
കോഴിക്കോട്: മാനേജരുടെ ഒത്താശയോടെ തകര്‍ത്ത മലാപ്പറമ്പ് എ യു പി സ്‌കൂളിന്റെ പുനര്‍ നിര്‍മ്മാണം പുരോഗമിക്കുന്നു. സ്‌കൂള്‍ തകര്‍ത്ത സാംസ്‌ക്കാരിക ഫാസിസത്തില്‍ ജനകീയ പ്രതിഷേധവുമായി കെ എസ് ടി എ ആഭിമുഖ്യത്തില്‍ സാംസ്‌ക്കാരിക സദസ്സ് സംഘടിപ്പിച്ചു. വിദ്യാലയങ്ങള്‍ പൊളിച്ചടുക്കാനുള്ളതല്ല സ്വാതന്ത്ര്യം പ്രഖ്യാപിക്കാനുള്ളവയാണ് എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് പരിപാടി സംഘടിപ്പിച്ചത്.
ചടങ്ങ് എം ടി വാസുദേവന്‍ നായര്‍ ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ പുനര്‍നിര്‍മ്മാണത്തിന് കെ എസ് ടി എ സമാഹരിച്ച രണ്ടു ലക്ഷം രൂപ പ്രസിഡന്റ് കെ എം സുകുമാരന്‍ മേയര്‍ എ കെ പ്രേമജത്തിന് കൈമാറി. പി വത്സല, ടി വി ബാലന്‍, പി കെ ഗോപി, കെ എന്‍ ഗണേശ്, ഐസക് ഈപ്പന്‍, ജാനമ്മ കുഞ്ഞുണ്ണി, എ പ്രദീപ് കുമാര്‍ എം എല്‍ എ എന്നിവര്‍ സംസാരിച്ചു. കെ എം സുകുമാരന്‍ അധ്യക്ഷത വഹിച്ചു.
ജനകീയ കൂട്ടായ്മയിലാണ് കെട്ടിടം നിര്‍മ്മിക്കുന്നത്. ചുമര്‍ നിര്‍മ്മാണം പൂര്‍ത്തിയായിട്ടുണ്ട്. ഒരാഴ്ചയ്ക്കുള്ളില്‍ ഇരുമ്പിന്റെ മേല്‍ക്കൂര സ്ഥാപിച്ച് ഓടിടാനുള്ള പ്രവര്‍ത്തനങ്ങളാണ് നടന്നുവരുന്നത്. 18.5 ലക്ഷം രൂപയാണ് നിര്‍മ്മാണ പ്രവൃത്തിയ്ക്ക് ചെലവ് കണക്കാക്കുന്നത്. വിവിധ സംഘടനകളും വ്യക്തികളും ചേര്‍ന്ന് എട്ട് ലക്ഷത്തോളം രൂപ നല്‍കിയിട്ടുണ്ട്. ബാക്കി പണവും കൂടി സ്വരൂപിക്കാനുള്ള പ്രവര്‍ത്തനത്തിലാണ് സ്‌കൂള്‍ സംരക്ഷണ സമിതി ഭാരവാഹികള്‍. നിരവധി സംഘടനകള്‍ കൂടുതല്‍ സഹായം നല്‍കാമെന്ന് പ്രഖ്യാപിച്ചിട്ടുള്ളത് ഇവര്‍ക്ക് ആത്മവിശ്വാസമേകുന്നു.
സ്‌കൂളിലേക്ക് വേണ്ട ഫര്‍ണ്ണിച്ചറുകളും മറ്റ് സാമഗ്രികളും വിവിധ സംഘടനകള്‍ നല്‍കാമെന്ന് ഏറ്റിട്ടുമുണ്ട്. കഴിഞ്ഞ വര്‍ഷങ്ങളിലേതിനേക്കാള്‍ കൂടുതല്‍ കുട്ടികള്‍ പ്രവേശനത്തിന് തയ്യാറായിട്ടുണ്ട്. ഇതിനിടെ സ്‌കൂള്‍ പൂട്ടാനുള്ള അനുമതി റദ്ദാക്കാന്‍ ഇടപെടണമെന്നാവശ്യപ്പെട്ട് സംരക്ഷണ സമിതി അധികൃതരെ സമീപിച്ചിട്ടുണ്ട്.
സ്‌കൂള്‍ സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് വിവിധ സംഘടനകള്‍ പ്രക്ഷോഭങ്ങള്‍ സംഘടിപ്പിക്കുന്നുണ്ട്. സ്‌കൂള്‍ ഏറ്റവും ആധുനികമായ സൗകര്യങ്ങളോടെ പുനര്‍നിര്‍മ്മിക്കാന്‍ എല്ലാ സഹായങ്ങളും വിവിധ കോണുകളില്‍ നിന്ന് ലഭിക്കുന്നുമുണ്ട്.
നിരവധി നാളുകളായി അടച്ചുപൂട്ടല്‍ ഭീഷണി നേരിട്ടിരുന്ന മലാപ്പറമ്പ് എ യു പി സ്‌കൂള്‍ ലോക്‌സഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞ ദിവസം അര്‍ദ്ധരാത്രിയാണ് മാനേജറുടെ നേതൃത്വത്തില്‍ ജെ സി ബി ഉപയോഗിച്ച് ഇടിച്ച് നിരത്തിയത്. ഭൂമാഫിയയുടെ സമ്മര്‍ദ്ദത്തിന് വഴങ്ങി യു ഡി എഫ് സര്‍ക്കാര്‍ സ്‌കൂള്‍ പൂട്ടാന്‍ ഉത്തരവിട്ടിരുന്നു. ഇതിനെതിരെ ശക്തമായ പ്രതിഷേധം പ്രദേശത്ത് ഉയര്‍ന്നുവന്നു.
ഉത്തരവ് പുനപരിശോധിക്കാമെന്ന് വിദ്യാഭ്യാസ മന്ത്രി അന്ന് പറഞ്ഞിരുന്നെങ്കിലും അതിനിടെ സ്‌കൂള്‍ തകര്‍ക്കപ്പെടുകയായിരുന്നു. എന്നാല്‍ സ്‌കൂള്‍ പൂട്ടണമെന്ന ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് തന്നെ ആരും കണ്ടില്ലെന്ന കള്ളവുമായാണ് വിദ്യാഭ്യാസ മന്ത്രി പിന്നീട് രംഗത്തെത്തിയത്. ഇതിനെതിരെയും ശക്തമായ പ്രതിഷേധം ഉയര്‍ന്നിരുന്നു.
