ആപ്പിന്റെ ആരോപണം റിലയന്‍സ് നിഷേധിച്ചു

jpgദില്ലി: മുകേഷ് അംബാനിയ്ക്ക് വിദേശ ബാങ്കുകളില്‍ കള്ളപ്പണമുണ്ടെന്ന ആം ആദ്മി പാര്‍ട്ടിയുടെ ആരോപണം റിലയന്‍സ് ഇന്‍ഡസ്ട്രീസ് നിഷേധിച്ചു. റിലയന്‍സ് ഇന്‍ഡസ്ട്രീസിനോ ചെയര്‍മാന്‍ മുകേഷ് അംബാനിക്കോ ലോകത്തെവിടെയും അനധികൃതമായി അക്കൗണ്ടുകളില്ലെന്ന് കമ്പനി അറിയിച്ചു.
ആം ആദ്മിയുടെ കഴിഞ്ഞ ദിവസത്തെ റാലിയില്‍ മുകേഷ് അംബാനിയുടെയും സഹോദരന്‍ അനില്‍ അംബാനിയുടെയും സ്വിസ് ബാങ്ക് അക്കൗണ്ട് നമ്പറുകള്‍ അരവിന്ദ് കെജ്രിവാള്‍ വായിച്ചുകേള്‍പ്പിച്ചിരുന്നു. എ എ പി യുടെ ആരോപണങ്ങളെല്ലാം നിഷേധിക്കുന്നതായി റിലയന്‍സ് പ്രസ്താവനയില്‍ അറിയിച്ചു.
വിവിധ രാജ്യങ്ങളില്‍ പതിനായിരക്കണക്കിന് കോടികളുടെ വിറ്റുവരവുള്ള ബിസിനസ് താത്പര്യങ്ങള്‍ കമ്പനിക്കുണ്ട്. ബിസിനസ്സിന്റെ ഭാഗമായി റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ രാജ്യാന്തര ഉപകമ്പനികള്‍ ഒട്ടേറെ ആഗോള ബാങ്കുകളുമായി ഇടപാട് നടത്തുന്നുണ്ട്. ഈ അക്കൗണ്ടുകളെല്ലാം അതതു രാജ്യങ്ങളിലെയും ഇന്ത്യയിലെയും നിയമങ്ങള്‍ക്ക് അനുസൃതമായാണ് പ്രവര്‍ത്തിക്കുന്നതെന്ന് കമ്പനി അറിയിച്ചു.