വടകര: കൈനാട്ടി റെയില്‍വേ മേല്‍പ്പാലം ഗതാഗതത്തിന് തുറന്നു കൊടുക്കുന്നു. ജൂലായ് അഞ്ചിന് പത്തുമണിക്ക് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി മേല്‍പ്പാലം ഉദ്ഘാടനം ചെയ്യും. പാലം തുറക്കുന്നതോടെ വടകര- നാദാപുരം- കുറ്റിയാടി റൂട്ടിലെ യാത്രാ ദുരിതത്തിന് അറുതിയാവും.
സംസ്ഥാനസര്‍ക്കാറും റെയില്‍വേയും ചേര്‍ന്ന് 19 കോടിരൂപ ചെലവിലാണ് മേല്‍പ്പാലം നിര്‍മിച്ചത്. റോഡ്‌സ് ആന്‍ഡ് ബ്രിഡ്ജസ് കോര്‍പ്പറേഷന്‍ 15 കോടിയും റെയില്‍വേ നാലുകോടിയും ചെലവിട്ടു. നാലു കോടിരൂപ ഭൂമി ഏറ്റെടുക്കാന്‍ മാറ്റിവെച്ചു. ബാക്കി 11 കോടിയുടെ നിര്‍മാണ പ്രവര്‍ത്തനമാണ് ആര്‍.ബി.ഡി.സി. നടത്തിയത്. റെയില്‍വേയുടെ സ്ഥലത്തുള്ള മൂന്നു സ്പാനുകള്ക്കാണ് അവര്‍ നാലുകോടി ചെലവിട്ടത്.
450 മീറ്റര്‍ നീളം വരുന്ന പാലത്തിന്റെ 380 മീറ്റര്‍ ഭാഗവും നിര്‍മിച്ചത് റോഡ്‌സ് ആന്‍ഡ് ബ്രിഡ്ജസ് കോര്‍പ്പറേഷനാണ്. 70 മീറ്ററാണ് റെയില്‍വേയുടെ പരിധിയിലുള്ളത്. 2010 നവംബറിലാണ് കോര്‍പ്പറേഷന്‍ പണി തുടങ്ങിയത്. 18 സ്പാനുകളില്‍ 15 എണ്ണം അവര്‍ നിര്‍മിച്ചു.
എന്നാല്‍ പാലത്തില്‍ ടോള്‍ പിരിക്കാനുള്ള നീക്കം ശക്തമായ സമരത്തിന് ഇടയാക്കുമെന്നാണ് സൂചന. വിവിധ സംഘടനകള്‍ ചുങ്കം പിരിവിനെതിരെ സമരരംഗത്താണ്. ടോള്‍ പിരിക്കാനായി നിര്‍മിച്ച ബൂത്ത് അടുത്തിടെ തകര്‍ക്കപ്പെട്ടിരുന്നു.
പാലത്തിന്റെ നിര്‍മാണ പുരോഗതി വിലയിരുത്താനും മറ്റുമായി എത്തിയ മുല്ലപ്പള്ളി രാമചന്ദ്രന്‍ എം.പി, റോഡ്‌സ് ആന്‍ഡ് ബ്രിഡ്ജസ് കോര്‍പ്പറേഷന്‍ എം.ഡി. എ.പി.എം. മുഹമ്മദ് ഹനീഷ് എന്നിവരെ റവലൂഷണറി യൂത്ത് പ്രവര്‍ത്തകര്‍ തടയുകയും ചെയ്തിരുന്നു.