കോഴിക്കോട്: നഗരത്തില്‍ ജോലിചെയ്യുന്ന സ്ത്രീകള്‍ക്കായി കാലിക്കറ്റ് ഡവലപ്‌മെന്റ് അതോറിറ്റിയുടെ വനിതാ ഹോസ്റ്റല്‍ വരുന്നു. ബിലാത്തിക്കുളത്ത് സി ഡി എ യുടെ സ്ഥലത്താണ് ഹോസ്റ്റല്‍ നിര്‍മ്മിക്കുന്നത്. സാധാരണ ഹോസ്റ്റലുകളേക്കാള്‍ അത്യാധുനിക സൗകര്യങ്ങളുള്ള ഹോസ്റ്റലാണ് സി ഡി എ നിര്‍മ്മിക്കാന്‍ ഉദ്ദേശിക്കുന്നത്. എറണാകുളത്തു നടന്ന പാര്‍ട്ട്‌നര്‍ കേരള അര്‍ബന്‍ ഡവലപ്‌മെന്റ് മീറ്റില്‍ പദ്ധതി അവതരിപ്പിച്ചിരുന്നു. മീറ്റില്‍ നിരവധി നിക്ഷേപകര്‍ താല്‍പര്യം പ്രകടിപ്പിച്ചിരുന്നു. സ്വകാര്യ-പൊതുപങ്കാളിത്തത്തോടെയാണ് ഹോസ്റ്റല്‍ കോംപ്ലക്‌സ് കം സ്റ്റുഡിയോ അപാര്‍ട്‌മെന്റ് നിര്‍മ്മിക്കുക. നിലവില്‍ ഹോസ്റ്റലിന്റെ രൂപരേഖ സി ഡി എ പ്ലാന്‍ ചെയ്തിട്ടുണ്ടെങ്കിലും നിക്ഷേപകരുടെ താല്‍പര്യമനുസരിച്ച് രൂപരേഖയില്‍ മാറ്റങ്ങള്‍ വരാന്‍ സാധ്യതയുണ്ടെന്ന് സി ഡി എ ഡെപ്യുട്ടി ടൗണ്‍ പ്ലാനര്‍ പി ജി ഹരികുമാര്‍ പറഞ്ഞു.
19 കോടിയാണ് ഹോസ്റ്റല്‍ നിര്‍മ്മാണത്തിനുള്ള ചെലവ്. സി ഡി എയുടെ ബിലാത്തിക്കുളത്തെ അറുപത് സെന്റ് സ്ഥലത്താണ് ഹോസ്റ്റല്‍ നിര്‍മ്മിക്കുന്നത്. സാധാരണ വര്‍ക്കിങ്ങ് വിമണ്‍ ഹോസ്റ്റലുകളേക്കാളും അത്യാധുനിക സൗകര്യങ്ങളാണ് ഹോസ്റ്റലിന്റെ പ്രത്യേകത. അത്യാധുനിക സൗകര്യങ്ങളായ ഇന്റര്‍നെറ്റ് കഫേ, വൈ-ഫൈ സൗകര്യം, മോഡേണ്‍ ഹെല്‍ത്ത് ക്ലബ്, ഡോര്‍മറ്ററി, ഹൗസിങ്ങ് സ്റ്റുഡിയോ അപാര്‍ട്‌മെന്റ്, സ്പാ, ബ്യുട്ടിപാര്‍ലര്‍, ജിംനേഷ്യം എന്നിവയടങ്ങുന്നതാണ് സി ഡി എ യുടെ ഹോസ്റ്റല്‍ കോംപ്ലക്‌സ് കം സ്റ്റുഡിയോ അപാര്‍ട്‌മെന്റ്.
നഗരത്തില്‍ വനിതാ വികസന കോര്‍പറേഷന്റെ വനിതാ ഹോസ്റ്റല്‍ വരാനിരിക്കെയാണ് സി ഡി എയുടെ ഹോസ്റ്റല്‍ കോംപ്ലക്‌സ് കം സ്റ്റുഡിയോ അപാര്‍ട്‌മെന്റും നിര്‍മ്മിക്കുന്നത്. ജോലിക്കാരായ സ്ത്രീകള്‍ നഗരത്തില്‍ വാസസ്ഥലം ലഭിക്കാന്‍ വേണ്ടി അലഞ്ഞു നടക്കുന്ന സാഹചര്യം കണക്കിലെടുത്താണ് വനിതാ വികസന കോര്‍പറേഷന്റെ വനിതാഹോസ്റ്റല്‍ ആരംഭിക്കാനുള്ള തീരുമാനം. വനിതാ വികസന കോര്‍പറേഷന്റെ ഹോസ്റ്റലും സി ഡി എ യുടെ ഹോസ്റ്റല്‍ കോംപ്ലക്‌സ് കം സ്റ്റുഡിയോ അപാര്‍ട്‌മെന്റും വരുന്നതോടെ നഗരത്തിലെ സ്ത്രീകളുടെ താമസസ്ഥലത്തിനുള്ള നെട്ടോട്ടങ്ങള്‍ക്ക് പരിഹാരമാകും. സി ഡി എ യുടെയും വനിതാ വികസന കോര്‍പറേഷന്റെയും ഹോസ്റ്റലുകള്‍ ജോലിക്കാരായ സ്ത്രീകള്‍ക്കാണ് കൂടൂതല്‍ പ്രാധാന്യം നല്‍കുന്നത്.
ജില്ലയില്‍ വനിതാ വികസന കോര്‍പറേഷന്റെ ഹോസ്റ്റല്‍ ആരംഭിക്കാനുള്ള അനുമതി ലഭിച്ചെങ്കിലും സ്ഥലം കണ്ടെത്താത്തതാണ് നിലവിലുള്ള പ്രശ്‌നം. നഗരത്തില്‍ ജോലിക്കെത്തുന്ന സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്താന്‍ ഇതുവഴി കഴിയുമെന്നാണ് അധികൃതര്‍ കരുതുന്നത്. മാസത്തില്‍ ആയിരം രൂപയ്ക്ക് താമസമൊരുക്കാനാണ് ഈ പദ്ധതി ലക്ഷ്യമിടുന്നത്.സ്ത്രീകളുടെ സുരക്ഷ ലക്ഷ്യം വെച്ചാണ് വനിതാവികസന കോര്‍പറേഷന്‍ ഇത്തരമൊരു പദ്ധതിയുമായി മുന്നോട്ടു വന്നിരിക്കുന്നത്. നഗരത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിക്കുന്നവര്‍ക്ക് ഹോസ്റ്റല്‍ സൗകര്യം നല്‍കുന്നതിന് അധികൃതര്‍ക്ക് എതിര്‍പ്പില്ല. എന്നാല്‍ ജോലിക്കാരായ സ്ത്രീകളെയാണ് ജോലിക്കാര്‍ ആശയകുഴപ്പത്തിലാക്കുന്നത്. ജോലി കഴിഞ്ഞു സ്ത്രീകള്‍ വൈകിയെത്തുന്നതാണ് ഹോസ്റ്റല്‍ അധികൃതര്‍ ജോലിക്കാരായ സ്ത്രീകള്‍ക്ക് സൗകര്യം നല്‍കുന്നതില്‍ താല്‍പര്യം പ്രകടമാക്കാത്തത്. വിവിധ ജില്ലകളില്‍ നിന്നുള്ള നിരവധി സ്ത്രികള്‍ നഗരത്തില്‍ ജോലിക്കായി എത്താറുണ്ട്. രാത്രി നഗരത്തിലെത്തുന്ന സ്ത്രീകള്‍ക്ക് അതിഥികളായി താമസിക്കാനുള്ള അവസരവും ഹോസ്റ്റല്‍ നല്‍കും. നഗരത്തില്‍ റെയില്‍വെ സ്റ്റേഷന്റെയും ബസ്റ്റാന്റിന്റെയും പരിധിയിലാണ് വനിതാവികസന കോര്‍പറേഷന്‍ ഹോസ്റ്റല്‍ കെട്ടിടമുണ്ടാക്കാന്‍ ഉദ്ദേശിക്കുന്നത്. നഗരത്തില്‍ ആരംഭിക്കാന്‍ പോകുന്ന ഈ രണ്ടു വനിതാ ഹോസ്റ്റലുകളും ജോലിക്കാരായ സ്ത്രീകള്‍ക്ക് സുരക്ഷ ഉറപ്പു നല്‍കുമെന്ന് പ്രതീക്ഷിക്കാം.
FLASHNEWS