സരബ്ജിത്ത് വധം: ലാഹോറില്‍ വിചാരണ ആരംഭിച്ചു

ലാഹോര്‍: ഇന്ത്യക്കാരനായ സരബ്ജിത്ത് സിംഗിനെ കോട്‌ലാക്പത് ജയിലില്‍ മര്‍ദ്ദിച്ചുകൊന്ന സംഭവത്തില്‍ ലാഹോര്‍ കോടതി വിചാരണ ആരംഭിച്ചു. സരബ്ജിത്തിനെ മര്‍ദ്ദിച്ചു കൊലപ്പെടുത്തിയ കേസില്‍ സഹതടവുകാരായ അമര്‍ അഫ്താബ്, മുദാസര്‍ എന്നിവരാണു പ്രതികള്‍. കേസിന്റെ അടുത്തവിചാരണ 16നാണ്.
2013 ഏപ്രില്‍ മാസത്തിലാണ് പ്രതികള്‍ ക്രൂരമായി സരബ്ജിത്തിനെ മര്‍ദ്ദിച്ചത്. സംഭവത്തില്‍ തലയോടു തകര്‍ന്ന സരബ്ജിത് മേയില്‍ കൊല്ലപ്പെട്ടു. സരബ്ജിത്തിന്റെ മരണം ആസൂത്രിതമാണെന്ന് പാക് മനുഷ്യാവകാശ കമ്മീഷന്‍ വ്യക്തമാക്കിയിരുന്നു.
സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തിയ ജുഡീഷല്‍ അന്വേഷണ കമ്മീഷനു മുമ്പാകെ പ്രതികള്‍ കുറ്റസമ്മതം നടത്തി. ബോംബ് സ്‌ഫോടനങ്ങളില്‍ പാക്കിസ്ഥാനികളെ കൊലപ്പെടുത്തിയതിനു പ്രതികാരമായിട്ടാണു സരബ്ജിത്തിനെ ആക്രമിച്ചതെന്നാണു പ്രതികള്‍ മൊഴി നല്‍കിയത്. ജയിലിലെ മുപ്പതോളം വരുന്ന ഇന്ത്യന്‍ തടവുകാരുടെയും ഉദ്യോഗസ്ഥരുടെയും മൊഴി കമ്മീഷന്‍ രേഖപ്പെടുത്തി. കമ്മീഷന്റെ റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കും.
1990ല്‍ 14 പേര്‍ കൊല്ലപ്പെട്ട സ്‌ഫോടനപരമ്പരക്കേസിലാണു സരബ്ജിത് സിംഗ് അറസ്റ്റിലായത്. എന്നാല്‍ അബദ്ധത്തില്‍ അതിര്‍ത്തികടന്ന സരബ്ജിത്തിനെ പാക് അധികൃതര്‍ കുടുക്കുകയായിരുന്നുവെന്ന് ഇന്ത്യയിലെ കുടുംബാംഗങ്ങള്‍ ആരോപിച്ചു. സരബ്ജിത്തിനു കോടതി വിധിച്ച വധശിക്ഷ നടപ്പാക്കുന്നത് മുന്‍ പിപിപി സര്‍ക്കാര്‍ നീട്ടിവച്ചിരിക്കേയാണ് അദ്ദേഹം മര്‍ദനമേറ്റു മരിച്ചത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *