കണ്ണൂര്‍: ജലക്ഷാമം തടയുന്നതിനായുള്ള തടയണ നിര്‍മാണത്തിന്റെ മറവില്‍ മലയോരത്തെ ചില പഞ്ചായത്തുകള്‍ കേന്ദ്രീകരിച്ച് ലക്ഷക്കണക്കിന് രൂപയുടെ വന്‍ അഴിമതി നടക്കുന്നതായി ആരോപണം. കേന്ദ്ര സര്‍ക്കാരിന്റെ പദ്ധതിയായ ഹഡ പദ്ധതിയിലുള്‍പ്പെടുത്തി മലയോരത്ത് നിരവധി തടയണകളാണ് സമീപത്ത് പുതുതായി അനുവദിക്കുകയും നിര്‍മാണം നടന്ന് വരികയും ചെയ്ത്‌കൊണ്ടിരിക്കുന്നത്.
12 ലക്ഷം മുതല്‍ 18 ലക്ഷം രൂപ വരെയാണ് ഓരോ തടയണകള്‍ക്കുമായി അനുവദിച്ചിരിക്കുന്നത്. എന്നാല്‍ അഞ്ച് മുതല്‍ എട്ട് ലക്ഷം രൂപ വരെ മാത്രമെ യഥാര്‍ത്ഥത്തില്‍ ചിലവാക്കുന്നുള്ളു. തടയണയുടെ എസ്റ്റിമേറ്റില്‍ മൂന്നിരട്ടി വരെ തുക വര്‍ദ്ധിപ്പിച്ചാണ് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ വന്‍തട്ടിപ്പിന് കളമൊരുക്കുന്നത്. മലയോരത്തെ യു ഡി എഫ് ഭരിക്കുന്ന പഞ്ചായത്തുകളില്‍ ഇതിനകം നിരവധി തടയണകള്‍ പൂര്‍ത്തീകരിച്ചിട്ടുണ്ട്. എസ്റ്റിമേറ്റിലുള്ള തുകയുടെ പകുതി പോലും ഒരു തടയണയ്ക്കും ചെലവാക്കിയിട്ടില്ല. തുക ചെലവഴിക്കുന്നതായി കാണിക്കുന്നതിന് വേണ്ടി മറ്റ് ചില പ്രവൃത്തികള്‍ നടത്തിയതായി കണക്കുണ്ടാക്കിയാണ് ഹഡയില്‍ നിന്നുള്ള ഫണ്ട് മുഴുവന്‍ വാങ്ങുന്നത്. ലേലം വിളിച്ചാണത്രെ തടയണ നിര്‍മ്മാണം നിലവില്‍ മലയോരത്ത് നടക്കുന്നത്. ചില വാര്‍ഡ് മെമ്പര്‍മാര്‍ അറിയാതെയാണത്രെ അവരുടെ വാര്‍ഡുകളില്‍ തടയണ നിര്‍മാണം നടക്കുന്നത്.
