ഇറ്റലി കൈമാറിയ പത്തുകോടി സ്ഥിര നിക്ഷേപമാക്കാന്‍ സുപ്രീംകോടതി ആലോചിക്കുന്നു

ന്യൂഡൽഹി: കടൽക്കൊല കേസിൽ ഇറ്റലി കൈമാറിയ പത്ത് കോടി രൂപ ബാങ്കിൽ ഫിക്സഡ് ഡിപ്പോസിറ്റ് ആയി നിക്ഷേപിക്കുന്നതിനെ സംബന്ധിച്ച് സുപ്രീം കോടതി രജിസ്ട്രി കേസ് പരിഗണിക്കുന്ന ബെഞ്ചിന്റെ അഭിപ്രായം തേടി. നഷ്ടപരിഹാര തുക കെട്ടിവച്ചതിന്റെ രേഖകൾ ഹാജരാക്കിയ സാഹചര്യത്തിൽ കേസിലെ നടപടികൾ അവസാനിപ്പിക്കണമെന്ന കേന്ദ്രസർക്കാർ ആവശ്യത്തിൽ സുപ്രീം കോടതി നാളെ തീരുമാനം എടുക്കും.

ഇറ്റലി നഷ്ടപരിഹാര തുക കെട്ടിവച്ചതിന്റെ രേഖകൾ കണ്ടാലേ കടൽ കൊല കേസിലെ നടപടികൾ അവസാനിപ്പിക്കൂവെന്ന് സുപ്രീം കോടതി നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ആണ് ഇറ്റലി നഷ്ടപരിഹാര തുക കേന്ദ്ര സർക്കാരിന് കൈമാറിയത്. ഈ തുക ഏപ്രിൽ 26-ന് സുപ്രീം കോടതി രജിസ്ട്രിയുടെ യുകോ ബാങ്ക് അകൗണ്ടിലേക്ക് കേന്ദ്ര സർക്കാർ നിക്ഷേപിച്ചിരുന്നു. എന്നാൽ പലിശ രഹിത നിക്ഷേപം എന്ന നിലയിൽ ആണ് തുക കേന്ദ്ര സർക്കാർ നിക്ഷേപിച്ചത്. ഈ തുകയാണ് സ്ഥിരനിക്ഷേപത്തിലേക്ക് മാറ്റാൻ സുപ്രീം കോടതി രജിസ്ട്രി ആലോചിക്കുന്നത്.

എത്ര കാലത്തേക്ക് സ്ഥിരനിക്ഷേപം നടത്തണമെന്ന് വ്യക്തമാക്കാൻ രജിസ്ട്രി ആവശ്യപ്പെട്ടിട്ടുണ്ട്. രജിസ്ട്രിയുടെ ഈ ആവശ്യം ജസ്റ്റിസുമാരായ ഇന്ദിര ബാനർജി, എം ആർ ഷാ എന്നിവർ അടങ്ങിയ ബെഞ്ച് നാളെ പരിഗണിക്കും.

ഇറ്റലി നൽകുന്ന പത്ത് കോടി രൂപ നഷ്ടപരിഹാര തുക സ്വീകരിക്കാം എന്ന് കൊല്ലപ്പെട്ട മത്സ്യ തൊഴിലാളികളുടെ കുടുംബങ്ങളും ബോട്ട് ഉടമയും അറിയിച്ചതായി കേരളം നേരത്തേ സുപ്രീംകോടതിയിൽ വ്യക്തമാക്കിയിരുന്നു.

ഇറ്റാലിയൻ നാവികരുടെ വെടിയേറ്റ് മരിച്ച ജലസ്റ്റിൻ, അജേഷ് പിങ്കി എന്നിവരുടെ കുടുംബങ്ങൾക്ക് നാല് കോടി രൂപ വീതമാണ് നഷ്ടപരിഹാരം ലഭിക്കുക. സെയിന്റ് ആന്റണീസ് ബോട്ട് ഉടമ ഫ്രഡിക്ക് രണ്ട് കോടി രൂപയും നഷ്ടപരിഹാരമായി ലഭിക്കും.

Spread the love

Leave a Reply

Your email address will not be published. Required fields are marked *