മുംബൈയില്‍ മൃതദേഹങ്ങള്‍ നദിയില്‍ ഉപേക്ഷിച്ചിട്ടില്ല;കോവിഡ് മരണക്കണക്ക് തെറ്റെന്ന ആരോപണത്തില്‍ മേയര്‍

മുംബൈ: രാജ്യത്തിന്റെ സാമ്പത്തിക തലസ്ഥാനമായ മുംബൈയിൽ യഥാർഥ കോവിഡ് മരണക്കണക്ക് മറച്ചുവെക്കുന്ന ആരോപണത്തിനെതിരെ മേയർ കിശോരി പഡ്നേക്കർ. കോവിഡ് മരണക്കണക്ക് മറച്ചുവെച്ചിട്ടില്ലെന്ന് അവർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. മലഡിൽ കെട്ടിടം തകർന്നുവീണ സംഭവവുമായി ബന്ധപ്പെട്ട് മാധ്യമങ്ങളെ കാണുകയായിരുന്നു കിശോരി.

കോവിഡ് മരണക്കണക്ക് മറച്ചുവെച്ചിട്ടില്ലെന്നും മുംബൈയിൽ ഒരു വിവരവും ഒളിപ്പിച്ചുവെച്ചിട്ടില്ലെന്നും കിശോരി പറഞ്ഞു. കൊറോണ വൈറസ് ബാധയെ തുടർന്ന് മരിച്ച ആരുടെയും മൃതദേഹങ്ങൾ മുംബൈയിലെ നദികളിൽ ഒരിടത്തും ഉപേക്ഷിച്ചിട്ടില്ലെന്നും മേയർ പറഞ്ഞു. ബി.ജെ.പി. ഭരിക്കുന്ന ഉത്തർ പ്രദേശിൽ കോവിഡ് ബാധിച്ചു മരിച്ചവരുടെ മൃതദേഹം നദികളിൽ ഉപേക്ഷിച്ച സംഭവത്തെ പരോക്ഷമായി പരാമർശിക്കുകയായിരുന്നു അവർ.

മുംബൈയിലെ കോവിഡ് മരണക്കണക്കുകൾ മൂന്നിടത്താണ് രേഖപ്പെടുത്തുന്നതെന്നും അതിനാൽ വിവരങ്ങൾ മറച്ചുവെക്കാനാകില്ലെന്നും കിശോരി വ്യക്തമാക്കി. ഔദ്യോഗിക കണക്കുകൾ പ്രകാരം 15,100 പേർക്കാണ് മുംബൈയിൽ കോവിഡ് ബാധയെ തുടർന്ന് ഇതുവരെ ജീവൻ നഷ്ടപ്പെട്ടത്. ഇതിൽ 27 മരണം ഇന്നലെയാണ് സ്ഥിരീകരിച്ചത്. 788 പേർക്കാണ് ബുധനാഴ്ച പുതുതായി കോവിഡ് ബാധ സ്ഥിരീകരിച്ചത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *