കാസര്‍കോട്: ഒരു സമുദായം കാട്ടിത്തന്ന മാതൃകയെ അതേപടി ഉള്‍ക്കൊള്ളുകയാണ് പുതുതലമുറയും. കേരളത്തില്‍ സ്ത്രീധനത്തിന്റെയും സ്വത്തിന്റെയും സ്വര്‍ണാഭരണത്തിന്റെയും പേരില്‍ പെണ്‍കുട്ടികള്‍ പീഡിപ്പിക്കപ്പെടുമ്പോള്‍ ഒരു സമുദായം തന്നെ ഈ ദുരാചാരത്തില്‍ നിന്ന് മാറിനടക്കുന്നു. ഉത്തര കേരളത്തിലെ വാണിയ സമുദായമാണ് വിവാഹത്തിന്റെ ആഢംബരങ്ങളെല്ലാം ഒഴിവാക്കി സമുദായം തന്നെ സമൂഹവിവാഹത്തെ പ്രോത്സാഹിപ്പിച്ച് മാതൃകയാകുന്നത്.
സ്ത്രീധനത്തിന്റെയും ആഢംബരത്തിന്റെയും കൊഴുപ്പില്ലാതെ ഇത്തവണ ഒരേ വേദിയില്‍ 48 പെണ്‍കുട്ടികള്‍ സുമംഗലികളായി. വധൂവരന്‍മാരുടെ കുടുംബാംഗങ്ങളും ബന്ധുക്കളുമുള്‍പ്പെടെ ആയിരത്തോളം പേര്‍ മംഗളകര്‍മ്മത്തിന് സാക്ഷികളായി. മീന മാസത്തിലെ പൂരോത്സവത്തോടനുബന്ധിച്ചായിരുന്നു ഞായറാഴ്ച നടന്ന സമൂഹവിവാഹം.
ഉത്തര കേരളത്തിലെ വാണിയ സമുദായത്തിന്റെ പ്രമുഖ ക്ഷേത്രമാണ് കുമ്പളക്കടുത്ത പെരുദണ മുച്ചിലോട്ട് ഭഗവതി ക്ഷേത്രത്തില്‍ വച്ചാണ് സമുദായംഗങ്ങളുടെ വിവാഹം. ഇവിടെ വച്ചല്ലാതെ മേല്‍പ്പറഞ്ഞ പ്രദേശങ്ങളിലെ സമുദായാംഗങ്ങള്‍ വിവാഹിതരാകില്ല. ചന്ദ്രഗിരിപ്പുഴയ്ക്ക് വടക്ക് കാസര്‍കോട് താലൂക്ക്, കര്‍ണാടകയിലെ മംഗലാപുരം, പുത്തൂര്‍, മടിക്കേരി, സുള്ള്യ തുടങ്ങിയ പ്രദേശങ്ങളിലുള്ള സമുദായാംഗങ്ങളുടെ വിവാഹം ഇവിടെ വെച്ചാണ് നടക്കുന്നത്. സാമ്പത്തികമായ ഉച്ചനീചത്വമില്ലാതെ സമ്പന്നരും പാവപ്പെട്ടവരും ഒരേ വേദിയില്‍ വിവാഹം നടത്തുന്ന അപൂര്‍വതയ്ക്ക് മാതൃകയാണ് ഈ ക്ഷേത്രം. ക്ഷേത്രത്തിലെ അച്ഛന്‍മാരുടെ കാര്‍മികത്വത്തിലാണ് വിവാഹച്ചടങ്ങുകള്‍. നടത്തിപ്പുകാരായി കാര്‍ന്നോര്‍മാരും ഉണ്ടാകും. ക്ഷേത്രം വകയായി അന്നദാനവും ഉണ്ടാകും.
വീട്ടുകാര്‍ക്ക് വധൂവരന്‍മാരെ കണ്ടെത്തുന്ന ചുമതല മാത്രമാണുള്ളത്. സദ്യയും മറ്റും ക്ഷേത്രം തന്നെയാണ് ഒരുക്കുന്നത്. സദ്യയാകട്ടെ ചോറും തുവരകറിയും ഉള്‍പ്പെട്ട ലഘുഭക്ഷണവുമാണ്. വധു 400 രൂപയും വരന്‍ 600 രൂപയും മാത്രമാണ് ക്ഷേത്രത്തിന് നല്‍കേണ്ടത്. സ്ത്രീധനം ചോദിക്കാനോ കൊടുക്കാനോ പാടില്ല എന്നത് ഇവിടത്തെ അലിഖിത നിയമമാണ്. വര്‍ഷത്തിലൊരിക്കല്‍ മീന മാസത്തിലെ പൂരോത്സവത്തോടനുബന്ധിച്ചായിരുന്നു മുമ്പ് വിവാഹം നടന്നിരുന്നത്. പിന്നീട് വധൂവരന്‍മാരുടെ എണ്ണം വര്‍ധിച്ചതോടെ വര്‍ഷത്തില്‍ രണ്ടുതവണ വിവാഹം നടത്താന്‍ തുടങ്ങി. വൃശ്ചികത്തിലെ ഉദയാസ്തമയ ഉത്സവത്തിന്റെ പിറ്റേന്നാണ് രണ്ടാമത്തെ ചടങ്ങ്.
FLASHNEWS