മുംബൈ: താനെയില്‍ ബഹുനിലക്കെട്ടിടത്തിലുണ്ടായ തീപിടുത്തത്തില്‍ രണ്ടുപേര്‍ മരിച്ചു. രണ്ടുപേര്‍ക്കു പരിക്കേറ്റു. താനെയിലെ സുന്ദര്‍ബാന്‍ പാര്‍ക്കിലെ 12 നിലകളുള്ള ഗുല്‍മോഹര്‍ ബില്‍ഡിംഗില്‍ പുലര്‍ച്ചെ 5.30-നായിരുന്നു തീപിടുത്തമുണ്ടായത്.
കെട്ടിടത്തിന്റെ പത്താം നിലയിലുണ്ടായ അഗ്നിബാധ മറ്റ് രണ്ടു നിലകളിലേക്ക് വ്യാപിച്ചു. പത്താം നിലയിലെ ഫ്‌ളാറ്റില്‍ താമസിച്ചിരുന്ന ശിവാജിറാവു ചൗഗുലെ(84), ഭാര്യ നിര്‍മല (78) എന്നിവരാണ് മരിച്ചത്. ഇവരുടെ മകള്‍ രഞ്ജന സാവേയും ചെറുമകന്‍ വിക്രമാദിത്യയും പരിക്കുകളോടെ രക്ഷപെട്ടു. രക്ഷാപ്രവര്‍ത്തകര്‍ ജനാലകള്‍ തകര്‍ത്താണ് ഇവരെ രക്ഷപെടുത്തിയത്.
പത്തു ഫയര്‍ എന്‍ജിനുകളും 10 വാട്ടര്‍ ടാങ്കറുകളും ചേര്‍ന്ന് ഒരുമണിക്കൂറോളം നടത്തിയ പ്രയത്‌നത്തിനൊടുവിലാണ് തീയണച്ചത്. ഷോര്‍ട്‌സര്‍ക്യൂട്ടാകാം അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.