ദില്ലി: ലോക്‌സഭാ തെരഞ്ഞെടുപ്പ് ഏപ്രില്‍ ഏഴു മുതല്‍ മേയ് 12 വരെ നടക്കുമെന്ന് മുഖ്യ തെരഞ്ഞെടുപ്പു കമ്മീഷണര്‍ വി.എസ് സമ്പത്ത് അറിയിച്ചു. ഒമ്പതുഘട്ടങ്ങളിലായാണ് തെരഞ്ഞെടുപ്പ്. കേരളത്തില്‍ മൂന്നാം ഘട്ടമായ ഏപ്രില്‍ 10-നു തെരഞ്ഞെടുപ്പ് നടക്കും. ഒറ്റഘട്ടമായിട്ടായിരിക്കും കേരളത്തിലെ വോട്ടെടുപ്പ്.
വോട്ടെണ്ണല്‍ മേയ് 16നു നടക്കും. തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം നിലവില്‍ വന്നതായി മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ അറിയിച്ചു. ദില്ലിയില്‍ വിജ്ഞാന്‍ ഭവനിലാണ് തെരഞ്ഞെടുപ്പു പ്രഖ്യാപനം നടന്നത്. മേയ് 31 നകം തെരഞ്ഞെടുപ്പ് പ്രക്രിയ പൂര്‍ത്തിയാകുമെന്നും വി എസ് സമ്പത്ത് അറിയിച്ചു.
കേരളത്തോടൊപ്പം ദില്ലിയിലും ഹരിയാനയിലും ലക്ഷദ്വീപിലും ഏപ്രില്‍ പത്തിനു വോട്ടെടുപ്പ് നടക്കും. കേരളത്തില്‍ തെരഞ്ഞെടുപ്പ് വിജ്ഞാപനം മാര്‍ച്ച് 15-നു പുറത്തുവരും. പത്രിക സമര്‍പ്പണത്തിനുള്ള അവസാന തിയതി മാര്‍ച്ച് 22-നാണ്. പത്രിക പിന്‍വലിക്കാനുള്ള അവസാന തിയതി മാര്‍ച്ച് 26.