
കോഴിക്കോട്: ജോലിയ്ക്കും പഠനത്തിനുമായി നഗരത്തിലെത്തുന്ന സ്ത്രീകള്‍ക്ക് സുരക്ഷിതമായ താമസസ്ഥലം ലഭ്യമാക്കാനായി ബീച്ചിനടുത്ത് ഗുജറാത്തി സ്ട്രീറ്റില്‍ കുടുംബശ്രീയുടെ നേതൃത്വത്തില്‍ വനിതാ ഹോസ്റ്റല്‍ പ്രവര്‍ത്തനമാരംഭിച്ചു. സ്ത്രീകളുടെ നേതൃത്വത്തിലാണ് സ്ത്രീകള്‍ക്കായി ആധുനികമായ സൗകര്യങ്ങളോട് കൂടിയ ഹോസ്റ്റല്‍ ആരംഭിച്ചിട്ടുള്ളത്.
കുറഞ്ഞ ചെലവില്‍ സുരക്ഷിതവും മികവുറ്റതുമായ വാസ സ്ഥലം സ്ത്രീകള്‍ക്കായി ഒരുക്കുക എന്ന ലക്ഷ്യത്തോടെയാണ് കുടുംബശ്രീയുടെ നേതൃത്വത്തില്‍ ഹോസ്റ്റല്‍ പ്രവര്‍ത്തനമാരംഭിച്ചത്. അമ്പത് വനിതകള്‍ക്ക് താമസിക്കാനുള്ള സൗകര്യമാണ് ഇവിടെ ഒരുക്കിയിട്ടുള്ളത്.
താമസവും ഭക്ഷണവും അടക്കം പ്രതിമാസം മൂവായിരം രൂപയാണ് ഫീസ്. അപ്രതീക്ഷിത സാഹചര്യങ്ങളില്‍ നഗരത്തില്‍ ഒറ്റപ്പെട്ടുപോകുന്ന സ്ത്രീകള്‍ക്ക് താമസിക്കാനായി രണ്ടും മുറികളും ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്. ബെഡ്, മേശ, അലമാറ, ഫാന്‍ തുടങ്ങിയ സൗകര്യങ്ങളെല്ലാം എല്ലാ മുറികളിലുമുണ്ട്. ബാത്ത് അറ്റാച്ച്ഡ് റൂമില്‍ മൂന്ന് പേര്‍ക്ക് കിടക്കാനുള്ള സൗകര്യമാണുള്ളത്. 16 ബാത്ത് അറ്റാച്ച്ഡ് മുറികളും റിഫ്രഷ്‌മെന്റ് ഫെസിലിറ്റിയും കോണ്‍ഫറന്‍സ് ഹാളും റീഡിങ്‌റൂമും ഉള്‍പ്പെടുന്നതാണ് ഹോസ്റ്റല്‍. ഭാവിയില്‍ വനിതാ ഹെല്‍ത്ത് ക്ലബ്ബ് ആരംഭിക്കാനും കുടുംബശ്രീ പദ്ധി ആവിഷ്‌കരിച്ചിട്ടുണ്ട്.
ദീര്‍ഘകാലം നഗരത്തില്‍ താമസിക്കേണ്ടിവരുന്നവര്‍ക്കും ഹോസ്റ്റല്‍ ഉപകാരപ്രദമാകും. നഗരത്തിലെത്തുന്ന സ്ത്രീകള്‍ നേരിടുന്ന സ്ത്രീകള്‍ നേരിടുന്ന പ്രധാനപ്പെട്ട പ്രശ്‌നങ്ങളിലൊന്നായിരുന്നു സുരക്ഷിതമായ താമസ സ്ഥലം. ഹോസ്റ്റല്‍ പ്രവര്‍ത്തനമാരംഭിച്ചതോടെ ഈ പ്രയാസം പരിഹരിക്കപ്പെടും. രാത്രി ജോലി ചെയ്യേണ്ടുന്ന സ്ത്രീകള്‍ക്കും ഇത് സഹായകരമാകും. സ്ഥാപനമേധാവിയുടെ അംഗാകാരത്തോടെ ഇത്തരം വനിതകള്‍ക്ക് ഹോസ്റ്റലില്‍ പ്രവേശനം നല്‍കും.
ഹോസ്റ്റലിലെ മെസ്സില്‍ നിന്ന് രാവിലെയും രാത്രിയിലും ഭക്ഷണം ലഭ്യമാകും. ഇതിന് മാസം ആയിരം രൂപ അധികം നല്‍കണം. ഹോസ്റ്റലിലെ ജോലികളെല്ലം ചെയ്യുന്നത് കുടുംബശ്രീ പ്രവര്‍ത്തകരായിരിക്കും. ആറ് വനിതകള്‍ക്ക് ഇവിടെ ജോലി ലഭിക്കും. സെക്യൂരിറ്റി ജീവനക്കാര്‍, വാര്‍ഡന്‍മാര്‍ എന്നിവരെയും നിയമിച്ചിട്ടുണ്ട്.
ജൂണ്‍ ഒന്ന് മുതലാണ് ഹോസ്റ്റല്‍ പ്രവര്‍ത്തനം ആരംഭിക്കുക. മുന്‍കൂര്‍ രജിസ്‌ട്രേഷനായി 8086952006 എന്ന നമ്പറില്‍ ബന്ധപ്പെടണമെന്ന് അധികൃതര്‍ അറിയിച്ചു.
കുടുംബശ്രീ- ഏക്‌സാത് എച്ച് ആര്‍ ഡി ട്രെയിനിംഗ് ആന്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ട് വനിതാ പരിശീലക കേന്ദ്രത്തിന്റെയും ഹോസ്റ്റലിന്റെയും ഉദ്ഘാടനം മേയര്‍ പ്രൊഫ:എ കെ പ്രേമജം നിര്‍വ്വഹിച്ചു.
