കോഴിക്കോട്: ലോകസഭ തെരഞ്ഞെടുപ്പില്‍ വോട്ടെടുപ്പിന് ദിവസങ്ങള്‍ മാത്രമിരിക്കെ സ്ഥാനാര്‍ത്ഥികളുടെ നെഞ്ചിടിപ്പ് കൂടുന്നു. മറ്റു ജില്ലകളേക്കാള്‍ കോഴിക്കോടാണ് രാഷ്ട്രീയപ്രസരം കൂടൂതലായിട്ടുള്ളത്. പുതുതായി പൊട്ടിമുളച്ചിരിക്കുന്ന പാര്‍ട്ടികളാണ് ദേശീയ പാര്‍ട്ടികളുടെ ഉറക്കം കെടുത്തുന്നത്.മുന്‍നിരയിലുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ക്കാണ് ചെറു പാര്‍ട്ടികള്‍ ഭീഷണിയാകുന്നത്. കോഴിക്കോട്, വടകര ലോക്‌സഭ മണ്ഡലങ്ങളിലെ ആം ആദ്മി, ആര്‍ എം പി, എസ് ഡി പി ഐ എന്നീ രാഷ്ട്രീയ പാര്‍ട്ടികളാണ് ദേശീയ പാര്‍ട്ടികളായ സി പി എമ്മിന്റെയും കോണ്‍ഗ്രസിന്റെയും ഉറക്കം കെടുത്തുന്നത്. ടി പി ചന്ദ്രശേഖരന്‍ വധവുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്‌നങ്ങള്‍ വടകരയില്‍ സി പി എമ്മിനും ഭീഷണിയാണ്. അതിന്റെ പശ്ചാത്തലത്തില്‍ റെവല്യുഷണറി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ പ്രചാരണം സിപിഎമ്മിനെ കുഴപ്പിക്കുന്നതാണ്. വടകരയില്‍ റെവല്യുഷണറി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി നേതാവായ ടി പി ചന്ദ്രശേഖരന്റെ വധം യു ഡി എഫ് തുറുപ്പുചീട്ടാക്കുന്നു. കൊലപാതക രാഷ്ട്രീയം കൊണ്ടു നടക്കുന്ന പാര്‍ട്ടിയാണ് സി പി എം എന്നാണ് എതിര്‍ പാര്‍ട്ടികള്‍ പ്രചാരണത്തില്‍ വിശേഷാല്‍ പറയുന്നത്. ചെറിയ പാര്‍ട്ടികള്‍ക്ക് പുറമെ സ്ഥാനാര്‍ത്ഥികളുടെ അപരന്‍മാരും ദേശീയ പാര്‍ട്ടികളെ കുഴപ്പത്തിലാക്കുന്നു.
ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കോഴിക്കോട് 13 സ്ഥാനാര്‍ത്ഥികളും വടകരയില്‍ 11 സ്ഥാനാര്‍ത്ഥികളുമാണ് ഉള്ളത്. കോഴിക്കോട് മണ്ഡലത്തില്‍ എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി എ വിജയ രാഘവനും യു ഡി എഫ് സ്ഥാനാര്‍ത്ഥി എം കെ രാഘവനുമാണ്. വടകരയില്‍ കേന്ദ്രമന്ത്രിയായ മുല്ലപ്പള്ളി രാമകൃഷ്ണനും എതിരായി എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി അഡ്വ എ എന്‍ ഷംസീറുമാണ് നിലകൊള്ളുന്നത്. കോഴിക്കോട് ബി ജെ പി സ്ഥാനാര്‍ത്ഥി സി കെ പത്മനാഭനും വടകരയില്‍ വി കെ സജീവനുമാണ് മത്സരിക്കുന്നത്.വടകരയില്‍ ആര്‍ എം പി സ്ഥാനാര്‍ത്ഥി അഡ്വ പി കുമാരന്‍കുട്ടിയും കോഴിക്കോട് അഡ്വ എന്‍ പി പ്രതാപ്കുമാറുമാണ് മത്സരിക്കുന്നത്. ആം ആദ്മി പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിയായി കോഴിക്കോട് മത്സരിക്കുന്നത് പാര്‍ട്ടിയുടെ സംസ്ഥാന വക്താവായ കെ പി രതീഷാണ്. വടകരയില്‍ ആം ആദ്മി പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നത് സിനിമാ സംവിധായകനായ അലി അക്ബറാണ്. എസ് ഡി പി ഐ യ്ക്കും കോഴിക്കോടും വടകരയിലും സ്ഥാനാര്‍ത്ഥികളുണ്ട്. കോഴിക്കോട് മുസ്തഫ കൊമ്മേരിയും വടകരയില്‍ പി അബ്ദുള്‍ ഹമീദുമാണ് മത്സരിക്കുന്നത്.
തെരഞ്ഞെടുപ്പില്‍ അപരന്മാരും കുറവല്ല. അപരന്മാര്‍ അപഹാരമാകുമോ എന്ന ഭയം ദേശീയ പാര്‍ട്ടികള്‍ക്കുണ്ട്. കോഴിക്കോട് മണ്ഡലത്തില്‍ എല്‍ ഡി എഫിനും യു ഡി എഫിനുമാണ് അപരന്മാരുള്ളത്. യു ഡി എഫ് സ്ഥാനാര്‍ത്ഥിയായ എം കെ രാഘവനും എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥിയായ എ വിജയരാഘവനും രണ്ടു അപരന്മാര്‍ വീതമാണുള്ളത്. സ്വതന്ത്ര സ്ഥാനാര്‍ത്ഥികളായ എം രാഘവനും വി എം രാഘവനുമാണ് യു ഡി എഫ് സ്ഥാനാര്‍ത്ഥിയായ എം കെ രാഘവന് അപരനായുള്ളത്. എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥിയായ വിജയരാഘവന് സ്വതന്ത്ര സ്ഥാനാര്‍ത്ഥികളായ എം വിജയരാഘവനും കെ വിജയരാഘവനുമാണുള്ളത്. വടകരയില്‍ സി പി എം സ്ഥാനാര്‍ത്ഥിയായ അഡ്വ എ എം ഷംസീറിന് എ പി ഷംസീറെന്ന അപരനാണുള്ളത്.
FLASHNEWS