തിരുവനന്തപുരം: ഏപ്രില്‍ പത്തിന് മൂന്നാഘട്ട വോട്ടെടുപ്പ് നടക്കുന്ന കേരളത്തില്‍ പരസ്യപ്രചരണം ചൊവ്വാഴ്ച അവസാനിക്കും. ബുധനാഴ്ച നിശബ്ദപ്രചരണത്തിന്റെ ദിനമാണ്. ദേശീയ നേതാക്കളുടെ വന്‍പട ഉള്‍പ്പെടെ തെരഞ്ഞെടുപ്പ് പ്രചരണം പൊടിപാറിയ കേരളത്തില്‍ കോണ്‍ഗ്രസ് നയിക്കുന്ന യു ഡി എഫും സി പി എം നയിക്കുന്ന എല്‍ ഡി എഫും തമ്മിലാണ് പ്രധാന മത്സരം. തിരുവനന്തപുരം, കാസര്‍കോട് മണ്ഡലത്തില്‍ ബി ജെ പി സ്ഥാനാര്‍ത്ഥികള്‍ മികച്ച പ്രകടനം കാഴ്ച വയ്ക്കുന്നതിനാല്‍ ഇവിടെ ത്രികോണ മത്സരമാണെന്ന് പറയാം.
കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധി, ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ്, പ്രതിരോധമന്ത്രി എ കെ ആന്റണി തുടങ്ങി ദേശീയ നേതൃത്വം അപ്പാടെ യു ഡി എഫ് സ്ഥാനാര്‍ത്ഥികള്‍ക്ക് വേണ്ടി കേരളത്തില്‍ എത്തി. സി പി എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട്, പോളിറ്റ് ബ്യൂറോ അംഗങ്ങളായ സീതാറാം യച്ചൂരി, വൃന്ദ കാരാട്ട്, എസ് രാമചന്ദ്രന്‍ പിള്ള, കോടിയേരി ബാലകൃഷ്ണന്‍, സി പി എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ തുടങ്ങിയവര്‍ എല്‍ ഡി എഫിന് വേണ്ടി കേരളത്തില്‍ ഉടനീളം പ്രചരണത്തിനിറങ്ങി.
സോളാര്‍കേസും സലീംരാജിന്റെ ഭൂമിയിടപാടും ഇതെത്തുടര്‍ന്നുണ്ടായ കോടതി പരാമര്‍ശങ്ങളും കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടും ഇതില്‍ കത്തോലിക്കാ സഭയടക്കമുള്ളവരുടെ എതിര്‍പ്പും യു പി എ സര്‍ക്കാരിന്റെ അഴിമതികളും വിലക്കയറ്റവുമൊക്കെയാണ് കോണ്‍ഗ്രസിനും യു ഡി എഫിനുമെതിരെ എതിരാളികള്‍ ആയുധമാക്കിയത്.
ആര്‍ എസ് പി കൊല്ലം സീറ്റിന്റെ പേരില്‍ മുന്നണി വിട്ടത് എല്‍ ഡി എഫിന് കനത്ത തിരിച്ചടിയായി. ടി പിചന്ദ്രശേഖരന്റെ വധവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ സി പി എമ്മിന് പ്രതിസന്ധി സൃഷ്ടിച്ചു. എന്നാല്‍ ഇടഞ്ഞുനിന്ന വി എസ് അച്യുതാനന്ദന്‍ നിലപാട് മാറ്റി പ്രചരണ രംഗത്ത് നിറസാന്നിദ്ധ്യമായത് സി പി എമ്മിനും എല്‍ ഡി എഫിനും കരുത്തായി.
നരേന്ദ്രമോഡിയുടെ തിളക്കത്തിലാണ് ബി ജെ പിയുടെ പ്രചരണം. ആം ആദ്മി പാര്‍ട്ടി സ്ഥാനാര്‍ത്ഥികളും പ്രചരണരംഗത്ത് ശക്തമായുണ്ട്.
FLASHNEWS