കോഴിക്കോട്: നാല്‍പ്പത്തിരണ്ടുകാരിയായ ആദിവാസി സ്ത്രീയെ ക്രൂരമായി പീഡിപ്പിച്ച ശേഷം റോഡരികില്‍ തള്ളി. മുക്കം സ്വദേശിനിയാണ് പീഡനത്തിനിരയായത്. അവശനിലയിലായ സ്ത്രീയെ തിങ്കളാഴ്ച രാവിലെ എട്ടരയോടെ അടിവാരം-നൂറാംതോട് റോഡിലെ പോത്തുണ്ടി പാലത്തിനടുത്ത് ഉപേക്ഷിക്കുകയായിരുന്നു. നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന് അടിവാരം പൊലീസ് ഔട്ട്‌പോസ്റ്റില്‍ നിന്ന് പൊലീസെത്തി താമരശേരി താലൂക്ക് ആശുപത്രിയിലെത്തിക്കുകയായിരുന്നു. ഇടതു കൈയുടെ എല്ല് പൊട്ടുകയും കീഴ്ചുണ്ട് മുറിഞ്ഞ് തൂങ്ങിയ നിലയിലുമാണ്. കണ്ണുകള്‍ മര്‍ദ്ദനമേറ്റ് കലങ്ങുകയും ശരീരമാസകലം നിരവധി പരിക്കുകളുമുണ്ട്. താമരശേരി താലൂക്ക് ആശുപത്രിയിലെത്തിച്ച ഇവരെ പിന്നീട് വിദഗ്ധ ചികിത്സക്കായി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
നാലംഗ സംഘമാണ് പീഡിപ്പിച്ചതെന്നാണ് സ്ത്രീ പൊലീസിന് മൊഴി നല്‍കിയത്. രാത്രിയില്‍ വിജനമായ ഈ ഭാഗത്ത് കൊണ്ട് വന്നു പീഡിപ്പിച്ച ശേഷം സ്ത്രീയെ വഴിയിലുപേക്ഷിച്ച ശേഷം സംഘം കടന്നു കളയുകയായിരുന്നെന്നാണ് കരുതുന്നത്.താമരശ്ശേരി ഡി വൈ എസ് പി ജയ്‌സണ്‍ കെ അബ്രഹാമിന്റെ നേതൃത്വത്തില്‍ പ്രതികള്‍ക്കായി അന്വേഷണം ആരംഭിച്ചു. പ്രതികളില്‍ ചിലര്‍ പൊലീസ് കസ്റ്റഡിലായതായും സൂചനയുണ്ട്.
FLASHNEWS