വെടിക്കെട്ട് പുര ദുരന്തം; പരിശോധന നടത്തി സംസ്ഥാന പോലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള സംഘം


മുണ്ടത്തിക്കോട് വെടിക്കെട്ട് പുര ദുരന്തമുണ്ടായിടത്ത് പരിശോധന നടത്തി സംസ്ഥാന പോലീസ് മേധാവി രവത ചന്ദ്രശേഖറും സംഘവും. ബോംബ് സ്‌ക്വാഡ്, ഡോഗ് സ്‌ക്വാഡ്, ഫോറന്‍സിക്, വിരലടയാള വിദഗ്ധര്‍, റവന്യൂ, ദുരന്ത നിവാരണ സംഘങ്ങളും ദുരന്ത ഭൂമി സന്ദര്‍ശിച്ച് സൂക്ഷ്മ പരിശോധന നടത്തി.


രാഷ്ട്രീയ നേതാക്കളായ വി ഡി സതീശന്‍, രമേശ് ചെന്നിത്തല, വി എം സുധീരന്‍, ബെന്നി ബെഹനാന്‍ എം പി, രാജേന്ദ്രന്‍ അരങ്ങത്ത് തുടങ്ങിയവരും സ്‌ഫോടന സ്ഥലം സന്ദര്‍ശിച്ചു. സ്‌ഫോടനത്തെ സവിശേഷ ദുരന്തമായി സര്‍ക്കാര്‍ പ്രഖ്യാപിച്ചു.


സ്‌ഫോടനത്തില്‍ മരിച്ച ഏഴ് പേരെ തിരിച്ചറിഞ്ഞു. 34 പേരാണ് വെടിക്കെട്ട് പുരയില്‍ സ്ഫോടനം നടക്കുമ്പോള്‍ ഉണ്ടായിരുന്നതെന്നാണ് പ്രാഥമിക നിഗമനം. പ്രദേശത്തെ നിരവധി വീടുകള്‍ക്ക് കേടുപാട് സംഭവിച്ചു. ദുരന്തത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. ജസ്റ്റിസ് സി എന്‍ രാമചന്ദ്രനാണ് അന്വേഷണം നടത്തുക. മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് 14 ലക്ഷം രൂപയും പരുക്കേറ്റവര്‍ക്ക് രണ്ടുലക്ഷം വീതവും ധനസഹായവും പ്രഖ്യാപിച്ചു. പരുക്കേറ്റവരുടെ ആറുമാസത്തെ ചികിത്സാ ചെലവ് സര്‍ക്കാര്‍ വഹിക്കും.



Sharing is Caring