കോടതി ലോകത്തെ എല്ലാക്കാര്യങ്ങള്‍ക്കും അഭിപ്രായം പറയേണ്ട: കെ സി ജോസഫ്

കണ്ണൂര്‍: മുഖ്യമന്ത്രിക്കും ഓഫീസിനുമെതിരേ രൂക്ഷ വിമര്‍ശനം നടത്തിയ ഹൈക്കോടതിക്കെതിരെ മന്ത്രി കെ സി ജോസഫ് രംഗത്ത്. ലോകത്ത് നടക്കുന്ന എല്ലാ കാര്യത്തെക്കുറിച്ചും അഭിപ്രായം പറയേണ്ട ഉത്തരവാദിത്വം കോടതിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. താന്‍ കോടതിയെ ബഹുമാനിക്കുന്നുണ്ട് എന്നാല്‍ ബഹുമാനം ഏറ്റുവാങ്ങാനുള്ള മാന്യത കോടതിക്കും വേണം. മുഖ്യമന്ത്രിയോട് കോടതി സാമാന്യ നീതി പോലും കാട്ടിയില്ല. മുഖ്യമന്ത്രിയുടെ ഭാഗം കോടതി കേട്ടില്ല. ഭൂമിതട്ടിപ്പ് കേസില്‍ പരാതിക്കാരന്‍ പോലും പറയാത്ത കാര്യമാണ് കോടതി പറഞ്ഞത്. തെരഞ്ഞെടുപ്പിന്റെ 13-ാം മണിക്കൂറില്‍ പ്രതിപക്ഷത്തിന് ആയുധം നല്‍കുന്ന പരാമര്‍ശങ്ങളാണ് കോടതിയുടെ ഭാഗത്ത് നിന്നുണ്ടായിരിക്കുന്നത്. പ്രതിപക്ഷത്തിന് അടിക്കാന്‍ വടി നല്‍കി കൊണ്ടുള്ള കോടതിയുടെ ഇത്തരം നടപടികള്‍ ശരിയല്ലെന്നും കെ സി ജോസഫ് കണ്ണൂര്‍ പ്രസ്‌ക്ലബ്ബില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.