സോണിയ ഗാന്ധി 7ന് കോഴിക്കോട്ട്
കോഴിക്കോട്: യു ഡി എഫ് സ്ഥാനാര്‍ത്ഥികളുടെ തെരഞ്ഞെടുപ്പ് പ്രചാരണാര്‍ത്ഥം കേരളത്തിലെത്തുന്ന യു.പി.എ അധ്യക്ഷ ഏഴാം തിയതി വൈകുന്നേരം നാലുമണിക്ക് കോഴിക്കോട് കടപ്പുറത്ത് സംഘടിപ്പിക്കുന്ന തെരഞ്ഞെടുപ്പ് റാലിയില്‍ പ്രസംഗിക്കും. റാലിയില്‍ അരലക്ഷം പേര്‍ പങ്കെടുക്കുമെന്ന് ഡി സി സി പ്രസിഡണ്ട് കെ സി അബു, മുസ്്‌ലിംലീഗ് ജില്ലാ പ്രസിഡണ്ട് ഉമ്മര്‍ പാണ്ടികശാല എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. പാലക്കാട്, മലപ്പുറം,പൊന്നാനി, കോഴിക്കോട്, വടകര,വയനാട്, കണ്ണൂര്‍ എന്നീ മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളായ എം.പി വീരേന്ദ്രകുമാര്‍, കേന്ദ്രമന്ത്രി ഇ. അഹമ്മദ്, ഇ.ടി മുഹമ്മദ്ബഷീര്‍, എം.കെ രാഘവന്‍, കേന്ദ്രമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍, കെ. സുധാകരന്‍ എന്നിവര്‍ വേദിയില്‍ എത്തും. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, കെ.പി.സി.സി പ്രസിഡണ്ട്്് വി.എം. സുധീരന്‍, ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല, മുസ്്‌ലിംലീഗ് ദേശീയ ട്രഷററും വ്യവസായ,ഐ.ടി വകുപ്പ് മന്ത്രിയുമായ പി.കെ കുഞ്ഞാലിക്കുട്ടി എന്നിവരും സംബന്ധിക്കും.
ഒരു ബൂത്തില്‍ നിന്ന് ഒരു വാഹനം എന്ന നിലയില്‍ ആളുകളെ എത്തിക്കാന്‍ സംവിധാനം ഒരുക്കിയതായി കെ.സി അബു പറഞ്ഞു. കോഴിക്കോട് ജില്ലയിലുള്ള മൂന്ന് മണ്ഡലങ്ങളിലും യു.ഡി.എഫ് നല്ല ഭൂരിപക്ഷത്തിന് വിജയിക്കുമെന്ന് യു.ഡി.എഫ് നേതാക്കള്‍ പറഞ്ഞു. സോണിയാഗാന്ധിയുടെ സാന്നിധ്യം പ്രവര്‍ത്തകര്‍ക്ക് ആവേശം പകരും. ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയും ഭക്ഷ്യസുരക്ഷാബില്ലും കൊണ്ടുവന്ന യു.പി.എ സര്‍ക്കാറിനെ വീണ്ടും അധികാരത്തിലേറ്റാന്‍ ജനം തയാറാണെന്ന് തെരഞ്ഞെടുപ്പ് രംഗം സൂചന നല്‍കുന്നതായി നേതാക്കള്‍ പറഞ്ഞു. കോഴിക്കോടും വടകരയിലും ചന്ദ്രശേഖരന്‍ വധക്കേസ് തെരഞ്ഞെടുപ്പില്‍ പ്രധാന വിഷയമായിട്ടുണ്ട്്്. കേസ് സി.ബി.ഐക്ക് വിടണമെന്നത് കെ.കെ രമയുടെ ആവശ്യമായിരുന്നു. സര്‍ക്കാര്‍ അതനുസരിച്ച് നടപടികള്‍ സ്വീകരിച്ചു. സി.ബി.ഐ തടസ്സവാദങ്ങള്‍ ഉന്നയിച്ചത്്് യു.ഡി.എഫിന് ഗുണകരമായാണ് മാറിയിട്ടുള്ളത്. കെ.സി അബു പറഞ്ഞു.
വെസ്റ്റ്ഹില്‍ ഹെലിപ്പാഡില്‍ എത്തുന്ന സോണിയാഗാന്ധി കാറില്‍ ക്രിസ്ത്യന്‍കോളജിന് അടുത്തുള്ള ഓവര്‍ബ്രിഡ്ജ് വഴി ബീച്ചില്‍ എത്തിച്ചേരും. സുരക്ഷാ ക്രമീകരണങ്ങള്‍ ഉള്ളതിനാല്‍ പ്രവര്‍ത്തകര്‍ മൂന്ന് മണിക്ക് മുമ്പുതന്നെ സമ്മേളനനഗരിയില്‍ എത്തിചേരണമൈന്ന് കെ.സി അബു അറിയിച്ചു.
FLASHNEWS