കോഴിക്കോട്: നാലുവര്‍ഷം മുന്‍പ് ഇറച്ചികഴിക്കുന്നതിനിടെ സ്ത്രീയുടെ ശ്വസനനാളിയില്‍ കുടുങ്ങിയ എല്ലിന്‍ കഷ്ണം താക്കോല്‍ദ്വാര ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു. കണ്ണൂര്‍ വാരം സ്വദേശിനിയായ അന്‍പതുകാരിയുടെ വലതുഭാഗത്തെ ശ്വാസനാളിയില്‍ നിന്ന് മൂന്നര സെന്റിമീറ്റര്‍ നീളമുള്ള എല്ലിന്‍കഷ്ണം ചെസ്റ്റ് ഹോസ്പിറ്റലിലെ കാര്‍ഡിയോ തെറാസിക്‌സര്‍ജന്‍ ഡോ. നാസര്‍ യൂസുഫിന്റെ നേതൃത്വത്തിലുള്ള സംഘം ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തത്.
നാലുവര്‍ഷം മുന്‍പ് ഇറച്ചി കഴിക്കുന്നതിനിടെയാണ് ഈ സ്ത്രീക്ക് അസ്വസ്ഥതയുണ്ടായത്. എല്ലിന്‍കഷ്ണം വിഴുങ്ങിയെന്ന് ഇവര്‍ ഡോക്ടര്‍മാരോട് പറഞ്ഞെങ്കിലും പരിശോധനയില്‍ ഒന്നും കണ്ടെത്താത്തതിനാല്‍ അത് മലത്തിലൂടെ പുറത്തുപോയിട്ടുണ്ടാകുമെന്നായിരുന്നു ഡോക്ടര്‍മാര്‍ പറഞ്ഞിരുന്നത്. എന്നാല്‍ പിന്നീട് സ്ഥിരമായി പനിയും കഫക്കെട്ടും ഇവര്‍ക്ക് വരുവാന്‍ തുടങ്ങി. അങ്ങനെ അലര്‍ജിക്കും ആസ്തമക്കുമുള്ള മരുന്ന് കഴിച്ചെങ്കിലും രോഗം മാറിയില്ല. നാലുവര്‍ഷത്തോളം അലോപ്പതി മരുന്നുകള്‍ കൂടാതെ ആയുര്‍വേദ, ഹോമിയോപ്പതി മരുന്നുകള്‍ ഉപയോഗിച്ചെങ്കിലും രോഗത്തിന് ശമനമായില്ല. കോഴിക്കോട് മുതല്‍ മംഗലാപുരം വരെയുള്ള വിവിധ ആശുപത്രികളിലെ ചികിത്സക്കുശേഷം ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പാണ് ചെസ്റ്റ് ആശുപത്രിയില്‍ ചികിത്സക്കുവരുന്നതും ഇവിടെ നടത്തിയ ബ്രോങ്കോസ്‌കോപ്പി പരിശോധനയില്‍ എല്ലിന്‍കഷ്ണം ശ്വസനനാളിയില്‍ ചെരിഞ്ഞുകിടക്കുന്നതായി കണ്ടെത്തിയത്. തുടര്‍ന്ന് ശസ്ത്രക്രിയയിലൂടെ അതു പുറത്തെടുത്തതെന്നും ഡോ. നാസര്‍ യൂസുഫ് പറഞ്ഞു. ശസ്ത്രക്രിയക്കുശേഷം ആശുപത്രിയില്‍ നിന്ന് വീട്ടിലെത്തിയ അന്‍പതുകാരി പൂര്‍ണസുഖം പ്രാപിച്ചുവരികയാണ്.
FLASHNEWS