കോഴിക്കോട്: ജില്ലയില്‍ ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട് പൊതു സ്ഥലങ്ങളില്‍ ചട്ടം ലംഘിച്ച് സ്ഥാപിച്ച 41742 പ്രചരണോപാധികള്‍ ഇതുവരെ നീക്കം ചെയ്തതായി ജില്ലാ ഇലക്ഷന്‍ ഓഫീസര്‍ കൂടിയായ ജില്ലാ കലക്ടര്‍ സി.എ.ലത അറിയിച്ചു. ജില്ലാതലത്തിലും അസംബ്ലി മണ്ഡലതലത്തിലും ഇതിനായി രൂപവത്ക്കരിച്ച എം.സി.സി സ്‌ക്വാഡിന്റെയും ഫ്‌ളൈയിങ്ങ് സ്‌ക്വാഡിന്റെയും ശക്തമായ ഇടപെടലുകളെ തുടര്‍ന്നാണ് ഇവ നീക്കം ചെയ്തത്.
പൊതു സ്ഥലങ്ങള്‍, സ്ഥാപനങ്ങള്‍, പൊതുകെട്ടിടങ്ങള്‍, മതിലുകള്‍, ഇലക്ട്രിക്- ടെലഫോണ്‍ പോസ്റ്റുകള്‍ ഉള്‍പ്പെടെയുളള വസ്തുക്കള്‍ എന്നിവയില്‍ പ്രചരണോപാധികള്‍ സ്ഥാപിക്കുന്നത് ചട്ടവിരുദ്ധമാണ്. ഇവിടങ്ങളില്‍ സ്ഥാപിച്ചിട്ടുളള സാമഗ്രികള്‍ മാറ്റുന്നതിനുളള ചെലവ് അതത് സ്ഥാനാര്‍ഥികളുടെ പ്രചാരണ ചെലവ് അക്കൗണ്ടില്‍ ഉള്‍പ്പെടുത്തും.. സ്വകാര്യ സ്ഥാപനങ്ങളിലും സ്ഥലങ്ങളിലും ഉടമയുടെ അനുമതിയില്ലാതെ പ്രചരണോപാധികള്‍ സ്ഥാപിക്കുന്നതും കുറ്റകരമാണ്. ഉടമസ്ഥന്‍ പരാതിപെട്ടാല്‍ ഇതില്‍പെടുന്നവര്‍ക്കെതിരെ നിയമനടപടികളുണ്ടാവും.
ചുവരെഴുത്തും പോസ്റ്ററും ബാനറും ബോര്‍ഡുകളും നീക്കംചെയ്യപ്പെട്ട സാമഗ്രികളില്‍ ഉള്‍പ്പെടും. സ്‌ക്വാഡുകളുടെ പ്രവര്‍ത്തനം ആരംഭിച്ച മാര്‍ച്ച് 11 മുതല്‍ 25 വരെ 18731 പ്രചരണോപാധികള്‍ നീക്കം ചെയ്തിരുന്നു. സ്‌ക്വാഡ് ശ്രദ്ധയില്‍പ്പെടുത്തിയതിനെ തുടര്‍ന്ന് ഇതില്‍ നല്ല പങ്കും പാര്‍ട്ടി പ്രവര്‍ത്തകര്‍ സ്വയം നീക്കം ചെയ്തിരുന്നു. എന്നാല്‍ സ്ഥാനാര്‍ഥികളുടെ വ്യക്തമായ ചിത്രം ലഭിച്ച മാര്‍ച്ച് 26 മുതല്‍ പെരുമാറ്റചട്ട പരിപാലന സ്‌ക്വാഡ് ശക്തമായ രീതിയില്‍ രംഗത്തിറങ്ങുകയായിരുന്നു. സാമഗ്രികള്‍ നീക്കംചെയ്യാനുളള പ്രവൃത്തികള്‍ സ്‌ക്വാഡിന്റെതന്നെ നേതൃത്വത്തിലാണ് നടപ്പാക്കിയത്. ചട്ടപ്രകാരം ഇതിനുളള ചെലവ് അതത് സ്ഥാനാര്‍ഥികളുടെ പ്രചാരണ ചെലവ് അക്കൗണ്ടില്‍ ഉള്‍പ്പെടുത്തും.
വരുന്ന രണ്ട് ദിവസങ്ങളില്‍ പെരുമാറ്റചട്ട പരിപാലന സ്‌ക്വാഡിന്റെയും ഫ്‌ളൈയിങ്ങ് സ്‌ക്വാഡിന്റെയും പ്രവര്‍ത്തനം കൂടുതല്‍ ശക്തവും വ്യാപകവുമാക്കുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.
