യു.ഡി.എഫ്. നിലപാടുകളില്‍ ആര്‍.എസ്.പി.യില്‍ അതൃപ്തി പുകയുന്നു

യു.ഡി.എഫ്. നിലപാടുകളിലും മുന്നണിബന്ധത്തിലും ഘടകകക്ഷിയായ ആര്‍.എസ്.പി.യില്‍ അതൃപ്തി പുകയുന്നു. പ്രതിപക്ഷമെന്നനിലയില്‍ ഫലപ്രദമായി പ്രവര്‍ത്തിക്കാന്‍ യു.ഡി.എഫിന് കഴിയുന്നില്ലെന്നാണ് പരാതി.
അതിന്റെ ഉത്തരവാദിത്വം മുഖ്യകക്ഷിയായ കോണ്‍ഗ്രസിനാണ്. സ്വാശ്രയ ഫീസ് വിഷയത്തിലും നഴ്സിങ് സമരത്തിലുമൊക്കെ ശക്തമായി ഇടപെടാനും സര്‍ക്കാരിനെ തിരുത്താനുമുള്ള ആര്‍ജവം യു.ഡി.എഫ്. കാണിക്കുന്നില്ല. പ്രസ്താവനകളില്‍ ഒതുങ്ങുകയാണ് പ്രതിപക്ഷത്തിന്റെ പ്രവര്‍ത്തനമെന്നാണ് ആക്ഷേപം.
നഴ്സിങ് സമരത്തില്‍ ശക്തമായി ഇടപെടാത്ത യു.ഡി.എഫ്. നിലപാടിനെതിരേ ആര്‍.എസ്.പി.യുടെ മുതിര്‍ന്ന നേതാവും മുന്‍മന്ത്രിയുമായ ഷിബു ബേബിജോണ്‍ പ്രതികരിച്ചിരുന്നു. കേന്ദ്രത്തിലും കേരളത്തിലും ഭരണത്തിലില്ലാത്ത സാഹചര്യത്തില്‍പ്പോലും പാര്‍ട്ടിയെയും മുന്നണിയെയും ഒറ്റക്കെട്ടാക്കി തിരിച്ചുവരാനുള്ള ശ്രമം കോണ്‍ഗ്രസിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുന്നില്ല. മുന്നണിയിലെ ഘടകകക്ഷികള്‍ ഒന്നൊന്നായി വിട്ടുപോകുന്ന സാഹചര്യവും ഗൗരവതരമാണെന്ന് പാര്‍ട്ടി അണികള്‍ വിലയിരുത്തുന്നു.
യു.ഡി.എഫ്. ബന്ധത്തില്‍നിന്ന് പാര്‍ട്ടിക്കുണ്ടായത് നഷ്ടങ്ങള്‍ മാത്രമാണെന്നാണ് താഴെത്തട്ടിലെ വിലയിരുത്തല്‍. പാര്‍ട്ടിയിലെ ഇടത്തരം നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും ഒരു പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍പ്പോലും ജയിക്കാനുള്ള സാഹചര്യമില്ല. കോണ്‍ഗ്രസ് വിമതരും കാലുവാരലും കാരണമാണ് കഴിഞ്ഞ തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പില്‍ ആര്‍.എസ്.പി.ക്ക് പല സീറ്റുകളും നഷ്ടപ്പെട്ടത്. ഏറ്റവുമൊടുവില്‍ കൊല്ലം കോര്‍പ്പറേഷനിലെ ഡിവിഷനില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍പ്പോലും ആര്‍.എസ്.പി.ക്കെതിരേ കോണ്‍ഗ്രസിന്റെ വിമത സ്ഥാനാര്‍ഥി വന്നു.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ചവറയടക്കമുള്ള സീറ്റുകളില്‍ പരാജയപ്പെട്ടത് കാലുവാരല്‍ കാരണമാണെന്ന് പാര്‍ട്ടിയിലെ ഉന്നതന്‍തന്നെ പ്രതികരിച്ചിരുന്നു. സഹകരണരംഗത്തുനിന്ന് പാര്‍ട്ടി തുടച്ചുമാറ്റപ്പെട്ടതായി അണികള്‍ പറയുന്നു. എല്‍.ഡി.എഫിലായിരുന്നപ്പോള്‍ പാര്‍ട്ടിക്ക് ലഭിച്ചിരുന്ന സഹകരണസംഘം ഡയറക്ടര്‍ ബോര്‍ഡ് സ്ഥാനങ്ങളെല്ലാം നഷ്ടപ്പെട്ടുകഴിഞ്ഞു. എന്നാല്‍ ആര്‍.എസ്.പി.യെ ഒപ്പം നിര്‍ത്തി സഹകരണ മേഖലയില്‍ ഇടപെടാനും വിജയിക്കാനും കോണ്‍ഗ്രസിന് കഴിയുന്നില്ല.

Spread the love

Leave a Reply

Your email address will not be published. Required fields are marked *