അന്തരിച്ച പ്രശസ്ത പിന്നണിഗായിക ആശാ ഭോസ്ലെയുടെ സംസ്കാരം ഇന്ന് വൈകിട്ട് നാലിന് മുംബൈയിലെ ശിവാജി പാർക്കില്‍ സംസ്ഥാന സർക്കാരിന്റെ ഔദ്യോഗിക ബഹുമതികളോടെ നടക്കും .സംസ്കാരചടങ്ങുകളില്‍ ആരാധകർ ഒത്തുകൂടുന്നത് ഒഴിവാക്കണമെന്ന് മകൻ ആനന്ദ് ഭോസ്ലെ അഭ്യർത്ഥിച്ചു.നിരവധി പ്രമുഖർ ഇന്നലെ ആശാ ഭോസ്ലെയുടെ വസതിയില്‍ എത്തി അതിമോപചാരം അർപ്പിച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി ഉള്‍പ്പടെ പ്രമുഖരും ആശാ ഭോസ്ലെയുടെ മരണത്തില്‍ അനുശോചനം അറിയിച്ചിരുന്നു.ഞായറാഴ്ച ഉച്ചയോടെ മുംബൈയിലെ ബ്രീച്ച് കാൻഡി ഹോസ്പിറ്റലില്‍ വച്ചായിരുന്നു ആശാ ഭോസ്ലെയുടെ അന്ത്യം.
ഹൃദയാഘാതവും, ശ്വാസകോശ സംബന്ധവുമായ പ്രശ്നങ്ങളോടെ ശനിയാഴ്ചയാണ് ആശാ ഭോസ്ലെയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആശാ ബോസ്ലെയുടെ മരണത്തോടെ ഇന്ത്യൻ സിനിമ ഗാന രംഗത്തെ ഒരു യുഗത്തിനാണ് അന്ത്യമാകുന്നത്.800ലധികം ചിത്രങ്ങളിലായി പതിനായിരത്തിലധികം ഗാനങ്ങള്‍ പാടിയിട്ടുള്ള ആശ ഒരു വെഴ്സ്റ്റൈല്‍ സിംഗറായിട്ടാണ് അറിയപ്പെടുന്നത്.

ക്ലാസിക്കല്‍, കാബറേ, പോപ്പ്, ഗസലുകള്‍ എന്നിവയിലൂടെ അനായാസമായി പാടാൻ ആശ ഭോസ്ലെയ്ക്ക് കഴിഞ്ഞിട്ടുണ്ട്. രണ്ട് ദേശീയ പുരസ്കാരങ്ങള്‍, ഫിലിം ഫെയർ അവാർഡുകള്‍, മഹാരാഷ്ട്ര സർക്കാരിന്റെ പുരസ്കാരങ്ങള്‍ തുടങ്ങി നിരവധി അവാർഡുകള്‍ ആശയെ തേടിയെത്തിയിട്ടുണ്ട്. 2000ല്‍ ദാദാസാഹിബ് ഫാല്‍ക്കെ പുരസ്കാരം ലഭിച്ചു. ബംഗാളിലെ പരമോന്നത ബഹുമതിയായ ബംഗാബിഭൂഷണും ആശക്ക് ലഭിച്ചിട്ടുണ്ട്.













