കോഴിക്കോട്: വിദ്യാഭ്യാസ വായ്പ എടുത്തവരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്ന് എഡ്യുക്കേഷന്‍ ലോണീസ് വെല്‍ഫയര്‍ ഓര്‍ഗനൈസേഷന്‍ സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. 2013 ഡിസംബര്‍ 31 വരെയുള്ള വിദ്യാഭ്യാസ വായ്പയുടെ പലിശ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ എറ്റെടുക്കുമെന്ന് പ്രഖ്യാപിച്ചെങ്കിലും ഇതുവരെ പ്രാബല്യത്തില്‍ വന്നിട്ടില്ല. സര്‍ക്കാര്‍ നിബന്ധന അനുസരിച്ച് നിലവില്‍ ബാക്കിയുള്ള പലിശയ്ക്ക് മാത്രമേ സബ്‌സിഡി അനുവദിയ്ക്കുകയുള്ളു. വായ്പ എടുത്തവര്‍ തിരിച്ചടയ്ക്കുന്ന സംഖ്യ ബാങ്കുകള്‍ പലിശയിലേക്കാണ് വരവ് വെയ്ക്കുന്നത്.
ഇത് മൂലം വിദ്യാഭ്യാസ വായ്പയിലെ ബാധ്യത മാറ്റമില്ലാതെ തുടരുകയാണ്. കേരളത്തിലെ വിദ്യാഭ്യാസ വായ്പ എടുത്ത ലക്ഷക്കണക്കിന് കുടുംബങ്ങള്‍ കടക്കെണിയിലകപ്പെടുന്ന ഈ സാഹചര്യത്തില്‍ സര്‍ക്കാര്‍ മുന്‍കൈയ്യെടുത്ത് വായ്പ എടുത്തവരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്ന് സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. വായ്പ എടുത്തവര്‍ മുതല്‍ അടയ്ക്കാന്‍ തയ്യാറാണ്. തിരിച്ചടയ്ക്കുന്ന സംഖ്യ ബാങ്കുകള്‍ മുതലിലേയ്ക്ക് വരവ് വെയ്ക്കുകയും സര്‍ക്കാര്‍ പ്രഖ്യാപിച്ച പലിശ സബ്‌സിഡി സ്‌കീം നടപ്പിലാക്കുന്നതുവരെ പലിശ മരവിപ്പിക്കുകയും ചെയ്താല്‍ മാത്രമേ നിലവിലെ ഈ പ്രതിസന്ധി തരണം ചെയ്യാന്‍ കഴിയു.
വസ്തുതകള്‍ വിലയിരുത്താതെ അനാവശ്യമായി വായ്പ എടുത്തവര്‍ക്കെതിരെ ബാങ്കുകള്‍ നിയമ നടപടികള്‍ തുടര്‍ന്നാല്‍ വായ്പ എടുത്തവര്‍ തിരച്ചടവ് നിര്‍ത്തിവെയ്ക്കാന്‍ നിര്‍ബന്ധിതരായിത്തീരും. പ്രശ്‌നത്തിന്റെ ഗൗരവം മനസ്സിലാക്കി സര്‍ക്കാരും ബാങ്കുകളും കൂടിയാലോചിച്ച് വിദ്യാഭ്യാസ വായ്പ എടുത്തവരുടെ പ്രശ്‌നങ്ങള്‍ ഉടന്‍ പരിഹരിക്കണമെന്നും സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. കോഴിക്കോട് ചെറൂട്ടി റോഡ് ഗാന്ധി ഗൃഹത്തില്‍ ചേര്‍ന്ന യോഗത്തില്‍ എജ്യുക്കേഷണല്‍ ലോണീസ് വെല്‍ഫെയര്‍ ഓര്‍ഗ്ഗനൈസേഷന്‍ സംസ്ഥാന പ്രസിഡണ്ട് ആര്‍ രാധാകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. പി സി മാണി, വി പി മുഹമ്മദ്, ഇ വി തോമസ്, കെ നാരായണന്‍ എന്നിവര്‍ സംസാരിച്ചു.
കേരള സംസ്ഥാന കടം-കടക്കെണി പീഡിതര്‍ സംഘടനയുടെ മലബാര്‍ മേഖല കണ്‍വന്‍ഷന്‍ ഈ മാസം അവസാനവാരം കോഴിക്കോട്, കണ്ണൂര്‍, പാലക്കാട് എന്നിവിടങ്ങളിലായി നടക്കും. ബാങ്കില്‍ നിന്നും ലോണ്‍ എടുത്ത് പ്രതിസന്ധിയിലായവര്‍, ബ്ലേഡ് മാഫിയയില്‍ നിന്നും കൊള്ളപലിശയ്ക്ക് പണം വാങ്ങി ഭീഷണി നേരിടുന്നവര്‍, മറ്റുവായ്പ പദ്ധതികളാല്‍ ചതിയില്‍പ്പെട്ടവര്‍, മറ്റ് സാമ്പത്തിക ഇടപാടുകളില്‍പെട്ട് കടക്കെണിയിലായവര്‍ എന്നിവരെ ഉദ്ദേശിച്ചാണ് കണ്‍വന്‍ഷന്‍. ഫോണ്‍; 8289893818, 0495-2434980.
