ഹോമിയോപ്പതിയുടെ സമഗ്ര വികസനത്തിന് 25 കോടി രൂപ അനുവദിച്ചു

ഹോമിയോപ്പതിയുടെ സമഗ്ര വികസനത്തിനായി 24.90 കോടി രൂപയുടെ ‘ഭരണാനുമതി നല്‍കിയതായി ആരോഗ്യ സാമൂഹ്യനീതി മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. പുതിയ ഹോമിയോ ആശുപത്രികളും ഡിസ്‌പെന്‍സറികളും ആരംഭിക്കുന്നതിന് 1.10 കോടി രൂപ, ജനനി ഫെര്‍ട്ടിലിറ്റി സെന്ററിന് 25 ലക്ഷം രൂപ, ഹോമിയോപ്പതി സ്ഥാപനങ്ങളുടെ നിര്‍മ്മാണത്തിനും നവീകരണത്തിനുമായി 3 കോടി രൂപ, സംസ്ഥാന ഹോമിയോപ്പതി കോ-ഓപ്പറേറ്റീവ് ഫാര്‍മസിയായ ഹോം കോയ്ക്ക് 75 ലക്ഷം രൂപ, ഹോമിയോപ്പതി വകുപ്പിന്റെ ആധുനികവത്ക്കരണത്തിനും നിലവാരം മെച്ചപ്പെടുത്തുന്നതിനും 7.50 കോടി രൂപ, ആരോഗ്യ പരിപാലനവും പ്രത്യേക ആരോഗ്യ സംരക്ഷണ കേന്ദ്രങ്ങളും എന്ന പദ്ധതിക്ക് 7.30 കോടി രൂപ എന്നിങ്ങനെയാണ് വകയിരുത്തിയിട്ടുള്ളത്. ഇതുകൂടാതെ ഹോമിയോ ദേശീയ ആയുഷ് മിഷന്റെ സംസ്ഥാന വിഹിതമായ 5 കോടി രൂപയും അനുവദിച്ചു.

ഹോമിയോപ്പതി സ്ഥാപനങ്ങളുടെ നിര്‍മ്മാണത്തിനും നവീകരണത്തിനുമുള്ള മൂലധനസഹായമായി എറണാകുളം ജില്ലാ ഹോമിയോ ആശുപത്രിക്ക് രണ്ട് കോടി രൂപയും തൃശൂര്‍ ജില്ലാ ഹോമിയോ ആശുപത്രിക്ക് ഒരു കോടി രൂപയും വകയിരുത്തിയിട്ടുണ്ട്.

ഹോമിയോപ്പതി വകുപ്പിന്റെ ആധുനികവത്ക്കരണത്തിനും നിലവാരം മെച്ചപ്പെടുത്തുന്നതിനും ഹോമിയോപ്പതി ആശുപത്രികളെ എന്‍.എ.ബി.എച്ച്. നിലവാരത്തില്‍ ഉയര്‍ത്തുക, ഹോമിയോ ഡിസ്‌പെന്‍സറികളെ മോഡല്‍ ഡിസ്‌പെന്‍സറികളാക്കുക, നിലവിലുള്ള മോഡല്‍ ഡിസ്‌പെന്‍സറികളെ ശക്തിപ്പെടുത്തുക, ആശുപത്രികളില്‍ ക്ലിനിക്കല്‍ ലാബ് സ്ഥാപിക്കുക, ഇ-ഗവേണന്‍സ് നടപ്പിലാക്കുക, ഹോമിയോപ്പതി സ്ഥാപനങ്ങളുടെ നവീകരണം, ജില്ലാ മെഡിക്കല്‍ സ്റ്റോറിന്റെ നിര്‍മ്മാണം എന്നിവയ്ക്കാണ് 7.5 കോടി രൂപ അനുവദിച്ചത്. ആരോഗ്യ പരിപാലനവും പ്രത്യേക ആരോഗ്യ സംരക്ഷണ കേന്ദ്രങ്ങളും എന്ന പദ്ധതി പ്രകാരം വിമന്‍ ഹെല്‍ത്ത് കെയര്‍ സെന്റര്‍ സീതാലയം, ഇന്‍ഫെര്‍ട്ടിലിറ്റി & ഡി അഡീഷന്‍ സെന്റര്‍, പകര്‍ച്ചവ്യാധി പ്രതിരോധം, തിരുവനന്തപുരത്തും ഇടുക്കിയിലുമുള്ള ഹോമിയോപ്പതി സ്‌പെഷ്യാലിറ്റി കെയര്‍ സെന്റര്‍, കണ്ണൂര്‍ സ്ത്രീകളുടേയും കുട്ടികളുടേയും കെയര്‍ സെന്റര്‍, ജെറിയാട്രിക് സെന്ററുകള്‍, ഇടുക്കിയിലേയും വയനാട്ടിലേയും സ്‌പെഷ്യാലിറ്റി മൊബൈല്‍ ക്ലിനിക്, കൗമാരക്കാര്‍ക്കായുള്ള ക്ലിനിക്കുകള്‍, പാലിയേറ്റീവ് കെയര്‍ സെന്ററുകള്‍ എന്നിവയുടെ പ്രവര്‍ത്തനങ്ങള്‍ക്കും ഹോണറേറിയത്തിനും വേണ്ടിയാണ് 7.3 കോടി രൂപ വകയിരുത്തിയിട്ടുള്ളത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *