
സമര്‍പ്പണത്താല്‍ തുന്നിചേര്‍ക്കപ്പെട്ട ജീവിതത്തില്‍ നിര്‍ധരര്‍ക്കും ശാരീരിക മാനസിക അസ്വസ്ഥത അനുഭവിക്കുന്നവര്‍ക്കും ഒരു തണലാണ് ഈ ഇരുപത്തിയേഴുകാരി. ആഡംബരങ്ങള്‍ക്കും അനാവശ്യകാരണങ്ങള്‍ക്കും സമ്പത്ത് ദുര്‍വ്യയം ചെയ്യുന്നവര്‍ക്ക് ഷബ്‌നയുടെ ജീവിതം ഒരു പാഠമാണ്. അശരണര്‍ക്കും നിരാലംബര്‍ക്കും സഹായമായി ആരംഭിച്ച ചാരിറ്റബിള്‍ ട്രസ്റ്റ് അത്തരത്തില്‍ ഒരു മാതൃകയാണ്. തന്റെ പുസ്തകങ്ങള്‍ വിറ്റു കിട്ടുന്ന പണവും പിതാവും നാട്ടുകാരും ഗുണകാംക്ഷികളും നല്‍കുന്ന സാമ്പത്തിക സഹായവും കൊണ്ടാണ് ട്രസ്റ്റിന്റെ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. മൂന്ന് വര്‍ഷത്തോളമായി പ്രവര്‍ത്തനമാരംഭിച്ച ട്രസ്റ്റിനു കീഴില്‍ തന്നെപോലെ കഷ്ടപ്പെടുന്നവരെ കണ്ടെത്തി വര്‍ഷം തോറും മൂന്നോ നാലോ കൂട്ടായ്മകള്‍ വിവിധ സ്ഥലങ്ങളില്‍ സംഘടിപ്പിക്കുന്നത് സാന്ത്വനകിരണമായി തന്നെയാണ് എല്ലാവരും കാണുന്നത്.
ചെറുപ്രായത്തില്‍ മനസിനെ സ്പര്‍ശിച്ച സംഭവമാണ് പില്‍ക്കാലത്ത് ഇത്തരമൊരു ട്രസ്റ്റ് രൂപികരിക്കാന്‍ പ്രേരിപ്പിച്ചതെന്ന് ഷബ്‌ന പൊന്നാട് പറയുന്നു. അഞ്ചു വയസുള്ളപ്പോള്‍, കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നിന്നും ഫിസിയോതെറാപ്പി കഴിഞ്ഞു വരുമ്പോള്‍ കണ്ട കാഴ്ചയായിരുന്നു അത്. റോഡരികില്‍ വീണുകിടക്കുന്ന ഒരു വൃദ്ധ. സ്വയം എഴുന്നേല്‍ക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും അവര്‍ക്കതിന് കഴിയുന്നില്ല. പലരും അതുവഴി കടന്നുപോയിട്ടും കൈസഹായം പോലും നല്‍കുന്നില്ല. കാഴ്ചയില്‍ നിന്നും മായുവോളം ആ കാഴ്ച കണ്ടിരുന്നു. പിന്നീട് പല യാത്രകളിലും സമാനമായ സംഭവങ്ങള്‍ക്ക് ദൃക്‌സാക്ഷിയായി. ഇങ്ങനെ നിരവധി കാഴ്ചകള്‍ക്കിടയില്‍ ഷബ്‌നയുടെ മനസില്‍ കുറിച്ചിട്ടാണ് സ്വന്തം പേരില്‍ ചാരിറ്റബിള്‍ ട്രസ്റ്റായി രൂപപ്പെട്ട് മാറിയത്. വിവിധ പ്രയാസങ്ങളാല്‍ സമൂഹത്തില്‍ നിന്നും വീട്ടില്‍ നിന്നും ഒറ്റപ്പെട്ടു കഴിയുന്നവര്‍ക്ക് ഒത്തുകൂടാനും മനസുകള്‍ പരസ്പരം പങ്കുവെയ്ക്കുവാനും ഒരിടം. ട്രസ്റ്റിന് സ്വന്തമായി കെട്ടിടം നിര്‍മ്മിക്കണമെന്നാണ് അവശേഷിക്കുന്ന മോഹമെന്നും ആത്മവിശ്വാസത്തോടെ ഷബ്‌ന തുറന്നു പറയുന്നു.
ശരീരത്തെ വൈകല്യം ബാധിച്ചെങ്കിലും മനസിനെ തളര്‍ത്താതെ ഷബ്‌ന പൊന്നാട് അതിജീവിച്ച് മുന്നോട്ടു വന്നു. പ്രാഥമിക വിദ്യാഭ്യാസം പണിക്കരപൂറായ് സി എച്ച് മുഹമ്മദ് കോയ മെമ്മോറിയല്‍ സ്‌ക്കൂളിലായിരുന്നു. ജന്മദേശത്തെ സെക്കന്ററി സ്‌ക്കൂള്‍ കുന്നിന്‍ മുകളിലായതിനാല്‍ ഓമന്നൂരില്‍ നിന്നും ഉമ്മയുടെ നാടായ കിണാശ്ശേരിയിലെത്തി. കിണാശ്ശേരി ഗവണ്‍മെന്റ് ഹയര്‍സെക്കന്ററി സ്‌ക്കൂളിലായിരുന്നു പത്താം ക്ലാസുവരെ പഠനം. പ്ലസ് ടു പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ല. ഇക്കാലയളവില്‍ ഏകാന്തതയോടു പൊരുതാന്‍ വായനയും ചിത്രമെഴുത്തും കഥാരചനയും കവിതയും ഒപ്പം കൂടി. കോഴിക്കോട് സര്‍വകലാശാലയുടെ വീദുരവിദ്യാഭ്യാസ പദ്ധതിയിലൂടെ മലയാളത്തില്‍ ബിരുദം. അങ്ങനെ ജീവിതം കൊണ്ട് സഹജീവിതങ്ങളെ പഠിപ്പിക്കുകയാണ് ഷബ്‌ന പൊന്നാട്.
FLASHNEWS