കോഴിക്കോട്: മെഡിക്കല്‍ എന്‍ട്രന്‍സ് പരീക്ഷ കഴിഞ്ഞ് പിതാവിനൊപ്പം സ്‌കൂട്ടറില്‍ വീട്ടിലേക്ക് മടങ്ങുകയായിരുന്ന വിദ്യാര്‍ഥിനി ബസ്സിടിച്ച് മരിച്ചു. പള്ളിക്കണ്ടി തെക്കുംതലപറമ്പ് എന്‍ സി ഹൗസില്‍ കെ വി സലീമിന്റെ മകള്‍ ഖദീജ(18)യാണ് മരിച്ചത്.
കോവൂര്‍ സ്‌കൂളില്‍ നിന്ന് പരീക്ഷ കഴിഞ്ഞശേഷം മടങ്ങവെ ചേവായൂര്‍ പ്രസന്റേഷന്‍ സ്‌കൂളിന് സമീപം വെച്ച് സ്‌കൂട്ടറില്‍ ബസ്സിടിക്കുകയായിരുന്നു. പിന്‍സീറ്റില്‍ നിന്നും തെറിച്ചുവീണ ഖദീജയുടെ തലയിലൂടെ ബസ്സിന്റെ പിന്‍ചക്രം കയറിയിറങ്ങുകയായിരുന്നു. സ്‌കൂട്ടര്‍ ഓടിച്ച സലീമിനെ നിസ്സാരപരുക്കുകളോടെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇന്നലെ വൈകീട്ട് അഞ്ചരയോടെയാണ് അപകടമുണ്ടായത്. കോഴിക്കോട് കുറ്റിക്കടവ് റൂട്ടിലോടുന്ന സ്വകാര്യ ബസ്സായ ‘മഞ്ഞൊടി’യാണ് അപകടത്തിനിടയാക്കിയത്. കോഴിക്കോട് ഭാഗത്തേയ്ക്ക് വരികയായിരുന്നു ബസ് അതേ ദിശയില്‍ സഞ്ചരിച്ച സ്‌കൂട്ടറിനെ മറികടക്കുന്നതിനിടെ ഇടിയ്ക്കുകയായിരുന്നു. അപകടം നടന്നയുടന്‍ ബസ്സ് ജീവനക്കാര്‍ ഓടി രക്ഷപ്പെട്ടു. സഹ്‌റത്താണ് ഖദീജയുടെ മാതാവ്. സഹോദരങ്ങള്‍: ഫഹദ്, നൈല, മെഹജുബ.
