ന്യൂഡല്‍ഹി: സോണിയാ ഗാന്ധിയും രാഹുല്‍ ഗാന്ധിയും പാര്‍ട്ടി സ്ഥാനങ്ങള്‍ രാജി വെക്കേണ്ടതില്ലെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി. തിരഞ്ഞെടുപ്പിലെ തോല്‍വിയുടെ ഉത്തരവാദിത്വം എറ്റെടുത്ത് സ്ഥാനം രാജിവെക്കാമെന്ന സോണിയാ ഗാന്ധിയുടെയും രാഹുല്‍ ഗാന്ധിയുടെയും നിര്‍ദേശം പ്രവര്‍ത്തക സമിതി യോഗം നിരാകരിക്കുകയായിരുന്നു.
പാര്‍ട്ടിയുടെ ഉന്നതനയരൂപവത്ക്കരണ സമിതി എന്ന നിലയില്‍ പരാജയത്തിന്റെ ഉത്തരവാദിത്വം പ്രവര്‍ത്തക സമിതി എറ്റെടുക്കുന്നതായി യോഗം പ്രമേയത്തിലൂടെ വ്യക്തമാക്കി. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ നേരിട്ട തിരിച്ചടികളുടെ പശ്ചാത്തലത്തില്‍ പാര്‍ട്ടിയില്‍ ആവശ്യമായ തിരുത്തല്‍ നടപടികള്‍ കൈക്കൊള്ളാനും പ്രവര്‍ത്തക സമിതി യോഗം തീരുമാനിച്ചു.
പാര്‍ട്ടിയില്‍ എല്ലാ തട്ടിലും ആവശ്യമായ മാറ്റങ്ങള്‍ വരുത്തുന്നതിനും ഉടച്ചു വാര്‍ക്കലിനും പാര്‍ട്ടി അധ്യക്ഷ സോണിയാഗാന്ധിയെ പ്രവര്‍ത്തക സമിതി യോഗം ചുമതലപ്പെടുത്തി. സര്‍ക്കാറിന്റെ ഭാഗത്തുനിന്നുണ്ടായ വീഴ്ചകള്‍ക്ക് താന്‍ ഉത്തരവാദിത്വം എറ്റെടുക്കുന്നതായി മന്‍മോഹന്‍ സിങ് യോഗത്തില്‍ പറഞ്ഞു.
41 പേരുള്ള പ്രവര്‍ത്തകസമിതിയിലെ അംഗങ്ങളില്‍ 38 പേര്‍ യോഗത്തില്‍ പങ്കെടുത്തു.

