സില്‍വര്‍ലൈന്‍ പദ്ധതി സര്‍ക്കാര്‍ മരവിപ്പിച്ചു; ഉദ്യോഗസ്ഥരെ അടിയന്തരമായി തിരിച്ചു വിളിച്ചു

സില്‍വര്‍ലൈന്‍ പദ്ധതി മരവിപ്പിച്ച് സംസ്ഥാന സര്‍ക്കാര്‍. പദ്ധതിയുടെ വിവിധ ആവശ്യങ്ങള്‍ക്കായി നിയോഗിച്ച എല്ലാ ഉദ്യോഗസ്ഥരെയും സര്‍ക്കാര്‍ തിരിച്ചു വിളിച്ചു. പദ്ധതിയിലെ തുടര്‍ നടപടി റെയില്‍വെ ബോര്‍ഡ് അനുമതിക്ക് ശേഷം മാത്രമായിരിക്കും. സാമൂഹ്യാഘാത പഠനത്തിനുള്ള പുതിയ വിജ്ഞാപനവും കേന്ദ്ര അനുമതി ലഭിച്ചതിന് ശേഷം മതിയെന്നാണ് തീരുമാനം. ഇക്കാര്യങ്ങള്‍ വിശദീകരിച്ച് റവന്യു വകുപ്പിന്റെ ഉത്തരവിറങ്ങി. റവന്യൂ വകുപ്പ് അഡിഷണല്‍ ചീഫ് സെക്രട്ടറിയുടെ പേരിലാണ് ഉത്തരവിറങ്ങിയത്.

വ്യാപകമായി ഉയരുന്ന എതിര്‍പ്പിനെ തുടര്‍ന്നാണ് പദ്ധതി മരവിപ്പിക്കുന്നത്. 11 ജില്ലകളിലായി 205 ഉദ്യോഗസ്ഥരെയാണ് സര്‍ക്കാര്‍ നിയോഗിച്ചത്. ഇവരെയാണ് സര്‍ക്കാര്‍ തിരിച്ചുവിളിച്ചിരിക്കുന്നത്. പദ്ധതിയുടെ സാമൂഹികാഘാത പഠനം വീണ്ടും തുടങ്ങില്ല. പദ്ധതിയുമായി ബന്ധപ്പെട്ട തുടര്‍നടപടികള്‍ കേന്ദ്രാനുമതി ഉണ്ടെങ്കില്‍ മാത്രം മതിയെന്നാണ് തീരുമാനം.

കെ റെയിലിനായുള്ള സര്‍വ്വേ തുടങ്ങിയാല്‍ വീണ്ടും ക്രമസമാധാന പ്രശ്നങ്ങളുണ്ടാകുമെന്നും അതോടൊപ്പം കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും അനുകൂല നീക്കം ഇനി ഉണ്ടാകില്ലന്ന സൂചനയുമാണ് കെ റെയില്‍ പദ്ധതി തല്‍ക്കാലേത്ത് ഉപേക്ഷിക്കാനുള്ള സര്‍ക്കാര്‍ തിരുമാനത്തിന്റെ പിന്നിലെന്നറിയുന്നു. നിയമന- കത്ത് വിവാദങ്ങളില്‍ മുഖം നഷ്ടപ്പെട്ടു നില്‍ക്കുന്ന സര്‍ക്കാരിന് സില്‍വര്‍ ലൈന്‍ പദ്ധതി മൂലമുള്ള ജനരോഷം കൂടി താങ്ങാന്‍ കഴിയില്ലന്നാണ് സി പിഎം നേതൃത്വത്തിന്റെ വിലയിരുത്തുകയും ചെയ്യുന്നു. അത് കൊണ്ട് തന്നെ തല്‍ക്കാലത്തേക്ക് സില്‍വര്‍ ലൈന്‍ പദ്ധതി ഉപേക്ഷിച്ചു മുഖം രക്ഷിക്കാനാണ് സര്‍ക്കാരിന്റെ തിരുമാനം.

Spread the love

Leave a Reply

Your email address will not be published. Required fields are marked *