മത്സ്യബന്ധന മേഖലയ്ക്ക് അര്‍ഹമായ പ്രാധാന്യം ഉറപ്പുവരുത്തുന്ന ബജറ്റാണ് അവതരിപ്പിച്ചതെന്ന് ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാന്‍

മത്സ്യബന്ധന മേഖലയ്ക്ക് അര്‍ഹമായ പ്രാധാന്യം ഉറപ്പുവരുത്തുന്ന ബജറ്റാണ് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ അവതരിപ്പിച്ചതെന്ന് ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാന്‍. പരമ്പരാഗത തൊഴിലാളികളെ സംരക്ഷിക്കുന്നതിനോടൊപ്പം സുസ്ഥിരത ഉറപ്പുവരുത്തുന്ന നവീനാശയങ്ങളും ബജറ്റില്‍ പരിഗണിക്കപ്പെട്ടെന്ന് അദ്ദേഹം പറഞ്ഞു.

മത്സ്യബന്ധന മേഖലയ്ക്കായി ആകെ 394.33 കോടി രൂപയാണ് ബജറ്റില്‍ വകയിരുത്തിയത്. മത്സ്യബന്ധന മേഖലയ്ക്കായുള്ള സംസ്ഥാനത്തിന്റെ പദ്ധതി വിഹിതത്തില്‍ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 13 കോടി രൂപയുടെ വര്‍ധനവുണ്ടായി. തീരദേശ വികസനത്തിനുള്ള വിവിധ പദ്ധതികൾക്കായി 115.02 കോടി രൂപയും കടലോര മത്സ്യബന്ധന പദ്ധതികള്‍ക്കായി 61.1 കോടി രൂപയും ഉൾനാടൻ മത്സ്യബന്ധന മേഖലയ്ക്ക് 82.11 കോടി രൂപയും വകയിരുത്തിയിട്ടുണ്ട്.

മത്സ്യത്തൊഴിലാളികളുടെ സഹായത്തോടെ സമുദ്രത്തിൽ നിന്നും പ്ലാസ്റ്റിക് മാലിന്യം നീക്കം ചെയ്യുക എന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന ശുചിത്വ – സാഗരം പദ്ധതിക്കായി 5 കോടി രൂപ അനുവദിച്ചു. മത്സ്യബന്ധന ബോട്ടുകളെ ആധുനികവത്കരിക്കാൻ 10 കോടി രൂപയുടെ പദ്ധതി ആവിഷ്കരിച്ചു. മത്സ്യബന്ധന ബോട്ടുകളുടെ എൻജിനുകൾ ഘട്ടംഘട്ടമായി പെട്രോൾ/ഡീസൽ എൻജിനുകളാക്കി മാറ്റുന്നതിനുളള പുതിയ പദ്ധതിക്കായി ആദ്യഘട്ടത്തിൽ 8 കോടി രൂപയും വകയിരുത്തിയിട്ടുണ്ട്. ഈ നടപടികള്‍ പരമ്പരാഗത മത്സ്യത്തൊഴിലാളികളെ ഏറെ സഹായിക്കും.

പഞ്ഞമാസങ്ങളിൽ മത്സ്യത്തൊഴിലാളികൾക്ക് സഹായം ലഭ്യമാക്കുന്ന സമ്പാദ്യ സമാശ്വാസ പദ്ധതിക്കായി 27 കോടി രൂപയും ഗ്രൂപ്പ് ഇൻഷുറൻസ് പദ്ധതിയ്ക്കായി 10 കോടി രൂപയും അനുവദിച്ചിട്ടുണ്ട്. പുനർഗേഹം പദ്ധതിയുടെ വകയിരുത്തൽ 16 കോടി രൂപയിൽ നിന്ന് 20 കോടി രൂപയായി വർദ്ധിപ്പിച്ചു. ഫിഷ് സീഡ് ഫാക്ടറികളും ഹാച്ചറികളും വിപുലീകരിക്കുന്നതിനായി 20 കോടി രൂപ നീക്കി വച്ചിട്ടുണ്ട്. ഇത് മുൻവർഷത്തെക്കാൾ 5 കോടി രൂപ അധികമാണ്.

മത്സ്യബന്ധന തൊഴിലാളികൾക്കുള്ള അടിസ്ഥാന സൗകര്യങ്ങൾക്കും മാനവശേഷി വികസനത്തിനുമായി 71 കോടി രൂപയും നബാർഡ്-ആർ.ഐ.ഡി.എഫ് വായ്പാ സഹായത്തോടെ നടത്തുന്ന സംയോജിത തീരദേശ വികസന പദ്ധതിയുടെ പ്രവൃത്തികള്‍ക്കായി 20 കോടി രൂപയും മത്സ്യബന്ധന തുറമുഖങ്ങളുടെ അറ്റകുറ്റപ്പണികൾക്കും മണ്ണ് നീക്കലിനുമായി 8.52 കോടി രൂപയും അനുവദിച്ചു.

മുഖ്യമന്ത്രിയുടെ യൂറോപ്പ് സന്ദർശനത്തിനുശേഷം രൂപീകരിച്ച ആശയങ്ങൾ പ്രാവർത്തികമാക്കുന്നതിന് ഫിഷറീസ് ഇന്നവേഷൻ കൗൺസിൽ രൂപീകരിക്കാൻ തീരുമാനിച്ചത് ഈ മേഖലയില്‍ ദീര്‍ഘവീക്ഷണത്തോടെയുള്ള കാഴ്ചപ്പാടാണ് സര്‍ക്കാരിനുള്ളത് എന്നതിന്റെ സാക്ഷ്യമാണ്. ഫിഷറീസ് വകുപ്പ്, വ്യവസായ വകുപ്പ്, കെ-ഡിസ്ക്, നോളജ് മിഷൻ, കേരള സ്റ്റാർട്ടപ്പ് മിഷൻ, ആർ&ഡി ഇൻസ്റ്റിറ്റ്യൂട്ടുകൾ, മത്സ്യമേഖലയിലെ ശാസ്ത്രജ്ഞർ, വിദഗ്ധർ, കയറ്റുമതിക്കാർ എന്നിവരുൾപ്പെട്ട ഒരു പ്രധാന ഫെസിലിറ്റേഷൻ കേന്ദ്രമായി ഫിഷറീസ് ഇന്നവേഷൻ കൗൺസിൽ പ്രവർത്തിക്കും.

നോർവേയിൽ നിന്നുള്ള ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അധിഷ്ഠിത സാങ്കേതികവിദ്യയുടെ പിന്തുണയോടെ സമുദ്ര കൂടുകൃഷി ആരംഭിക്കുവാനും ബജറ്റില്‍ പദ്ധതി വിഭാവനം ചെയ്തിട്ടുണ്ട്. ഇതിനായി 9 കോടി രൂപയാണ് അധികമായി അനുവദിച്ചിട്ടുള്ളത്. ഫിഷറീസ് സർവ്വകലാശാലയുടെ പുതിയ കാമ്പസ് പയ്യന്നൂരിൽ ഉടൻ പ്രവർത്തനം ആരംഭിക്കും. ഇതിനായുള്ള അടിയന്തിര ആവശ്യങ്ങള്‍ക്കായി 2 കോടി രൂപ അനുവദിച്ചിട്ടുണ്ട്.മത്സ്യബന്ധന മേഖലയുടെ മൊത്തത്തിലുള്ള ക്ഷേമം ഉറപ്പുവരുത്തുന്നതിനൊപ്പം ഭാവി മുന്നില്‍ കണ്ടുകൊണ്ടുള്ള സുസ്ഥിര വികസനം സാധ്യമാക്കുന്ന ബജറ്റ് ആണിതെന്നു മന്ത്രി സജി ചെറിയാന്‍ പറഞ്ഞു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *