കര്‍ണാടകയിലെ മംഗലൂരുവില്‍ പൊലീസ് നിരീക്ഷണം കര്‍ശനമാക്കി

കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ രണ്ടു കൊലപാതകം നടന്ന പശ്ചാത്തലത്തില്‍ കര്‍ണാടകയിലെ മംഗലൂരുവില്‍ പൊലീസ് നിരീക്ഷണം കര്‍ശനമാക്കി. മംഗലൂരുവില്‍ ശനിയാഴ്ച വരെ നിരോധനാജ്ഞ പ്രഖ്യാപിച്ചു. മംഗലൂരുവിന് പുറമേ, പനമ്പൂര്‍, ബാജ്പേ, മുള്‍കി, സൂരത്കല്‍ എന്നിവിടങ്ങളിലും പൊലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്.
ഇരട്ടകൊലപാതകങ്ങളുമായി ബന്ധപ്പെട്ട തുടര്‍ അക്രമങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ ജാഗ്രത പാലിക്കാന്‍ പൊലീസിന് കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്. സ്‌കൂളുകളും കോളജുകളും അടച്ചു. മദ്യശാലകളും പ്രവര്‍ത്തിക്കില്ല. നിരീക്ഷണത്തിനായി 19 താല്‍ക്കാലിക ചെക്പോസ്റ്റുകള്‍ സ്ഥാപിച്ചിട്ടുണ്ട്.

കണ്ണൂര്‍, കാസര്‍കോട്, വയനാട് ജില്ലകളില്‍ കൂടുതല്‍ പൊലീസിനെ വിന്യസിച്ചു. വെള്ളിയാഴ്ച നമസ്‌കാരം വീട്ടില്‍ തന്നെ നടത്താനും പൊലീസ് കമ്മീഷണര്‍ എന്‍ ശശികുമാര്‍ ആവശ്യപ്പെട്ടു. വാഹനങ്ങളെല്ലാം കര്‍ശന പരിശോധനയ്ക്ക് ശേഷമാണ് കടത്തിവിടുന്നത്. ദക്ഷിണ കന്നഡ ജില്ലകള്‍ക്ക് പുറമേ കേരള അതിര്‍ത്തി മേഖലകളിലും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.
രാത്രി 10 മണിയ്ക്ക് ശേഷം ഒഴിവാക്കാനാകാത്ത അത്യാവശ്യയാത്ര മാത്രമേ അനുവദിക്കൂ എന്നും കമ്മീഷണര്‍ പറഞ്ഞു. അതേസമയം സൂരത്കല്ലില്‍ കൊല്ലപ്പെട്ട ഫാസിലിന്റെ പോസ്റ്റ്മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയായി. മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. തലയ്ക്കും കഴുത്തിനുമേറ്റ വെട്ടാണ് മരണകാരണമെന്നാണ് പ്രാഥമിക പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *