അഹമ്മദാബാദ്: ബിജെപി പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി നരേന്ദ്ര മോദിയുടെ തട്ടകത്തില്‍ അദ്ദേഹത്തിനെതിരേ വിമര്‍ശനശരങ്ങളെയ്ത് കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ഇന്ത്യയ്ക്ക് ഒരു വാച്ച്മാനെ ആവശ്യമില്ലെന്നാണ് രാഹുല്‍ അറിയിച്ചത്. ഇന്ത്യന്‍ ജനതയുടെ സംരക്ഷകനായി സ്വയം അവകാശപ്പെട്ട മോദിക്കു മറുപടിയായാണ് രാഹുല്‍ ഇങ്ങനെ പ്രതികരിച്ചത്.
കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പു പ്രചാരണങ്ങളുടെ ഭാഗമായി ഗുജറാത്തിലെ ബാലസിനോറില്‍ നടത്തിയ റാലിയില്‍ പ്രസംഗിക്കുകയായിരുന്നു പാര്‍ട്ടി വൈസ് പ്രസിഡന്റ്. അതേസമയം തന്റെ പ്രസംഗത്തില്‍ അദ്ദേഹം മോദിയെ പേരെടുത്തു പരാമര്‍ശിച്ചില്ല.
ഇന്ത്യയ്ക്ക് ഒരു സുരക്ഷാ വാച്ച്മാനെ ആവശ്യമില്ല. ജനങ്ങള്‍ക്ക് അവരുടെ അവകാശങ്ങളാണ് വേണ്ടത്. ഗുജറാത്ത് തിളങ്ങുന്നുണ്ട്, അത് ഒരുപിടി ആളുകള്‍ക്കു മാത്രമാണ്. സംസ്ഥാനത്തിലെ പാവപ്പെട്ടവരുടെയും സ്ത്രീകളുടെയും കാഴ്ചയില്‍ ഗുജറാത്തിന് അത്ര തിളക്കമില്ലെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.