അമേരിക്കയില്‍ സൈനികരുടെ എണ്ണം കുറയ്ക്കുന്നു

വാഷിങ്ടണ്‍: ചെലവു ചുരുക്കലിന്റെ ഭാഗമായി അമേരിക്ക സൈനികരുടെ എണ്ണം കുറയ്ക്കാനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. സൈനികശേഷി ഇപ്പോഴുള്ള 520000ല്‍ നിന്ന് 440,000  450,000 ആയി കുറയ്ക്കാനാണു തീരുമാനം. അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി ചെക് ഹെഗല്‍ ഇതു സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.
അമേരിക്കന്‍ കോണ്‍ഗ്രസിന്റെ അനുമതി ലഭിച്ചശേഷമേ തീരുമാനത്തിന് ഔദ്യോഗിക അംഗീകാരമാകൂ. അംഗീകാരം ലഭിച്ചാല്‍ വരുന്ന ബജറ്റ് അവതരണത്തില്‍ ഇതു സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനമുണ്ടാകും. സാമ്പത്തിക വെല്ലുവിളികള്‍ സംബന്ധിച്ച യാഥാര്‍ഥ്യം ഉള്‍ക്കൊള്ളേണ്ട സമയമായിരിക്കുന്നുവെന്ന് ഇതു സംബന്ധിച്ച പ്രഖ്യാപനത്തിനിടെ ഹെഗല്‍ ചൂണ്ടിക്കാട്ടി.
പ്രതിരോധ ആവശ്യങ്ങള്‍ തൃപ്തികരമായി നിറവേറ്റാന്‍ ആവശ്യമായതിലുമധികം സൈനികര്‍ ഇപ്പോഴുണ്ട്. അഫ്ഗാനിസ്ഥാനിലെ സൈനിക ദൗത്യം കഴിയുന്നതോടെ സൈനികരുടെ എണ്ണം 490,000 ആകുമെന്നാണു കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു.

Sharing is Caring