കല്പറ്റ: നഞ്ചന്‍ഗോഡ് വയനാട് നിലമ്പൂര്‍ റെയില്‍പ്പാത രാജ്യപുരോഗതിക്ക് അനിവാര്യമാണെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി ഡി.വി. സദാനന്ദഗൗഡ പറഞ്ഞു. നീലഗിരി വയനാട് നാഷണല്‍ ഹൈവേ ആന്‍ഡ് റെയില്‍വേ കര്‍മസമിതി ഭാരവാഹികളുമായി നടത്തിയ ചര്‍ച്ചയിലാണ് ഇക്കാര്യം അറിയിച്ചത്.
റെയില്‍പ്പാത അനുവദിക്കുന്നത് ഗൗരവമായി പരിഗണിച്ചുവരികയാണ്. കൊച്ചി ബാംഗ്ലൂര്‍ നഗരങ്ങളെ ഏറ്റവും എളുപ്പത്തില്‍ ബന്ധിപ്പിക്കുന്ന നഞ്ചന്‍ഗോഡ് നിലമ്പൂര്‍ പാത സംബന്ധിച്ച് റെയില്‍വേ ബോര്‍ഡില്‍നിന്ന് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്.

കുറഞ്ഞദൂരം മാത്രം വനത്തിലൂടെ കടന്നുപോകുന്ന ഈ പാത വനത്തില്‍ മേല്‍പ്പാലത്തിലാണ് നിര്‍മിക്കാന്‍ ഉദ്ദേശിക്കുന്നത്. പാത വന്നാല്‍ വനത്തിലെ റോഡുകളിലൂടെ കടന്നുപോകുന്ന ആയിരക്കണക്കിന് വാഹനങ്ങള്‍ സ്വാഭാവികമായും ഇല്ലാതാകും. വനത്തിലൂടെ കടന്നുപോകുന്ന റെയില്‍പ്പാതകളുടെ പരിസ്ഥിതി അനുമതി ഒരു വര്‍ഷത്തിനകം നല്‍കാന്‍ കേന്ദ്ര വനംപരിസ്ഥിതി മന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
