ബാംഗളൂര്‍: മാധ്യമങ്ങളെ നരേന്ദ്ര മോദി വിലക്കു വാങ്ങിയെന്ന പ്രസ്താവനയ്ക്കു പിന്നാലെ വീണ്ടും മാധ്യമങ്ങള്‍ക്കെതിരെ ആം ആദ്മി നേതാവ് അരവിന്ദ് കെജരിവാള്‍. കര്‍ണാടകയില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് അദ്ദേഹം മാധ്യമങ്ങളെ വിമര്‍ശിച്ചത്.
ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോദിയെക്കുറിച്ച് വസ്തുതകള്‍ പ്രസിദ്ധീകരിക്കാന്‍ ഏതു മാധ്യമം തയാറാകുമെന്നാണ് കെജരിവാള്‍ ചോദിച്ചത്. മോദിയുടെ വികസനം സംബന്ധിച്ച് കൂടുതല്‍ സത്യങ്ങള്‍ പുറത്തു വരാനുണ്ട്. ഏതു മാധ്യമമാണിതു പ്രസിദ്ധീകരിക്കാന്‍ തയാറാവുകയെന്നതാണു ചോദ്യം.
60,000 ചെറുകിട വ്യവസായങ്ങളാണ് മോദിയുടെ ഭരണകാലത്ത് ഗുജറാത്തില്‍ അടച്ചു പൂട്ടിയത്. പതിനൊന്നു വര്‍ഷമായി അധികാരത്തില്‍ തുടരുമ്പോഴും മോദിയുടെ ഭരണത്തിനു കീഴില്‍ വന്‍ അഴിമതിയാണു നടക്കുന്നതെന്നത് സത്യമല്ലേ? 800 ഓളം കര്‍ഷകര്‍ ആത്മഹത്യ ചെയ്തത് സത്യമല്ലേ? ഇതെല്ലാം പ്രസിദ്ധീകരിക്കാന്‍ ഏതു മാധ്യമത്തിനാണ് ധൈര്യമുള്ളത് – കെജരിവാള്‍ മാധ്യമപ്രവര്‍ത്തകരോടു ചോദിച്ചു.