സൗരവ് ഗാംഗുലിയ്ക്ക് ഡോക്ടറേറ്റ്

downloadകൊല്‍ക്കത്ത: മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ സൗരവ് ഗാംഗുലിക്ക് ഡോക്ടറേറ്റ് ലഭിച്ചു. രാജ്യത്തെ കായികരംഗത്തിന് നല്‍കിയ അതുല്യ സംഭവാനകള്‍ കണക്കിലെടുത്ത് ബംഗാള്‍ എന്‍ജിനിയറിംഗ് ആന്‍ഡ് സയന്‍സ് സര്‍വ്വകലാശാലയാണ് സൗരവിനെ ഡോക്ടറേറ്റ് നല്‍കി ആദരിച്ചത്.
പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ എം കെ നാരായണനാണ് സൗരവിന് ഡോക്ടറേറ്റ് ബിരുദം നല്‍കിയത്. ഏത് രംഗത്തായാലും പരമാവധി അര്‍പ്പിക്കാനുള്ള ആര്‍ജ്ജവമാണ് ഒരാളെ വിജയിയാക്കുന്നതെന്ന് വിദ്യാര്‍ത്ഥികളെ അഭിസംബോധന ചെയ്ത് സംസാരിക്കവെ സൗരവ് ഗാംഗുലി പറഞ്ഞു.
ഈ ക്യാംപസിന് പുറത്തുപോകുന്നതിന് മുമ്പ് നിങ്ങളെക്കൊണ്ട് ആകുന്നവിധം പരമാവധി എല്ലാം പഠിത്തത്തിനുവേണ്ടി അര്‍പ്പിക്കണം. അതുപോലെ ജോലിചെയ്യുമ്പോഴും ഇക്കാര്യം ശ്രദ്ധിക്കണം. എങ്കില്‍ നിങ്ങള്‍ക്ക് വിജയിക്കാനാകും. ഏതു രംഗത്തായാലും 100 ശതമാനം അര്‍പ്പിക്കാന്‍ തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു. നിറഞ്ഞ കരഘോഷത്തോടെയാണ് സൗരവിന്റെ വാക്കുകളെ വിദ്യാര്‍ത്ഥികള്‍ എതിരേറ്റത്.