തിരുവനന്തപുരം: മികച്ച ദേശീയ നടനായ സുരാജിനെ പിന്തള്ളി ഫഹദും ലാലും മികച്ച നടന്മാര്‍ക്കുള്ള അവാര്‍ഡ് പങ്കിട്ടു. ശനിയാഴ്ച നടന്ന സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപനം വിവാദങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും വഴിമരുന്നിട്ടു. സുരാജ് വെഞ്ഞാറമ്മൂടിന് മികച്ച ഹാസ്യതാരത്തിനുള്ള അവാര്‍ഡ് നല്‍കി. നോര്‍ത്ത് 24 കാതം, ആര്‍ട്ടിസ്റ്റ് എന്നീ ചിത്രങ്ങളിലെ അഭിനയമാണ് ഫഹദിനെ പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്. അയാള്‍, സക്കറിയയുടെ ഗര്‍ഭിണികള്‍ എന്നീ ചിത്രങ്ങളിലെ അഭിനയത്തിനാണ് ലാലിനെത്തേടി അവാര്‍ഡെത്തിയത്. ആന്‍ അഗസ്റ്റിന്‍ മികച്ച നടിയായി തെരഞ്ഞെടുക്കപ്പെട്ടു. ആര്‍ട്ടിസ്റ്റ് എന്ന ചിത്രത്തിലെ പ്രകടനത്തിനാണ് പുരസ്‌കാരം. ആര്‍ട്ടിസ്റ്റിലൂടെ ശ്യാമപ്രസാദ് മികച്ച സംവിധായകനായി. ദൈവത്തിന്റെ സ്വന്തം ക്ലീറ്റസിലെയും പുള്ളിപ്പുലികളും ആട്ടിന്‍കുട്ടികളിലെയും എന്നിനവയിലെ പ്രകടനത്തിലൂടെ സുരാജ് വെഞ്ഞാറമൂടിന് മികച്ച ഹാസ്യതാരത്തിനുള്ള പുരസ്‌കാരം നേടി.
സുദേവന്‍ സംവിധാനം ചെയ്ത സി ആര്‍ നമ്പര്‍ 89 മികച്ച ചിത്രമായി തെരഞ്ഞെടുക്കപ്പെട്ടു. ജിത്തു ജോസഫിന്റെ ദൃശ്യമാണ് ജനപ്രീതി നേടിയ ചിത്രം. കന്യകാ ടാക്കീസ് ഒരുക്കിയ കെ ആര്‍ മനോജ് നവാഗത സംവിധായകനുള്ള പുരസ്‌കാരത്തിനും അര്‍ഹനായി. ഫിലിപ്‌സ് ആന്റ് മങ്കിപ്പെന്‍ ആണ് മികച്ച കുട്ടികളുടെ ചിത്രം.
അനില്‍ രാധാകൃഷ്ണന്‍ സംവിധാനം ചെയ്ത നോര്‍ത്ത് 24 കാതമാണ് മികച്ച രണ്ടാമത്തെ സിനിമ. അശോക് കുമാര്‍ രണ്ടാമത്തെ മികച്ച നടനായി. ലെനയാണ് രണ്ടാമത്തെ മികച്ച നടി. ഫിലിപ്‌സ് ആന്റ് മങ്കിപ്പെന്‍ എന്ന ചിത്രത്തിലൂടെ സനൂപും അഞ്ചുസുന്ദരികളിലൂടെ അനികയും ബാലതാരങ്ങളില്‍ മികച്ചവരായി.
അനീഷ് നായരാണ് മികച്ച കഥാകൃത്ത്. ബോബിയും സഞ്ജയും മികച്ച തിരക്കഥാ പുരസ്‌കാരവും നേടി. സുജിത് വാസുദേവാണ് മികച്ച ഛായാഗ്രാഹകന്‍. നടന്‍ എന്ന ചിത്രത്തിലെ ഏതുസുന്ദര സ്വപ്‌നം എന്ന ഗാനമെഴുതിയ പ്രഭാവര്‍മ്മയും അതേ ചിത്രത്തിലെ ഒറ്റയ്ക്ക് പാടുന്ന പൂങ്കുയിലെ എന്ന ഗാനമെഴുതിയ ഡോ. മധു വാസുദേവും മികച്ച ഗാനരചനയ്ക്കുള്ള പുരസ്‌കാരം പങ്കിട്ടു. നടന്‍ എന്ന ചിത്രത്തിന് ഈണമൊരുക്കിയ ഔസേപ്പച്ചനാണ് മികച്ച സംഗീത സംവിധായകന്‍. കാര്‍ത്തിക് മികച്ച ഗായകനായും വൈക്കം വിജയലക്ഷ്മി മികച്ച ഗായികയുമായി തെരഞ്ഞെടുക്കപ്പെട്ടു.
സക്കറിയയുടെ ഗര്‍ഭിണികള്‍ സംവിധാനം ചെയ്ത അനീഷ് അന്‍വര്‍, അയാള്‍ എന്ന ചിത്രം സംവിധാനം ചെയ്ത സുരേഷ് ഉണ്ണിത്താന്‍, സക്കറിയയുടെ ഗര്‍ഭിണികളിലെ അഭിനയത്തിന് സനൂഷ, ഇമ്മാനുവേല്‍ എന്ന ചിത്രത്തിന് സംഗീതമൊരുക്കിയ അഫ്‌സല്‍ യൂസഫ്, ദൃശ്യത്തിലെ അഭിനയത്തിന് കലാഭവന്‍ ഷാജോണ്‍, ഗായിക മൃദുലാ വാര്യര്‍ എന്നിവര്‍ പ്രത്യേക ജൂറി അവാര്‍ഡിന് അര്‍ഹരായി. മികച്ച സിനിമാഗ്രന്ഥത്തിനുള്ള പുരസ്‌കാരം എസ് ജയചന്ദ്രന്‍ നായരും വിജയകൃഷ്ണനും പങ്കിട്ടു. ഐ ഷണ്‍മുഖദാസും വി വിജയകുമാറും മികച്ച ലേഖനത്തിനുള്ള പുരസ്‌കാരം പങ്കിട്ടു.
ബാല്യകാലസഖിയിലൂടെ ബിജിബാല്‍ മികച്ച പശ്ചാത്തല സംഗീതത്തിനുള്ള അവാര്‍ഡിന് അര്‍ഹനായി. ഒരു ഇന്ത്യന്‍ പ്രണയകഥയിലെ ചിത്രസംയോജനത്തിന് കെ രാജഗോപാലും ആമേന്‍ എന്ന ചിത്രത്തിന്റെ കലാസംവിധാനത്തിന് എം ബാവയും സ്വപാനത്തിലെ മേക്കപ്പിന് പട്ടണം റഷീദുമാണ് അവാര്‍ഡിന് പരിഗണിക്കപ്പെട്ടത്. കന്യകാ ടാക്കീസ് എന്ന ചിത്രത്തിലൂടെ ഹരികുമാര്‍ മാധവന്‍ നായര്‍, രാജീവന്‍ അയ്യപ്പന്‍, എന്‍ ഹരികുമാര്‍ എന്നിവര്‍ മികച്ച ശബ്ദലേഖകര്‍ക്കുള്ള പുരസ്‌കാരം പങ്കിട്ടു. രഘുരാമനാണ് മികച്ച കളറിസ്റ്റ്. ആമേനിലെ വസ്ത്രാലങ്കാരത്തിലൂടെ സജി തോമസ് നോബലും ഒറീസയിലെ നൃത്തസംവിധാനത്തിലൂടെ കുമാര്‍ ശാന്തിയും പുരസ്‌കാരത്തിന് അര്‍ഹരായി. വസന്തത്തിന്റെ കനല്‍വഴികള്‍ എന്ന ചിത്രത്തില്‍ പി കൃഷ്ണപിള്ള എന്ന കഥാപാത്രത്തിന് ശബ്ദം നല്‍കിയ അമ്പൂട്ടിയാണ് മികച്ച പുരുഷ ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ്. അയാള്‍ എന്ന ചിത്രത്തിലെ ചക്കരയ്ക്ക് ശബ്ദം നല്‍കി ശ്രീജാ രവിയും പുരസ്‌കാരം നേടി.
ഭാരതിരാജയ്ക്ക് പുറമേ, എഡിറ്റര്‍ ബി ലെനിന്‍, സംവിധായകന്‍ ഹരികുമാര്‍, ഛായാഗ്രാഹകന്‍ വി ആര്‍ ആനന്ദക്കുട്ടന്‍, സംഗീത സംവിധായകന്‍ ആലപ്പി രംഗനാഥ്, നടി ജലജ, സംഗീതനാടക അക്കാദമി ചെയര്‍മാന്‍ സൂര്യ കൃഷ്ണമൂര്‍ത്തി, ചലച്ചിത്ര അക്കാദമി മെമ്പര്‍ സെക്രട്ടറി എസ് രാജേന്ദ്രന്‍ നായര്‍ എന്നിവരാണ് സിനിമാ പുരസ്‌കാരങ്ങള്‍ നിര്‍ണയിച്ചത്. ജൂറി അധ്യക്ഷന്മാരായ ഭാരതിരാജ, ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ പ്രിയദര്‍ശന്‍, ഡോ. എം ആര്‍ തമ്പാന്‍, എന്നിവരുടെ സാന്നിധ്യത്തില്‍ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനാണ് പുരസ്‌കാരം പ്രഖ്യാപനം നടത്തിയത്.
FLASHNEWS