ഉത്തരേന്ത്യൻ നഗരങ്ങളിലേക്ക് സേവനം വ്യാപിപ്പിച്ച് ആസ്റ്റർ വോളന്റിയേഴ്‌സ്; മൊബൈൽ മെഡിക്കൽ ശൃംഖലയിൽ ഇനി 76 യൂണിറ്റുകൾ


കോഴിക്കോട്: ആസ്റ്റർ ഡിഎം ഹെൽത്ത്കെയറിന്റെ ആഗോള സിഎസ്ആർ വിഭാഗമായ ആസ്റ്റർ വോളന്റിയേഴ്‌സ് ബെംഗളൂരുവിൽ അഞ്ച് പുതിയ മൊബൈൽ മെഡിക്കൽ യൂണിറ്റുകൾ കൂടി പുറത്തിറക്കി തങ്ങളുടെ സേവന ശൃംഖല വിപുലീകരിച്ചു. ഇതോടെ ആസ്റ്റർ വോളന്റിയേഴ്‌സിന്റെ ആഗോള മൊബൈൽ മെഡിക്കൽ യൂണിറ്റുകളുടെ എണ്ണം 76-ഉം ഇന്ത്യയിലെ യൂണിറ്റുകളുടെ എണ്ണം 54-ഉം ആയി.


കേപെക്‌സ് മുഖാന്തരം ആസ്റ്റർ ഡിഎം ഫൗണ്ടേഷൻ വഴിയാണ് ആസ്റ്റർ വോളന്റിയേഴ്‌സ് ഇതിനാവശ്യമായ ധനസഹായം ലഭ്യമാക്കിയത്. തണൽ- ദയ റിഹാബിലിറ്റേഷൻ ട്രസ്റ്റ്, മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്‌സ് ചാരിറ്റബിൾ ട്രസ്റ്റ് എന്നിവയുടെ സഹകരണത്തോടെ നടപ്പിലാക്കുന്ന ഈ പദ്ധതി, സാമൂഹിക ബന്ധം ശക്തമാക്കുകയും ആരോഗ്യസേവന രംഗത്ത് ദീർഘകാല അടിസ്ഥാനത്തിൽ സുസ്ഥിരത ഉറപ്പാക്കുകയും ചെയ്യും. പുതിയ മെഡിക്കൽ യൂണിറ്റുകൾ റാഞ്ചി, കാൺപൂർ, ഭോപ്പാൽ, ജയ്പൂർ, ഭുവനേശ്വർ എന്നിവിടങ്ങളിലെ ചേരിപ്രദേശങ്ങൾ, തെരുവോരങ്ങളിൽ താമസിക്കുന്നവർ, വയോധികർ, ഭവനരഹിതർ എന്നിവരെ കേന്ദ്രീകരിച്ച് പ്രവർത്തിക്കാനാണ് വിന്യസിച്ചിരിക്കുന്നത്. ആസ്റ്റർ വോളന്റിയേഴ്‌സ് തണലുമായി ചേർന്ന് മുൻപ് തന്നെ ചെന്നൈ, ബെംഗളൂരു, മുംബൈ, പട്ന, കൊൽക്കത്ത എന്നിവിടങ്ങളിൽ അഞ്ച് യൂണിറ്റുകൾ വിന്യസിച്ചിരുന്നു.


ബെംഗളൂരുവിൽ നടന്ന ചടങ്ങിൽ ആസ്റ്റർ ഡിഎം ഹെൽത്ത്കെയർ സ്ഥാപക ചെയർമാൻ ഡോ. ആസാദ് മൂപ്പൻ, ആസ്റ്റർ ഡിഎം ഹെൽത്ത് കെയർ ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടർ അലീഷ മൂപ്പൻ, ദയ റിഹാബിലിറ്റേഷൻ ട്രസ്റ്റ് (തണൽ) ട്രസ്റ്റി അബ്ദുൽ നാസർ, കർണാടക മലബാർ ഗ്രൂപ്പ് റീജിയണൽ ഹെഡ് ഫിൽസർ ബാബു എന്നിവർ ചേർന്ന് മൊബൈൽ മെഡിക്കൽ യൂണിറ്റുകൾ ഫ്‌ലാഗ് ഓഫ് ചെയ്തു.

ഏറ്റവും ആവശ്യമുള്ള വിഭാഗങ്ങളിലേക്ക് ഗുണനിലവാരമുള്ള ചികിത്സ എത്തുന്നുണ്ടെന്ന് ഉറപ്പാക്കാനുള്ള ഞങ്ങളുടെ തുടർച്ചയായ പരിശ്രമത്തിന്റെ പ്രതിഫലമാണ് ഈ പുതിയ മൊബൈൽ മെഡിക്കൽ യൂണിറ്റുകൾ എന്ന് ഡോ. ആസാദ് മൂപ്പൻ പറഞ്ഞു. വൈദ്യസഹായം നേരിട്ട് ജനങ്ങളിലേക്ക് എത്തിക്കുന്നതിലൂടെ രോഗപ്രതിരോധ പരിശോധനകൾ, പ്രാരംഭഘട്ടത്തിലുള്ള രോഗനിർണ്ണയം, കൃത്യസമയത്തുള്ള ഇടപെടൽ എന്നിവ സാധാരണക്കാർക്ക് ഉറപ്പാക്കി ആരോഗ്യസേവനം കൂടുതൽ ശക്തമാക്കാൻ ഈ പദ്ധതി സഹായിക്കും. ഇവ വെറുമൊരു സഞ്ചരിക്കുന്ന ക്ലിനിക്കുകളല്ല, മറിച്ച് എല്ലാവർക്കും തുല്യമായ ആരോഗ്യസേവനം ലഭ്യമാക്കുന്നതിനും ചികിത്സാ സൗകര്യങ്ങളിലെ വിടവുകൾ നികത്തുന്നതിനുമുള്ള സുപ്രധാന ചുവടുവെപ്പാണെന്നും അദ്ദേഹം പറഞ്ഞു.

ആസ്റ്റർ വോളന്റിയേഴ്‌സ്, തണൽ എന്നിവരുമായി സഹകരിക്കുന്നതിൽ ഏറെ അഭിമാനമുണ്ടെന്ന് മലബാർ ഗ്രൂപ്പ് ചെയർമാൻ എം.പി. അഹമ്മദ് പറഞ്ഞു. അർഹരായ ജനവിഭാഗങ്ങൾക്ക് ചികിത്സ എത്തിക്കുന്നതിൽ ഈ കൂട്ടായ പ്രവർത്തനം വലിയ മാറ്റമുണ്ടാക്കുമെന്നും സേവനരംഗത്തെ ഈ സഹകരണം വരുംകാലങ്ങളിലും തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.

സൗജന്യ കൺസൾട്ടേഷനുകൾ, ജീവിതശൈലീ രോഗങ്ങൾക്കായുള്ള പരിശോധനകൾ, മാതൃ-ശിശു ആരോഗ്യ പരിപാലനം, ആരോഗ്യ ബോധവൽക്കരണം എന്നിവയാണ് പ്രധാന സേവനങ്ങൾ. ആധുനിക സജ്ജീകരണങ്ങളോട് കൂടിയ ഈ യൂണിറ്റുകൾ അടിയന്തര സാഹചര്യങ്ങളിൽ രോഗികളെ വിദഗ്ധ ചികിത്സയ്ക്കായി ആശുപത്രികളിലേക്ക് റഫർ ചെയ്യാനും സഹായിക്കും.

ലഭ്യമായതും താങ്ങാനാവുന്നതുമായ ആരോഗ്യപരിരക്ഷ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ, ആസ്റ്റർ വോളന്റിയേഴ്‌സിലൂടെയും മറ്റ് മെഡിക്കൽ ഔട്ട്റീച്ച് പദ്ധതികളിലൂടെയും ആസ്റ്റർ തങ്ങളുടെ സേവനം തുടർന്നു വരികയാണ്. ചികിത്സാ സൗകര്യങ്ങൾ പരിമിതമായ ഇടങ്ങളിലേക്ക് അത്യാധുനികവും അത്യാവശ്യവുമായ മെഡിക്കൽ സേവനങ്ങൾ എത്തിക്കുകയാണ് ഇതിലൂടെ ചെയ്യുന്നത്. കൃത്യസമയത്തുള്ള സഹായം, പ്രതിരോധ ചികിത്സ, സമൂഹത്തെ കേന്ദ്രീകരിച്ചുള്ള മെഡിക്കൽ പിന്തുണ എന്നിവയിലൂടെ ആരോഗ്യമേഖലയിലെ നിലവിലുള്ള വിടവുകൾ നികത്തുന്നതിലാണ് ഇവ പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. തുല്യവും എല്ലാവരെയും ഉൾക്കൊള്ളുന്നതുമായ ആരോഗ്യപരിരക്ഷ നൽകുക എന്ന ആസ്റ്ററിന്റെ ദീർഘകാല കാഴ്ചപ്പാടിനെ ശക്തിപ്പെടുത്തുന്നതാണ് ഈ പ്രവർത്തനങ്ങൾ.

ആസ്റ്റർ വോളന്റിയേഴ്‌സിനെക്കുറിച്ച്

ആസ്റ്റർ ഡിഎം ഹെൽത്ത്കെയറിന്റെ ആഗോള സിഎസ്ആർ സംരംഭമാണ് ആസ്റ്റർ വോളന്റിയേഴ്‌സ്. മുൻ രാഷ്ട്രപതി പ്രണബ് മുഖർജിയുടെ പ്രചോദനത്താലും പിന്തുണയാലും 2017-ലാണ് ഇത് ആരംഭിച്ചത്. സമൂഹത്തിന് തിരികെ നൽകുക എന്ന തത്വത്തിലൂന്നി പ്രവർത്തിക്കുന്ന ഈ പദ്ധതിയിലൂടെ, കഴിഞ്ഞ 9 വർഷത്തിനിടെ ഒരു ലക്ഷത്തിലധികം രജിസ്റ്റർ ചെയ്ത വോളന്റിയർമാരുടെ സഹായത്തോടെ 22 രാജ്യങ്ങളിലെ 80 ലക്ഷത്തിലധികം ആളുകളുടെ ജീവിതത്തെ സ്പർശിക്കാൻ ആസ്റ്റർ വോളന്റിയേഴ്‌സിന് സാധിച്ചു. ദുരന്ത നിവാരണ പ്രവർത്തനങ്ങൾ, മൊബൈൽ മെഡിക്കൽ സേവനങ്ങൾ, അർഹരായവർക്ക് സൗജന്യമായോ കുറഞ്ഞ നിരക്കിലോ ഉള്ള ശസ്ത്രക്രിയകൾ, മെഡിക്കൽ ക്യാമ്പുകൾ, രക്തദാന ക്യാമ്പുകൾ, ആരോഗ്യ ബോധവൽക്കരണ കാമ്പെയ്നുകൾ എന്നിവയാണ് പ്രധാന പ്രവർത്തനങ്ങൾ. ഇതിനുപുറമെ സ്ത്രീ ശാക്തീകരണം, വിദ്യാഭ്യാസം, സാമൂഹിക പുരോഗതി എന്നിവയിൽ സുസ്ഥിരമായ പരിഹാരങ്ങൾ കണ്ടെത്തുന്നതിനും ആസ്റ്റർ വോളന്റിയേഴ്‌സ് മുൻഗണന നൽകുന്നു.

ആസ്റ്റർ ഡിഎം ഹെൽത്ത്കെയർ ഇന്ത്യ

ഇന്ത്യയിലെ ഏറ്റവും വലിയ ആരോഗ്യസേവന ദാതാക്കളിൽ ഒന്നാണ് ആസ്റ്റർ ഡിഎം ഹെൽത്ത്കെയർ ലിമിറ്റഡ്. ഇന്ത്യയിലെ 5 സംസ്ഥാനങ്ങളിലായി 20 ആശുപത്രികൾ (5,451 കിടക്കകൾ), 10 ക്ലിനിക്കുകൾ, 203 ഫാർമസികൾ (ആസ്റ്ററിന്റെ ബ്രാൻഡ് ലൈസൻസിന് കീഴിൽ ആൽഫ വൺ റീട്ടെയിൽ ഫാർമസി പ്രൈവറ്റ് ലിമിറ്റഡ് പ്രവർത്തിപ്പിക്കുന്നത്), 302 ലാബുകൾ എന്നിവയിലൂടെ പ്രൈമറി മുതൽ ക്വാട്ടേണറി കെയർ വരെയുള്ള മികച്ച ചികിത്സാ സൗകര്യങ്ങൾ ആസ്റ്റർ നൽകുന്നു. ‘We’ll Treat You Well’ (ഞങ്ങൾ നിങ്ങളെ നന്നായി പരിചരിക്കും) എന്ന ലളിതവും എന്നാൽ ശക്തവുമായ വാഗ്ദാനമാണ് ആസ്റ്റർ മുന്നോട്ടുവെക്കുന്നത്.



Sharing is Caring