വാഷിങ്ടണ്‍: അഫ്ഗാനിലെ അമേരിക്കന്‍ സൈന്യത്തെ പിന്‍വലിക്കുമെന്ന് ഹമീദ് കര്‍സായിയ്ക്ക് ബരാക്ക് ഒബാമയുടെ മുന്നറിയിപ്പ്. അഫ്ഗാനിലുള്ള അമേരിക്കന്‍ സൈനികരുടെ സുരക്ഷ സംബന്ധിച്ച കരാറില്‍ ഒപ്പിടാന്‍ കര്‍സായി വിസമ്മതിച്ചതിനെത്തുടര്‍ന്നാണ് സൈന്യത്തെ പിന്‍വലിക്കുമെന്ന് ഒബാമ വ്യക്തമാക്കിയത്. ഫോണിലൂടെയാണ് ഈ വിവരം അമേരിക്കന്‍ പ്രസിഡന്റ് കര്‍സായിയെ അറിയിച്ചത്.
ഈ വര്‍ഷം അവസാനത്തോടെ അമേരിക്കന്‍ സൈന്യത്തെ പിന്‍വലിക്കുമെന്നാണ് ഒബാമ അറിയിച്ചു. 2001ലെ സെപ്റ്റംബര്‍ 11ലെ വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണത്തെത്തുടര്‍ന്നാണ് അമേരിക്കന്‍ സൈന്യം അഫ്ഗാനില്‍ താലിബാനെതിരെ ആക്രമണം നടത്തിയത്. അന്നുമുതല്‍ അമേരിക്കന്‍ സൈന്യം അവിടെയുണ്ട്. ആ കാലയളവില്‍ അമേരിക്കയെ ഏറ്റവുമടുത്ത നയതന്ത്രപങ്കാളിയായാണ് അഫ്ഗാന്‍ കരുതിപ്പോന്നത്. താലിബാന്‍ ആക്രമണങ്ങളെ ചെറുക്കുന്നതില്‍ അമേരിക്കന്‍ സൈന്യം അഫ്ഗാനെ സഹായിച്ചിരുന്നു.
എന്നാല്‍ അടുത്തകാലത്തായി അമേരിക്കന്‍ സൈനികര്‍ക്കെതിരെയുണ്ടായ താലിബാന്‍ ആക്രമണങ്ങളെത്തുടര്‍ന്നാണ് സുരക്ഷാ കരാറില്‍ ഒപ്പിടാന്‍ അമേരിക്ക നിര്‍ബന്ധിച്ചത്. ഇതിനു അഫ്ഗാന്‍ വിസമ്മതിച്ചതോടെയാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തില്‍ ഉലച്ചിലുണ്ടായത്. ഇതാണ് സൈന്യത്തെ പിന്‍വലിക്കാനുള്ള ആലോചനയിലേക്ക് അമേരിക്കയെ എത്തിച്ചത്.