പ്രാണവായുവിനായി ലോകം നെട്ടോടമോടുമെന്ന് നേരത്തേ എഴുതി, ശ്രദ്ധനേടി പതിനഞ്ചുകാരിയുടെ കഥ

ഡൽഹിയിൽ കോവിഡ് മൂലം ഓക്സിജൻ കിട്ടാതെ ജീവൻ വെടിഞ്ഞ നിരവധി ആത്മാക്കളുണ്ട്. ഈ ദുരന്തം ലോകം വരുംകാലത്ത് നേരിടാനൊരുങ്ങുന്ന വലിയൊരു പ്രതിസന്ധിയുടെ സൂചകമാണ്. ഓക്സിജൻ ഈ ഭൂമിയിൽ നിന്നും ഇല്ലാതാവുന്ന ഒരു ദിവസത്തേക്കുറിച്ച് നമുക്ക് ചിന്തിക്കാനാകുമോ? ഓക്സിജൻ കിട്ടാതെ പിടയുന്ന മനുഷ്യരുടെ മുഖം ഈ കോവിഡ് കാലത്ത് നാം നേരിട്ടുകണ്ടതാണ്. എന്നാൽ അതിനും മുൻപ് ഇത്തരത്തിലൊരു സാഹചര്യം ഇന്ത്യയിലുടലെടുത്താൽ എങ്ങനെയിരിക്കും എന്നതിനെക്കുറിച്ച് ഒരു കൊച്ചുമിടുക്കി ചിന്തിച്ചിട്ടുണ്ട്. സുഹ്റത്ത് സിത്താര എന്ന 15 വയസ്സുകാരി.

ഇന്നത്തെ കോവിഡ് മൂലമുള്ള ഓക്സിജൻ ദൗർലഭ്യതയെ കുറിച്ചല്ല മറിച്ച് പ്രകൃതിമലിനീകരണത്തിലൂടെ ഒരു നാട് എങ്ങനെയാണ് ശുദ്ധവായുവില്ലാതെ അരക്ഷിതാവസ്ഥയിലേക്ക് നീങ്ങുക എന്ന ഭയാനക സത്യമാണ് ലളിതമായ കഥ പറച്ചിലിലൂടെ സിത്താര അവതരിപ്പിച്ചിരിക്കുന്നത്. ഓക്സിജൻ കിറ്റിന് വേണ്ടിയുള്ള നീണ്ട നിര ഇന്നത്തെ കോവിഡ് കാലത്തെ കുറിച്ചുള്ള ഒരു പ്രവചനം പോലെ തോന്നിക്കുന്നുവെങ്കിലും താൻ എട്ടാം ക്ലാസിൽ പഠിക്കുമ്പോൾ എഴുതിയ ഈ കഥയിൽ ഓക്സിജൻ പാർലറുകളെ കുറിച്ചും മറ്റും വളരെ ഗഹനമായിത്തന്നെ സിത്താര പഠനം നടത്തിയതായി കാണാം. ഓക്സിജൻ എന്ന് പേരിട്ടിരിക്കുന്ന ഈ ചെറുകഥയിൽ സിത്താരയെന്ന എട്ടാം ക്ലാസുകാരിയുടെ ചിന്തയും എഴുത്തും വായനക്കാരെ അത്ഭുതപ്പെടുത്തും. ഇംഗ്ലീഷിലുള്ള ഭാഷാ നൈപുണ്യവും കാര്യങ്ങൾ മുൻകൂട്ടി കാണാനുള്ള കരുത്തും കുടുംബം എന്ന പൊട്ടാച്ചരടിന്റെ മഹത്വവുമെല്ലാം ഈ ചെറുകഥയിൽ കാണാം.

ഇന്ത്യയിൽ സ്ഥിരതാമസമാക്കിയ ‘എസ്മറാൾഡ’ എന്ന ഇറ്റാലിയൻ വനിത ഓക്സിജന്റെ ലഭ്യതക്കുറവ് മൂലം നേരിടുന്ന പ്രശ്നങ്ങളുടെ നൊമ്പരപ്പെടുത്തുന്ന വിവരണമാണ് സുഹ്റത്ത് സിത്താര കഥയിലൂടെ ആവിഷ്കരിക്കുന്നത്. ഡൽഹിയിൽ ഇന്ത്യക്കാരനായ ഭർത്താവ് ദേവ് സിങ്ങിനും രണ്ട് മക്കൾക്കുമൊപ്പം സ്ഥിരതാമസമാക്കിയ എസ്മറാൾഡ ഡൽഹയിലെ വായുമലിനീകരണം മൂലം മക്കൾക്ക് വേണ്ടി ഓക്സിജൻ കിറ്റ് വാങ്ങാനായി കൊണാഡ് പ്ലേസിലൂടെ നടക്കുന്നു. ഡൽഹിയിൽ ജീവിക്കുന്നവർ കൃത്രിമ ശ്വാസത്തിനായി ഓക്സിജൻ കിറ്റ് ശരീരത്തോടടുപ്പിച്ചാണ് ജീവിക്കുന്നത്. ഓക്സിജന് വേണ്ടി അലഞ്ഞിട്ടും അത് ലഭിക്കാതെ വീട്ടിലെത്തിയ എസ്മറാൾഡ നേരിടുന്ന ശാരീരിക മാനസിക പ്രശ്നങ്ങൾ അതിമനോഹരമായി കഥയിലൂടെ ഈ കുരുന്നുപ്രതിഭ വർണിച്ചിരിക്കുന്നു. നേരത്തേ കരുതിവെച്ച ഓക്സിജൻ കുട്ടികൾ ഉപയോഗിച്ച് തീർക്കുന്നതോടെ എസ്മറാൾഡയ്ക്ക് ശ്വസിക്കാൻ ഓക്സിജൻ വീട്ടിലില്ലാതാകുന്നു. തനിക്ക് ശ്വസിക്കാൻ ഓക്സിജൻ വീട്ടിലില്ലെങ്കിലും അത് മക്കളെയും ഭർത്താവിനെയും അറിയിക്കാതെ എസ്മറാൾഡ മനസ്സിൽ കൊണ്ടുനടക്കുന്നു. അവർക്ക് വേണ്ടി സ്വന്തം ജീവൻ നൽകാൻ നിർബന്ധിതയാകുന്നു. രാത്രിയുടെ അന്ത്യയാമങ്ങളിലെപ്പോഴോ ശ്വാസം കിട്ടാതെ പിടയുമ്പോൾ സ്വാർത്ഥമായ പല ചിന്തകളിലൂടെ കടന്നുപോയ എസ്മറാൾഡ കുറ്റബോധത്തോടെ വീട് വിട്ടോടുന്നു. ശ്വാസം നിലയ്ക്കുമ്പോൾ സ്വന്തം ജീവൻ നിലനിർത്താൻ മാത്രമേ മനുഷ്യനെന്ന സ്വാർത്ഥ ജന്മം ശ്രമിക്കുകയുള്ളൂ എന്ന ഭയാനക സത്യം വായനക്കാരിൽ പേടി ഉണർത്തുമെങ്കിലും അമ്മ എന്നത് കരുണയുടെയും കരുതലിന്റെയും മറുവാക്കാണെന്നും സിത്താര ഈ കഥയിലൂടെ നമ്മെ ഓർമ്മിപ്പിക്കുന്നു. ലോകം നേരിടാനൊരുങ്ങുന്ന വലിയൊരു പ്രശ്നത്തെയാണ് സിത്താര ഈ കഥയിലൂടെ ഉദ്ധരിക്കുന്നത്.

2018 നവംബർ മാസത്തിൽ കുടുംബത്തോടൊപ്പം ഡൽഹി സന്ദർശിക്കാൻ പോയപ്പോഴാണ് സിത്താരയുടെ മനസ്സിൽ ഈ കഥയുടെ നാമ്പ് തളിർക്കുന്നത്. ഡൽഹി എയർപോർട്ടിൽ ഇറങ്ങിയപ്പോൾ തൊട്ട് ചുറ്റും കോടമഞ്ഞ് മൂടിയിരിക്കുന്നു. അത് കോടയല്ലെന്നും മറിച്ച് അന്തരീക്ഷത്തിലെ പൊടിപടലങ്ങളും പുകയുമാണെന്നും കാർ ഡ്രൈവർ പറഞ്ഞപ്പോൾ സിത്താരയുടെ കുഞ്ഞുമനസ്സിന് മുറിവേറ്റു. അതേ ദിവസം സിത്താരയുടെ പിതാവ് ശുഹൈബ് ഒരു വീഡിയോ അവളെ കാണിച്ചു. ഡൽഹിയിലെ വായുമലിനീകരണവുമായി ബന്ധപ്പെട്ട ഒരു വീഡിയോ ആയിരുന്നു അത്. ഈ കാഴ്ചകൾ സിത്താരയുടെ മനസ്സിൽ ആഴ്ന്നിറങ്ങി. അതിന്റെ ഫലമായാണ് ഓക്സിജൻ എന്ന ഈ ചെറുകഥ രൂപപ്പെട്ടത്. ഫേസ്ബുക്കിലൂടെ പങ്കുവെച്ച ഈ കഥയെ അഭിനന്ദിച്ച് അംബികാസുതൻ മാങ്ങാട് അടക്കമുള്ള സാഹിത്യകാരന്മാർ രംഗത്തെത്തിയിരുന്നു. പുതിയ അധ്യയന വർഷത്തിലേക്ക് കടന്ന എല്ലാ വിദ്യാർഥികൾക്കും എഴുതാനും ചിന്തിക്കാനുമുള്ള പ്രചോദനമാണ് സുഹ്റത്ത് സിത്താര ഈ കഥയിലൂടെ നൽകുന്നത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *