ഓപ്പറേഷന്‍ കുബേര കോഴിക്കോട്ട് അട്ടിമറിച്ചു

Kuberaകോഴിക്കോട്: ബ്ലേഡ് മാഫിയയെ ഒതുക്കാന്‍ നടത്തുന്ന ഓപ്പറേഷന്‍ കുബേര കോഴിക്കോട് ജില്ലയില്‍ അട്ടിമറിക്കപ്പെട്ടതായി ആരോപണം. തിരുവനന്തപുരത്ത് അഞ്ചംഗ കുടുംബം ബ്ലേഡ് മാഫിയയുടെ ഭീഷണിയെത്തുടര്‍ന്ന് ജീവിനൊടുക്കിയതിനെത്തുടര്‍ന്ന് ഓപ്പറേഷന്‍ കുബേരയെന്ന പേരില്‍ റെയ്ഡും നടപടികളും ശക്തമാക്കിയിരിക്കുകയാണ്. എന്നാല്‍ ഇത്തരം നടപടികള്‍ മുന്നേ നടന്നിരുന്നെങ്കില്‍ ഇന്നത്തെ ഭീകരാവസ്ഥ ഉണ്ടാവുമായിരുന്നില്ലെന്ന് ബ്ലേഡ് മാഫിയകളുടെ ഇരകളാക്കപ്പെട്ടവര്‍ പറയുന്നു.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലെന്ന പോലെ കോഴിക്കോട് ജില്ലയിലും ബ്ലേഡ് മാഫിയയുടെ ഭീഷണി മുമ്പ് തന്നെ ശക്തമായിരുന്നു. എന്നാല്‍ ഇരകളുടെ പരാതികള്‍ കേള്‍ക്കാനോ നടപടി സ്വീകരിക്കാനോ അധികൃതര്‍ തയ്യാറാവാത്തത് ഇവരുടെ ശക്തി വര്‍ദ്ധിപ്പിക്കുകയായിരുന്നു. താമരശ്ശേരി ഉണ്ണികുളം ആനപ്പാറ വീട്ടില്‍ ടി പി അബ്ദുള്‍ മജീദ് ബ്ലേഡ് മാഫിയാ സംഘത്തിനെതിരെ നിരവധി പരാതികള്‍ നല്‍കിയിരുന്നുവെങ്കിലും ഒന്നിലും നടപടിയുണ്ടായില്ല.
വ്യാപാരിയായിരുന്ന മജീദ് ബിസിനസ്സ് തകര്‍ച്ചയെ തുടര്‍ന്നാണ് ബാലുശ്ശേരി സ്വദേശിയായ ചാക്കോളാസ് എന്നറിയപ്പെടുന്ന പി എം ചാക്കോയില്‍ നിന്ന് രണ്ടു ലക്ഷം രൂപ വാങ്ങിയത്. അഞ്ച് വര്‍ഷം കൊണ്ട് ഇതിന്റെ ഇരട്ടിയിലധികം തുക മജീദ് തിരിച്ചു നല്‍കുകയും ചെയ്തു. എന്നാല്‍ പണം വാങ്ങുമ്പോള്‍ മജീദ് ഈടുനല്‍കിയിരുന്ന സ്ഥലം മടക്കി നല്‍കാന്‍ ഇയാള്‍ തയ്യാറായില്ല. പണം ഇടപാട് അവസാനിക്കുന്ന മുറയ്ക്ക് മടക്കി രജിസ്ട്രര്‍ ചെയ്തുതരാമെന്നായിരുന്നു ബ്ലേഡ് സംഘം വ്യക്തമാക്കിയിരുന്നത്. ഇവരുടെ ഭീഷണി ശക്തമായതിനെത്തുടര്‍ന്ന് മജീദ് ബ്ലേഡ് മാഫിയാ ശൃംഖലയെപ്പറ്റി രേഖകളും തെളിവുകളും ഹാജരാക്കി നിരവധി തവണ ബാലുശ്ശേരി പൊലീസില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ പൊലീസ് നടപടികള്‍ ഒന്നും സ്വീകരിച്ചില്ലെന്ന് മജീദ് പറയുന്നു. തുടര്‍ന്ന് ചീഫ് സെക്രട്ടറി, ഡി ജി പി എന്നിവര്‍ക്ക് പരാജി നല്‍കിയതിനെത്തുടര്‍ന്ന് പൊലീസ് വിശ്വാസ വഞ്ചനാ കുറ്റം ചുമത്തി എഫ് ഐ ആര്‍ രജിസ്ട്രര്‍ ചെയ്തിരുന്നെങ്കിലും കാര്യമൊന്നും ഉണ്ടായില്ലെന്നും ഇദ്ദേഹം പറയുന്നു. ഇതിനിടെ സുപ്രീം കോടതിയില്‍ നിന്ന് ചാക്കോയ്ക്ക് മുന്‍കൂര്‍ ജാമ്യം നേടാന്‍ പൊലീസ് അവസരമൊരുക്കുകയും ചെയ്തു.
പ്രദേശത്തെ നാനൂറില്‍ പരം കുടുംബങ്ങള്‍ ബ്ലെഡ് മാഫിയകളുടെ വഞ്ചനകള്‍ക്കും പീഡനങ്ങള്‍ക്കും ഇരയായിട്ടുണ്ട്. പണം നല്‍കുമ്പോള്‍ ബ്ലാങ്ക് ചെക്കുകള്‍ക്ക് പുറമെ വായ്പാ തുകയുടെ മൂന്നിരട്ടി വിലയുള്ള ഭൂമി തന്റെ പേരിലേക്ക് പണം വാങ്ങുന്ന ആളുടെ ചെലവില്‍ രജിസ്ട്രര്‍ ചെയ്തുകൊടുക്കണമെന്നതാണ് ഇത്തരം ബ്ലേഡ് സംഘങ്ങളുടെ ആവശ്യം. സംസ്ഥാനത്ത് കോഴിക്കോട്ട് മാത്രമാണ് ഇത്തരം ബ്ലേഡ് ഇടപാടുകള്‍ നടക്കുന്നതെന്ന് ഉദ്യോഗസ്ഥര്‍ തന്നെ സമ്മതിക്കുന്നുണ്ട്.
പണം തിരിച്ചുകൊടുക്കുമ്പോള്‍ ഭൂമി തിരിച്ചു നല്‍കുമെന്ന് വാക്കാല്‍ ഉറപ്പുനല്‍കുമെങ്കിലും പലിശ അടയ്ക്കുന്നത് മുടങ്ങിയാല്‍ ഭൂമി മറിച്ചു വില്‍ക്കുകയോ സ്വന്തക്കാരുടെ പേരിലേക്ക് മാറ്റുകയോ ആണ് ഇവരുടെ രീതി. താമരശ്ശേരി, ബാലുശ്ശേരി, പേരാമ്പ്ര സബ് രജിസ്ട്രാര്‍ ഓഫീസുകളില്‍ അഞ്ഞൂറിലേറെ ഭൂമി ഇടപാടുകള്‍ ചാക്കോയുടെ പേരില്‍ മാത്രം നടന്നതായി വിവരാവകാശ രേഖകള്‍ വ്യക്തമാക്കുന്നുണ്ട്. 2009 മുതല്‍2013 വരെ മൂന്നൂറില്‍ പരം ആധാരങ്ങളാണ് ഇടപാടുകാരെ വഞ്ചിച്ചും പീഡിപ്പിച്ചും രജിസ്ട്രാക്കി വാങ്ങിയിട്ടുള്ളത്. ഇദ്ദേഹത്തിന്റെ ഭാര്യ 2009 മുതല്‍ 2012 വരെ അറുപതോളം ആധാരങ്ങള്‍ രജിസ്ട്രാക്കി വാങ്ങിയിട്ടുണ്ടെന്നും വ്യക്തമാക്കപ്പെടുന്നു.
ഇപ്പോഴും ഇവര്‍ പണമിടപാട് തുടര്‍ന്നുകൊണ്ടിരിക്കുകയുമാണ്. തന്റെ പരാതിയെത്തുടര്‍ന്ന് പൊലീസ് കണ്ടുകെട്ടിയ ആധാരത്തിലെ വസ്തുവഹകള്‍ പോലും നിയമവിരുദ്ധമായി കൈമാറ്റം നടത്തപ്പെട്ടിട്ടുണ്ടെന്നും മജീദ് വ്യക്തമാക്കുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *