നിതിന്‍ രാജിന്റെ മരണം; ലോണ്‍ ആപ്പ് വഴി ഭീഷണിപ്പെടുത്തിയവര്‍ പിടിയില്‍


അഞ്ചരക്കണ്ടി ഡെന്റല്‍ കോളജ് ഒന്നാം വര്‍ഷ ബിഡിഎസ് വിദ്യാര്‍ഥി ആര്‍എല്‍ നിതിന്‍രാജ് ആശുപത്രിക്കെട്ടിടത്തില്‍നിന്നു ചാടിമരിച്ച സംഭവത്തില്‍ ലോണ്‍ ആപ്പ് വഴി ഭീഷണിപ്പെടുത്തിയവര്‍ പിടിയില്‍യ യുപി സ്വദേശികളായ മൂന്ന് പേരാണ് സൈബര്‍ പൊലീസിന്റെ പിടിയിലായത്. ഇവരെ ഉത്തര്‍പ്രദേശിലെ നോയിഡയില്‍ നിന്നാണ് പിടികൂടിയതെന്ന് സൈബര്‍ പൊലീസ് അറിയിച്ചു. പ്രതികള്‍ ആളുകളെ വിളിച്ചിരുന്നത് സിം ബോക്‌സുകളിലൂടെയാണെന്നും ഇവരില്‍ നിന്ന് മുപ്പത് സിമ്മുകള്‍ പിടിച്ചെടുത്തതായും സൈബര്‍ പൊലീസ് പറഞ്ഞു.


വിദ്യാര്‍ഥിയുടെ ആത്മഹത്യയില്‍ ‘ഇന്‍സ്റ്റ പേ ലോണ്‍’ ആപ്പിനെതിരെ പൊലീസ് കേസ് എടുത്തിരുന്നു. ബിഎന്‍എസ് 308 ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് കേസ്. 36% പലിശയ്ക്കാണു നിതിന് 15000 രൂപ വായ്പ നല്‍കിയതെന്ന് എഫ്‌ഐആറില്‍ പറയുന്നു. തുക തിരിച്ചു പിടിക്കുന്നതിനായി ലോണ്‍ ആപ്പുകാര്‍ ഫോണിലൂടെ നിതിനെ നിരന്തരം ഭീഷണിപ്പെടുത്തിയെന്നും മാനസികമായി പ്രതിസന്ധിയിലാക്കിയെന്നും എഫ്‌ഐആറില്‍ പറയുന്നു.


ലോണ്‍ ആപ്പില്‍ നിന്ന് അധ്യാപികയായ ലതയ്ക്ക് നിരന്തരം ഫോണ്‍ കോളുകള്‍ വന്നിരുന്നു. തുടര്‍ന്ന് നിതിന്‍ രാജിനെ പ്രിന്‍സിപ്പല്‍ ചേംബറില്‍ വിളിച്ച് വരുത്തി ചോദ്യം ചെയ്തിരുന്നു. ഇതിനുപിന്നാലെയാണ് നിതിന്‍ ആത്മഹത്യ ചെയ്തത്. ആത്മഹത്യയില്‍ ലോണ്‍ ആപ്പിന് പങ്കുണ്ടെന്ന് നേരത്തെ പൊലീസ് കണ്ടെത്തിയിരുന്നു. നിതിന്റെ ആത്മഹത്യയ്ക്ക് ശേഷം ലത സൈബര്‍ സെല്ലിന് പരാതി നല്‍കി. ഈ പരാതി സൈബര്‍ സെല്ല് ചക്കരക്കല്ല് പൊലീസിന് കൈമാറുകയും സ്വമേധയാ കേസെടുക്കുകയുമായിരുന്നു.



Sharing is Caring