ബാംഗളൂര്‍: അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ ജനതാദള്‍-എസിന്റെ എല്‍ ഡി എഫ് സ്ഥാനാര്‍ഥിയായി മാത്യു ടി തോമസിനെ പ്രഖ്യാപിച്ചു. കേന്ദ്രനേതൃത്വത്തിന്റെ സമ്മര്‍ദങ്ങള്‍ക്കു വഴങ്ങിയാണ് നിലവില്‍ എം എല്‍ എ കൂടിയായ മാത്യു ടി തോമസ് സ്ഥാനാര്‍ഥിയാകുന്നത്. ബാംഗളൂരില്‍ പാര്‍ട്ടി ദേശീയാധ്യക്ഷന്‍ എച്ച് ഡി ദേവഗൗഡയാണ് സ്ഥാനാര്‍ഥി പ്രഖ്യാപനം നടത്തിയത്.
നേരത്തേ, പാര്‍ട്ടി സംസ്ഥാനഘടകത്തിലെ 80 ശതമാനം പേരും സ്ഥാനാര്‍ഥിയായി മാത്യു ടി തോമസിന്റെ പേരാണ് ഉയര്‍ത്തിക്കൊണ്ടുവന്നത്. തുടര്‍ന്ന് ഏഴംഗ സ്ഥാനാര്‍ഥിനിര്‍ണയ സമിതിയും അദ്ദേഹത്തിന്റെ പേര് നിര്‍ദേശിച്ചു.
കോട്ടയത്തെ സ്ഥാനാര്‍ഥിത്വം സംബന്ധിച്ച് മൂന്നു പേരടങ്ങുന്ന പാനല്‍ പാര്‍ട്ടി കേന്ദ്രനേതൃത്വത്തിനു സമര്‍പ്പിച്ചിരിച്ചിരുന്നു. മാത്യു ടി തോമസ്, ജോര്‍ജ് തോമസ്, ബെന്നി കുര്യന്‍ എന്നിവരാണ് പാനലില്‍ ഉള്‍പ്പെട്ടിരുന്നത്. എന്നാല്‍ കോട്ടയത്ത് മത്സരിക്കാന്‍ താല്പര്യമില്ലെന്നാണ് നിലവില്‍ മാത്യു ടി തോമസ് അറിയിച്ചിരുന്നത്.