ടി പി വധത്തിലെ അന്വേഷണം പാര്‍ട്ടിയുടെ ആഭ്യന്തരകാര്യം: സീതാറാം യെച്ചൂരി

കോഴിക്കോട്: ഈ തെരഞ്ഞെടുപ്പില്‍ മറ്റൊന്നും പറയാനില്ലാത്തതുകൊണ്ടാണ് യു ഡി എഫ് ടി പി വധം ചര്‍ച്ചയാക്കുന്നതെന്ന് സി പി എം പൊളിറ്റ്ബ്യൂറോ അംഗം സീതാറാം യെച്ചൂരി. ടി പി വധത്തെക്കുറിച്ച് പാര്‍ട്ടി കമ്മീഷന്‍ നടത്തിയ അന്വേഷണം പാര്‍ട്ടിയുടെ ആഭ്യന്തരകാര്യമാണ്. അത് ആരെയും ബോധ്യപ്പെടുത്തേണ്ടതില്ല. എല്ലാവരെയും തൃപ്തിപ്പെടുത്തിക്കൊണ്ട് ഒരു അന്വേഷണം നടത്താന്‍ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. കാലിക്കറ്റ് പ്രസ്‌ക്ലബിന്റെ മീറ്റ് ദ പ്രസ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പശ്ചിഘട്ട മലനിരകള്‍ സംരക്ഷിക്കേണ്ടത് ആവശ്യമാണ്. പക്ഷെ പരിസ്ഥിതിയുടെ പേരില്‍ പാവപ്പെട്ട കര്‍ഷകരെ കുടിയൊഴിപ്പിക്കാന്‍ നടക്കുന്ന നീക്കങ്ങള്‍ അംഗീകരിക്കാനാവില്ല. യുനസ്‌കോയുടെ ലോക പൈതൃക പട്ടികയില്‍ ഇടം നേടിയ പ്രദേശങ്ങളാണ് പശ്ചിമഘട്ട മലനിരകള്‍. അത് സംരക്ഷിക്കരുതെന്ന് ആരും പറയില്ല. പക്ഷെ കര്‍ഷകര്‍ മുഴുവന്‍ പരിസ്ഥിതിയ്ക്ക് എതിരാണെന്ന തരത്തിലുള്ള പ്രചരണം അംഗീകരിക്കാനാവില്ല. പശ്ചിമഘട്ടത്തിലെ പരിസ്ഥിതിയ്ക്കും അവിടുത്തെ ജനജീവിതത്തിനും കോട്ടം തട്ടാത്ത രീതിയില്‍ റിപ്പോര്‍ട്ടുകള്‍ നടപ്പാക്കുകയാണ് വേണ്ടത്. ഗാഡ്ഗില്‍- കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടുകളെക്കുറിച്ച് കോണ്‍ഗ്രസിനും ബി ജി പിയ്ക്കും ജനദ്രോഹപരമായ കാഴ്ചപ്പാടുകളാണ് ഉള്ളത്. കോണ്‍ഗ്രസ് കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടിനെ പിന്തുണയ്ക്കുന്നു. ബി ജെ പി തങ്ങള്‍ അധികാരത്തില്‍ വന്നാല്‍ ഗാഡ്ഗില്‍ റിപ്പോര്‍ട്ട് നടപ്പാക്കുമെന്ന് പറയുന്നു. കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടിന്റെ പേരില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ ജനങ്ങളെ വഞ്ചിക്കുകയായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
കോണ്‍ഗ്രസും ബി ജെ പിയും ഒരു നാണയത്തിന്റെ ഇരുവശങ്ങള്‍ മാത്രമാണെന്ന് രാജ്യത്തെ ജനങ്ങള്‍ മനസ്സിലാക്കിക്കഴിഞ്ഞു. ഈ പാര്‍ട്ടികളുടെ പ്രചരണങ്ങളെ ജനങ്ങളാരും വിശ്വസിക്കുന്നില്ല. കോര്‍പ്പറേറ്റുകളെ സഹായിക്കുന്ന നയങ്ങളുമായാണ് കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള സര്‍ക്കാര്‍ മുന്നോട്ട് പോയത്. കോണ്‍ഗ്രസിന്റെ നയങ്ങള്‍ തന്നെയാണ് ബി ജെ പിയ്ക്കുമുള്ളതെന്ന് യെച്ചൂരി പറഞ്ഞു.

You may also like ....

Leave a Reply

Your email address will not be published.