കോണ്‍ഗ്രസ് വിമര്‍ശനങ്ങളെ ഭയപ്പെടുന്നില്ലെന്ന് മുഖ്യമന്ത്രി

download (1)കോട്ടയം: വിമര്‍ശനങ്ങളെ കോണ്‍ഗ്രസ് ഭയപ്പെടുന്നില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. കോണ്‍ഗ്രസ് നിലപാടുകളെ വിമര്‍ശിക്കാനും വിയോജിക്കാനുമുള്ള അവകാശം എല്ലാവര്‍ക്കും ഉണ്ട്. കോട്ടയം പ്രസ് ക്ലബിന്റെ തെരഞ്ഞടുപ്പ് പരിപാടിയില്‍ പങ്കെടുക്കവെ ഇടുക്കി ബിഷപ്പ് നടത്തിയ വിമര്‍ശനത്തിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.
ഇടുക്കിയിലെ സ്ഥാനാര്‍ത്ഥി ഡീന്‍ കുര്യാക്കോസിനോട് ബിഷപ്പ് മോശമായി പെരുമാറിയിട്ടില്ല. അത്തരമൊരു പരാതി ഡീനിനില്ല. വിമര്‍ശനങ്ങളോട് കോണ്‍ഗ്രസ് അസഹിഷ്ണുത കാണിക്കാറില്ല. വിമര്‍ശനങ്ങളില്‍ കഴമ്പുണ്ടെങ്കില്‍ അത് ഉള്‍ക്കൊള്ളുമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.
പി ടി തോമസ് ശക്തനായ നേതാവും വക്താവുമാണ്. അദ്ദേഹം ആവശ്യപ്പെട്ടത് പ്രകാരമാണ് ഇടുക്കിയില്‍ മത്സരിപ്പിക്കേണ്ടെന്ന് തീരുമാനിച്ചതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. വി ടി ബല്‍റാം എം എല്‍ എ ഇടുക്കി ബിഷപ്പിനെ നികൃഷ്ടജീവി എന്നു വിശേപ്പിച്ചിട്ടുണ്ടെങ്കില്‍ അത് തെറ്റാണ്. വിളിച്ചിട്ടുണ്ടെങ്കില്‍ ബല്‍റാമിനോട് വിശദീകരണം തേടും. ബല്‍റാം അങ്ങനെ വിളിക്കുമെന്ന് കരുതുന്നില്ലെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.