ലോകകപ്പിലെ തോല്‍വി, ബെല്‍ജിയം തലസ്ഥാനത്ത് വ്യാപക അക്രമം

ബ്രസല്‍സ്: ഖത്തറില്‍ നടന്ന ലോകകപ്പ് ഫുട്ബാള്‍ മത്സരത്തില്‍ മൊറോക്കോയോട് ബെല്‍ജിയം തോറ്റതില്‍ പ്രകോപിതരായി ബ്രസല്‍സില്‍ വ്യാപക അക്രമം.ജനക്കൂട്ടം വാഹനങ്ങള്‍ കത്തിക്കുകയും അക്രമം അഴിച്ചുവിടുകയും ചെയ്തു. സംഘര്‍ഷത്തില്‍ പത്തിലേറെ പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.

ബെല്‍ജിയം തലസ്ഥാനമായ ബ്രസില്‍സിലുടനീളം നിരവധി സ്ഥലങ്ങളില്‍ സംഘര്‍ഷമുണ്ടായി. ഫുട്ബോള്‍ ആരാധകര്‍ പലതവണ പൊലീസുമായി ഏറ്റുമുട്ടി. മണിക്കൂറുകള്‍ക്കുശേഷം സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമായതായും സംഘര്‍ഷ മേഖലകളില്‍ പട്രോളിങ് തുടരുകയാണെന്നും പൊലീസ് വക്താവ് പറഞ്ഞു.

തകര്‍പ്പന്‍ അട്ടിമറിക്കാണ് മൊറോക്കോ – ബെല്‍ജിയം മത്സരം സാക്ഷിയായത്. ലോക റാങ്കിങ്ങിലെ രണ്ടാം സ്ഥാനക്കാരും കഴിഞ്ഞ തവണത്തെ മൂന്നാം സ്ഥാനക്കാരുമായ ബെല്‍ജിയത്തെ 2-0ത്തിനാണ് മൊറോക്കോ കീഴടക്കിയത്. അല്‍തുമാമ സ്റ്റേഡിയത്തില്‍ ബെല്‍ജിയം വിയര്‍ത്ത മത്സരമായിരുന്നു. വമ്ബന്‍ താരങ്ങള്‍ക്കെതിരെ പതറാതെ പന്തുതട്ടിയ ‘അറ്റ്ലസ് സിംഹക്കൂട്ടങ്ങള്‍’ 73ാം മിനിറ്റില്‍ പകരക്കാരന്‍ അബ്ദുല്‍ ഹമീദ് സബിരിയിലൂടെ ആദ്യ ഗോള്‍ നേടി.

92ാം മിനിറ്റില്‍ ഇഞ്ചുറി സമയത്ത് മറ്റൊരു പകരക്കാരനായ സക്കരിയ അബൂഖ്‍ലാല്‍ വിജയമുറപ്പിച്ചതോടെ ഖത്തര്‍ ലോകകപ്പിലെ മൂന്നാം അട്ടിമറിക്ക് ആരാധകര്‍ സാക്ഷ്യംവഹിച്ചു. തിരിച്ചടിക്കാനുള്ള ശ്രമം മൊറോക്കോ ഫലപ്രദമായി തടഞ്ഞു. ബെല്‍ജിയത്തിന്റെ പ്രതിരോധത്തിന്റെ ദൗര്‍ബല്യം വടക്കന്‍ ആഫ്രിക്കന്‍ ടീം പലവട്ടം കാണിച്ചുകൊടുത്തു. സിയേക്കിന്റെ ക്രോസില്‍നിന്ന് സക്കരിയ ഗോളടിച്ചതോടെ ബെല്‍ജിയത്തിന്റെ തോല്‍വി സമ്ബൂര്‍ണമായി. 24 വര്‍ഷത്തിനു ശേഷമാണ് മൊറോക്കോ ലോകകപ്പിലെ മത്സരം ജയിക്കുന്നത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *