ഫേസ്ബുക്ക് സ്റ്റാര്‍ട്ട് അപ് കമ്പനിയെ ഏറ്റെടുത്തു

ബാംഗ്ലൂര്‍: ബാംഗ്ലൂര്‍ ആസ്ഥാനമായുള്ള മൊബൈല്‍ ആപ്ലിക്കേഷന്‍ സ്റ്റാര്‍ട്ട് അപ് കമ്പനിയായ ലിറ്റില്‍ ഐ ലാബ്‌സിനെയാണ് ലോകത്തിലെ ഏറ്റവും വലിയ സോഷ്യല്‍ മീഡിയ കമ്പനിയായ ഫേസ് ബുക്ക് ഏറ്റെടുത്തു. തങ്ങളുടെ വെബ്‌സൈറ്റിലൂടെ ലിറ്റില്‍ ഐ ലാബ്‌സ് തന്നെയാണ് ഇക്കാര്യം പുറത്തുവിട്ടത്.
മൊബൈല്‍ ആപ്ലിക്കേഷനുകളെ വിശകലനം ചെയ്യാനും അതിന്റെ കാര്യക്ഷമത ഉയര്‍ത്താനും സഹായിക്കുന്ന സംവിധാനം വികസിപ്പിക്കുന്ന കമ്പനിയാണ് ലിറ്റില്‍ ഐ ലാബ്‌സ്. ഫേസ്ബുക്കിന്റെ ഭാഗമാകുന്നതോടെ മൊബൈല്‍ ഡെവലപ്‌മെന്റിനെ പുതിയൊരു തലത്തിലേക്ക് ഉയര്‍ത്താന്‍ കഴിയുമെന്ന് ലിറ്റില്‍ ഐ ലാബ്‌സിന്റെ ചീഫ് എക്‌സിക്യൂട്ടീവ് കുമാര്‍ രംഗരാജന്‍ പറഞ്ഞു.
ലിറ്റില്‍ ഐയെ ഏറ്റെടുക്കുകയാണെന്നും ആന്‍ഡ്രോയിഡില്‍ കൂടുതല്‍ മെച്ചപ്പെട്ട ഉത്പന്നങ്ങള്‍ നിര്‍മിക്കാന്‍ സ്ഥാപനത്തിന്റെ ലോക നിലവാരമുള്ള സാങ്കേതിക വിദ്യ ഉപയോഗപ്പെടുമെന്നും വിശ്വസിക്കുന്നതായി ഫേസ്ബുക്ക്
അധികൃതര്‍ ഇതു സ്ഥിരീകരിച്ചുകൊണ്ട് അറിയിച്ചു. എന്നാല്‍ എത്ര രൂപയ്ക്കാണ് ഫേസ്ബുക്ക് കമ്പനി ഏറ്റെടുത്തിരിക്കുന്നതെന്ന് വെളിപ്പെടുത്തിയിട്ടില്ല. എങ്കിലും 62 കോടി രൂപയ്ക്കും 93 കോടി രൂപയ്ക്കുമിടയിലാണ്  കരാര്‍ ഉറപ്പിച്ചിരിക്കുന്നതെന്നാണ് സൂചന.
ഏറ്റെടുക്കല്‍ നടപടി പൂര്‍ത്തിയാകുന്നതോടെ ലിറ്റില്‍ ഐ ലാബ്‌സിന്റെ പ്രവര്‍ത്തനം അമേരിക്കയിലെ കാലിഫോര്‍ണിയ മെന്‍ലോ പാര്‍ക്കിലുള്ള ഫേസ്ബുക്ക് ആസ്ഥാനത്തേക്കു മാറ്റും. അവിടെ ആപ്ലിക്കേഷനുകള്‍ വികസിപ്പിക്കുന്നതിന്റെ ഭാഗമായി അനാലിസിസ് ടൂളുകള്‍ ഇവര്‍ നിര്‍മിക്കും.
ബാംഗ്ലൂരില്‍ ടെക്‌നോളജി രംഗത്തു പ്രവര്‍ത്തിച്ചിരുന്ന ഗിരിധര്‍ മൂര്‍ത്തി, കുമാര്‍ രംഗരാജന്‍, സത്യം കണ്ടൂല, ലക്ഷ്മണ്‍ കാക്കിരാല എന്നീ നാലു പ്രൊഫഷണലുകള്‍ ചേര്‍ന്ന് 2012 മെയ് മാസം ആരംഭിച്ച കമ്പനിയാണ് ലിറ്റില്‍ ഐ ലാബ്‌സ്. നേരത്തെ ആപ്പിള്‍, ഐ.ബി.എം, എച്ച് പി, യാഹൂ എന്നിവിടങ്ങളില്‍ ജോലി ചെയ്തിരുന്നവരാണ് ഇവര്‍.

Spread the love

Leave a Reply

Your email address will not be published. Required fields are marked *