മാധ്യമപ്രവര്‍ത്തകയെ ബലാത്സംഗം ചെയ്ത പ്രതികളില്‍ മൂന്ന് പേര്‍ക്ക് വധശിക്ഷ

മുംബൈ: രാജ്യത്തെ ഞെട്ടിച്ച കൂട്ടബലാത്സംഗക്കേസിലെ പ്രതികള്‍ക്ക് വധശിക്ഷ. മുംബൈ ശക്തിമില്‍ കോമ്പൗണ്ടില്‍ മാധ്യമ ഫോട്ടോഗ്രാഫറായ പെണ്‍കുട്ടിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ മൂന്ന് പ്രതികള്‍ക്കും മുംബൈ സെഷന്‍സ് കോടതി വധശിക്ഷ വിധിച്ചു. കേസിലെ ഒന്നും മൂന്നും നാലും പ്രതികളായ വിജയ് ജാദവ്, കാസിം ഷൈഖ്, സലിം അന്‍സാരി എന്നിവര്‍ക്കാണ് വധശിക്ഷ വിധിച്ചത്. അഞ്ചാം പ്രതിയായ സിറാജ് റഹ്മാന് ജീവപര്യന്തം ശിക്ഷയും വിധിച്ചിട്ടുണ്ട്. രണ്ടാം പ്രതി ചന്ദിന് പ്രായപൂര്‍ത്തിയാകാത്തതിനാല്‍ അയാളെ ജൂവനൈല്‍കോടതിയില്‍ വിചാരണ ചെയ്ത് ശിക്ഷ വിധിക്കും.
കേസിലെ പ്രതികള്‍ ഒന്നിലധികം ബലാത്സംഗങ്ങള്‍ നടത്തിയെന്ന് തെളിഞ്ഞതോടെയാണ് ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 376 ഇ വകുപ്പ് അനുസരിച്ച് കുറ്റം ചുമത്തിയത്. ഒന്നിലധികം ബലാത്സംഗങ്ങള്‍ നടത്തിയവര്‍ക്ക് വധശിക്ഷ കിട്ടാവുന്ന വകുപ്പാണിത്. അഞ്ചാം പ്രതി സിറാജ് റഹ്മാന്‍ ഈ ഒരു കേസില്‍ മാത്രം പ്രതിയായതിനാല്‍ ഈ വകുപ്പ് ചുമത്തിയിരുന്നില്ല.
മുമ്പ് ശക്തി മില്‍ കോമ്പൗണ്ടില്‍ ടെലിഫോണ്‍ ഓപ്പറേറ്ററായ പെണ്‍കുട്ടിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയിരുന്നു. 2013 ആഗസ്റ്റ് 22ന് വൈകുന്നേരമാണ് ഡ്യൂട്ടി ആവശ്യാര്‍ത്ഥം സഹപ്രവര്‍ത്തകനോടൊപ്പം മാധ്യമപ്രവര്‍ത്തക ശക്തി മില്‍ കോമ്പൗണ്ടിലെത്തിയത്. സഹപ്രവര്‍ത്തകനെ മര്‍ദ്ദിച്ചവശനാക്കിയാണ് ഫോട്ടോഗ്രാഫറായ പെണ്‍കുട്ടിയെ പ്രതികള്‍ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *