ദൃശ്യം, ജില്ല, കൂതറ, രസം ഇങ്ങനെ ലൊക്കേഷനില്‍ നിന്ന് ലൊക്കേഷനിലേക്ക് തിരിക്കിട്ടയാത്രയായിരുന്നു പോയ കുറച്ച് മാസങ്ങളായി മോഹന്‍ലാലിന്. അതിനിടയില്‍ കാശ്മീരില്‍ സൈനികരെ കാണാനും പോയി. ഇനി ഏതായാലും കുറച്ചു സമയം മൗനമായി വിശ്രമിക്കാന്‍ തന്നെ മോഹന്‍ലാല്‍ തീരുമാനിച്ചു. ഉന്മേഷം വീണ്ടെടുക്കുന്നതിനായി താന്‍ കുറച്ചു ദിവസം ആയുര്‍വേദ ചികിത്സയില്‍ ഏര്‍പ്പെടുകയാണെന്ന് മോഹന്‍ലാല്‍ തന്റെ ബ്ലോഗ് പോസ്റ്റിലൂടെ അറിയിച്ചു.
‘ചിലപ്പോള്‍ മനസ്സ് അങ്ങനെയാണ്. ഒന്നും പറയാന്‍ തോന്നില്ല. മിണ്ടാത്ത ഒരു തത്തയെപ്പോലെ അത് കൂട്ടിലേക്കൊതുങ്ങും. എന്റെ മനസ്സ് ഇപ്പോള്‍ അങ്ങനെയാണ്. കഴിഞ്ഞ രണ്ട് മാസങ്ങളായി വിശ്രമമില്ലാത്ത അദ്ധ്വാനമായിരുന്നു. മനസ്സിനേയും ശരീരത്തിനേയും അത് ഒരുപോലെ തളര്‍ത്തി. ഇത്തരം സന്ദര്‍ഭങ്ങളില്‍ ഞാന്‍ ആയുര്‍വേദ ചികിത്സയ്ക്ക് വിധേനയാവുകയാണ് ചെയ്യുക. മനസ്സിനും ശരീരത്തിനും ആത്മാവിനും ഒരുപോലെ ഒരു സൗഖ്യചികിത്സ. ശരീരത്തേയും മനസ്സിനേയുമടക്കി, മൗനപൂര്‍വം അല്‍പ്പം ദിവസങ്ങള്‍. അതിന്റെ സമയമാണിത്. അതുകഴിഞ്ഞ് പുത്തന്‍ ചിന്തകളും വിഷയങ്ങളുമായി വരാം…’ ഇങ്ങനെയാണ് ലാലിന്റെ ബ്ലോഗ് പോസ്റ്റ്
ക്രിസ്മസിന് റിലീസ് ചെയ്ത ദൃശ്യവും പൊങ്കാലിന് റിലീസായ ജില്ലയും മോഹന്‍ലാലിന്റെ പേരില്‍ കലക്ഷന്‍ റക്കോര്‍ഡുകള്‍ ഭേധിച്ച് മുന്നേറിക്കൊണ്ടിരിക്കുകയാണ്. വിമര്‍ശനങ്ങള്‍ക്കിടയില്‍ നല്ല ചിത്രമെന്ന പേര് സ്വന്തമാക്കാന്‍ ജിത്തു ജോസഫ് സംവിധാനം ചെയ്ത ദൃശ്യത്തിന് സാധിച്ചു. ഇളയ ദളപതി വിജയ്‌ക്കൊപ്പം അഭിനയിച്ച ജില്ലയാകട്ടെ കേരളത്തിലും തമിഴ്‌നാട്ടിലും മത്സരിച്ച് പ്രദര്‍ശനം തുടരുകയാണ്. ഇനി ലാലൊന്ന് വിശ്രമിച്ചാലും പ്രശ്‌നമില്ലെന്നാണ് ആരാധകരുടെ പക്ഷം